ഗുജറാത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വെയര്‍ഹൗസുകള്‍ സ്വന്തമാക്കാൻ അഡാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ (സെസ്) ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്ത് ഹൈക്കോടതി അഡാനിക്ക് അനുകൂലമായി വിധിപറഞ്ഞെങ്കിലും സുപ്രീം കോടതി ഇത് റദ്ദാക്കുകയായിരുന്നു.
മുന്ദ്രാ തുറമുഖത്തിനുള്ളിലെ കേന്ദ്ര വെയര്‍ഹൗസിങ് കോര്‍പറേഷ(സിഡബ്ല്യുസി)ന്റെ ഉടമസ്ഥതയിലുള്ള 34 ഏക്കര്‍ ഭൂമിയാണ് അഡാനി കൈവശപ്പെടുത്താന്‍ ശ്രമിച്ചത്. അഡാനി പോര്‍ട്സിന്റെ മേഖലയ്ക്കുള്ളിലായതിനാല്‍ ഭൂമി തങ്ങളുടേതാണെന്നായിരുന്നു അഡാനിയുടെ വാദം.
സിഡബ്ല്യുസിയുടെ രണ്ട് വെയര്‍ഹൗസുകളില്‍ അഡാനി ഗ്രൂപ്പ് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്ന് 2017ലാണ് തര്‍ക്കം ഉടലെടുത്തത്. സെസ് വരുന്നതിന് മുമ്പുള്ള വെയര്‍ഹൗസുകള്‍ 2006ല്‍ സെസിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ ഈ തീരുമാനം പിന്‍വലിക്കാനും വെയര്‍ഹൗസുകള്‍ അവിടെനിന്ന് മാറ്റാനും സിഡബ്ല്യുസി ആവശ്യപ്പെട്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ അഡാനിയെ പിന്തുണയ്ക്കുകയായിരുന്നു. വിഷയം അഞ്ച് വര്‍ഷം കോടതി നടപടികളില്‍ കുടുങ്ങി. അവസാനം സുപ്രീം കോടതി സിഡബ്ല്യുസിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു.
2001ലാണ് സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് മാരിടൈം ബോര്‍ഡ് ന്യൂ മുന്ദ്രാ തുറമുഖ പരിധിക്കുള്ളിലെ അവികസിത ഭൂമി 30 വർഷത്തേക്ക് അഡാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകിയത്.
2004 ജൂണ്‍ രണ്ടിന് ഗുജറാത്ത് അഡാനി പോര്‍ട്ട് ലിമിറ്റഡ് (ജിഎപിഎല്‍) 34 ഏക്കര്‍ ഭൂമി ഭക്ഷ്യധാന്യങ്ങൾ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ശേഖരിക്കാനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സിഡബ്ല്യുസിക്ക് കീഴ്പ്പാട്ടത്തിനു കൊടുത്തു.
ഒക്ടോബറോടെ 33,000 മെട്രിക് ടണ്‍ വീതം സംഭരണശേഷിയുള്ള രണ്ട് വെയര്‍ഹൗസുകള്‍ സിഡബ്ല്യുസി സജ്ജീകരിച്ചു. ഇതിനായി 8.29 കോടി ചെലവാക്കുകയും ചെയ്തു.
അതിനിടെ, 2005ൽ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലൂടെ ‘പ്രത്യേക സാമ്പത്തിക മേഖലകൾ’ (സെസ്) എന്ന ആശയം സൃഷ്ടിച്ചു. 2006 ജൂൺ 23ന് ഈ നിയമത്തിന് കീഴിലുള്ള വിജ്ഞാപന പ്രകാരം സിഡബ്ല്യുസിയുടെ വെയർഹൗസുകൾ നിലനിന്നിരുന്ന ഭൂമി ഉൾപ്പെടെ, മുന്ദ്രാ തുറമുഖത്തിന് ചുറ്റും ഒരു വലിയ പ്രദേശം ‘സെസ്’ ആയി. 2017 ജനുവരി അഞ്ചിന്, ജിഎപിഎല്ലിന്റെ പിന്‍ഗാമിയായ അഡാനി പോർട്സ് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിഡബ്ല്യുസിയെ അറിയിച്ചു. സിഡബ്ല്യുസി ജീവനക്കാർക്കും വാഹനങ്ങൾക്കും ഗേറ്റ് പാസ് നൽകില്ലെന്നും സൈറ്റിലെ വെയർഹൗസിങ് പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് വിഷയം ഹൈക്കോടതിയില്‍ എത്തിയത്. അടുത്തവാദം കേള്‍ക്കും വരെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സിഡബ്ല്യുസിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി.
എന്നാല്‍ സിഡബ്ല്യുസിയുടെ ആവശ്യം രണ്ടാമതും വാണിജ്യ മന്ത്രാലയം നിരസിച്ചു. തുടര്‍ന്ന് ഹൈക്കോടതി അഡാനിക്ക് അനുകൂല വിധി പുറപ്പെടുവിക്കുകയുമായിരുന്നു. 2022 ഒക്ടോബർ 13ന് സുപ്രീം കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു. ഇന്ത്യന്‍ കോടതികളിലെ നിയമപോരാട്ടത്തിൽ അഡാനി ഗ്രൂപ്പ് തോൽവി നേരിട്ട അപൂർവ സംഭവമായിരുന്നു ഇത്. അതേസമയം കേസ് വീണ്ടും പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി കീഴ‌്ക്കോടതിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതിനാല്‍ വിഷയത്തില്‍ ഇതുവരെ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.