രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്നിയെന്ന് അഭിസംബോധന ചെയ്ത കോൺഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിക്കെതിരേ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധവുമായി ഭരണപക്ഷം. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലാണ് അധിർ രഞ്ജൻ ചൗധരിയുടെ പരാമർശം. രാവിലെ സഭ ചേരുന്നതിന് മുമ്പുതന്നെ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വാർത്താ സമ്മേളനം നടത്തി.
ലോക്‌സഭയിൽ സ്മൃതി ഇറാനിയും രാജ്യസഭയിൽ ധനമന്ത്രി നിർമ്മലാ സീതാരാമനും വിഷയം ഉന്നയിച്ചു. കഴിഞ്ഞ ദിവസം വിജയ്‌ചൗക്കില്‍ നടന്ന പ്രതിഷേധത്തിനിടെ തനിക്കുണ്ടായത് നാക്കുപിഴയാണെന്ന് ചൗധരി വ്യക്തമാക്കിയിരുന്നു. പിഴവില്‍ മാപ്പു ചോദിക്കുന്നുവെന്നും ഏതെങ്കിലും വിധത്തില്‍ രാഷ്ട്രപതിയെ അത് വേദനിപ്പിച്ചെങ്കില്‍ നേരില്‍ കണ്ട് മാപ്പു ചോദിക്കാന്‍ ഒരുക്കമാണെന്നും ചൗധരി വ്യക്തമാക്കി.
എന്നാല്‍ സര്‍ക്കാരിനെതിരായി തുടരുന്ന പ്രതിപക്ഷ പ്രതിഷേധത്തിന് തടയിടാന്‍ ഭരണപക്ഷം ഇത് ആയുധമാക്കുന്ന കാഴ്ചയാണ് ഇരുസഭകളിലും അരങ്ങേറിയത്. കോണ്‍ഗ്രസിനു വേണ്ടി സോണിയ മാപ്പു പറയണമെന്നും അവരുടെ അനുമതിയോടെയാണ് ഇത്തരമൊരു സ്ത്രീവിരുദ്ധ, ആദിവാസി വിരുദ്ധ പരാമര്‍ശം നടത്തിയതെന്നും മന്ത്രി പറഞ്ഞതോടെ ബഹളത്തില്‍ മുങ്ങിയ സഭ നിര്‍ത്തിവച്ചു. സഭ പിരിഞ്ഞ ശേഷം നടുത്തളം കടന്ന് മുന്നോട്ടു പോയ സോണിയ, ബിജെപി അംഗം രമാ ദേവിയോട് താന്‍ എന്തു തെറ്റാണ് ചെയ്തതെന്നും ചൗധരി ഇതിനകം മാപ്പു പറഞ്ഞെന്നും വ്യക്തമാക്കി.
ഇതോടെ ബിജെപി അംഗങ്ങള്‍ സോണിയയെ വളഞ്ഞു. ഞാനാണ് നിങ്ങളുടെ പേരു പരാമര്‍ശിച്ചതെന്ന ഇറാനിയുടെ വാക്കുകള്‍ക്ക് എന്നോട് മിണ്ടരുതെന്ന സോണിയയുടെ വാക്കുകളോടെ രംഗം വഷളായി. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ സോണിയയെ അനുനയിപ്പിച്ച് പാര്‍ലമെന്റ് മന്ദിരത്തിനു പുറത്തെത്തിക്കുകയായിരുന്നു. സംഭവത്തില്‍ സോണിയയെ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് പരാതി നല്‍കി. വിഷയം പ്രിവിലേജ് കമ്മിറ്റി പരിഗണിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ജനശബ്ദം അടിച്ചമര്‍ത്തുന്ന കേന്ദ്രനയത്തിനെതിരെ പ്രതിപക്ഷ എംപിമാരുടെ സമരം തുടരുന്നതിനിടെ രാജ്യസഭയിലെ മൂന്ന് എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. രാജ്യസഭ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് ആണ് നടപടി പ്രഖ്യാപിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇരുസഭകളും ഇന്നലെയും സ്തംഭിച്ചു. ആം ആദ്മി പാര്‍ട്ടി എംപിമാരായ സുശീല്‍ കുമാര്‍ ഗുപ്ത, സന്ദീപ് കുമാര്‍ പാഠക്, സ്വതന്ത്രനായ അജിത് കുമാര്‍ ബോയ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞദിവസം രാജ്യസഭയില്‍ സിപിഐ അംഗം പി സന്തോഷ് കുമാര്‍ ഉള്‍പ്പെടെ 23 എംപിമാരെയും ലോക്‌സഭയിലെ നാലു എംപിമാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ പാര്‍ലമെന്റില്‍ നടപടി നേരിട്ട എംപിമാരുടെ എണ്ണം 27 ആയി. രാജ്യസഭ ആദ്യം 12നും പിന്നീട് രണ്ട്, മൂന്ന്, നാല് എന്നീ സമയക്രമങ്ങളിലും സമ്മേളിച്ചു പിരിയുകയാണുണ്ടായത്. എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ മാത്രമേ വിലക്കയറ്റ ചര്‍ച്ചകളുമായി സഹകരിക്കൂ എന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചിട്ടുണ്ട്.
പ്ലക്കാര്‍ഡുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയ പാര്‍ലമെന്റ് അങ്കണത്തില്‍ ഭരണപക്ഷ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധം സംഘടിപ്പിച്ചത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതായി. രാവിലെ പതിനൊന്നിനു ചേര്‍ന്ന ലോക്‌സഭ ആദ്യം 12 വരെയും പിന്നീടു നാലുവരെയും നിര്‍ത്തിവച്ചു. പിന്നീട് ചേര്‍ന്ന സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ആഞ്ഞടിച്ചതോടെ സഭ ഇന്നത്തേക്കു പിരിയുകയാണുണ്ടായത്.
English summary; Adhir Ranjan called president; Government as a weapon
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.