20 November 2024, Wednesday
KSFE Galaxy Chits Banner 2

ആദിത്യ എല്‍ 1: ഇന്ത്യക്ക് ആഹ്ലാദം, അഭിമാനം

Janayugom Webdesk
January 8, 2024 5:00 am

ഇന്ത്യയുടെ പ്രഥമ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ 1 ലക്ഷ്യസ്ഥാനത്ത് വിന്യസിക്കപ്പെട്ടതോടെ ഈ രംഗത്ത് ലോകരാഷ്ട്രങ്ങളുടെ മുൻനിരയിലാണ് രാജ്യത്തിന്റെ സ്ഥാനം. യൂറോപ്പ്, യുഎസ്, ജപ്പാൻ, ചൈന എന്നിവയ്ക്കൊപ്പമാണ് തന്ത്രപ്രധാനമായ ഈ ശാസ്ത്രമേഖലയിൽ ഇന്ത്യ നിലയുറപ്പിച്ചിരിക്കുന്നത്. 2008 ജനുവരിയിൽ തുടക്കംകുറിച്ച പദ്ധതിയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന(ഐഎസ്ആർഒ)യുടെ നേതൃത്വത്തിൽ നടന്ന, രാജ്യത്തെ ശാസ്ത്രസാങ്കേതിക രംഗങ്ങളിലെ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും എന്‍ജിനീയർമാരുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ യത്നത്തെ കാൽനൂറ്റാണ്ട് പൂർത്തിയാവുമ്പോൾ ഫലപ്രാപ്തിയുടെ പടിവാതിലിൽ എത്തിച്ചിരിക്കുന്നത്. വിഭാവനം ചെയ്തിരിക്കുംവിധം അടുത്ത അഞ്ചുവർഷംകൊണ്ട് ദൗത്യം വിജയകരമായി പൂർത്തിയാക്കുമ്പോൾ ഇന്ത്യക്ക് മാത്രമല്ല മനുഷ്യരാശിക്കാകെ പ്രയോജനപ്രദമാകുന്ന മഹത്തായ ശാസ്ത്രസംരംഭമായി അത് ചരിത്രത്തിൽ ഇടംപിടിക്കും. മനുഷ്യരാശിക്കുമാത്രമല്ല ഭൂമണ്ഡലത്തിലെ സമസ്ത ജീവജാലങ്ങൾക്കും, ജീവന് ആധാരമായ പാരിസ്ഥിതിക സവിശേഷതയ്ക്കുതന്നെയും വെല്ലുവിളി ഉയർത്തുന്ന ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, മാരകങ്ങളായ ആകാശകിരണങ്ങളും വാതകങ്ങളും തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങൾക്കും ഉത്തരം കണ്ടെത്താനും ഈ സൗരപര്യവേക്ഷണം സഹായകമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1962ൽ സ്ഥാപിതമായ ‘ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ചും’ അതേവർഷം സ്ഥാപിതമായ തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനുമാണ് രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങൾക്ക് അടിത്തറ പാകിയത്.

തുമ്പ സ്റ്റേഷന് കളമൊരുക്കി നൽകിയ കേരളത്തിന് ആറുപതിറ്റാണ്ട് പിന്നിട്ട രാജ്യത്തിന്റെ ബഹിരാകാശ ശാസ്ത്രഗവേഷണത്തിൽ നാളിതുവരെ നൽകിപ്പോന്ന വിലപ്പെട്ട സംഭാവനകളിൽ അഭിമാനിക്കാൻ ഏറെ വകയുണ്ട്. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ തുടങ്ങി സമസ്ത പ്രപഞ്ച‑പ്രകൃതിപ്രതിഭാസങ്ങളെക്കുറിച്ചും മനുഷ്യൻ കാലാകാലങ്ങളായി വച്ചുപുലർത്തിപോന്നിരുന്ന ധാരണകളെയും അന്ധവിശ്വാസങ്ങളെയും ശാസ്ത്രം ഒന്നൊന്നായി റദ്ദാക്കി, യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിലേക്ക് നയിക്കുന്ന പ്ര ക്രിയയെയാണ് പുരോഗതിയെന്ന് വിളിക്കുന്നത്. എന്നാൽ ആ പുരോഗതിയെയും അതിനാധാരമായ ശാസ്ത്രയാഥാർത്ഥ്യങ്ങളെയും അംഗീകരിക്കാൻ ദുർവാശിയോടെ വിസമ്മതിക്കുന്ന ഒരുവിഭാഗം എല്ലാ സമൂഹങ്ങളിലുമുണ്ട്. അത്തരക്കാർ സമൂഹത്തിനുമേൽ ആധിപത്യം പുലർത്തുകയും സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും നിയന്താക്കളായി മാറുകയും ചെയ്യുന്നതിനെ യാഥാസ്ഥിതികത്വം എന്ന വാക്കുകൊണ്ട് നിർവചിക്കാനാവില്ല. അത്തരം അവസ്ഥയെയാണ് പ്രതിലോമകരം എന്ന് വിളിക്കുന്നത്. ദൗർഭാഗ്യവശാൽ ഇന്ത്യയടക്കം പല രാഷ്ട്രങ്ങളും അത്തരം വെല്ലുവിളികളെയാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. ഗോമൂത്ര ചികിത്സ, പുഷ്പകവിമാനം, കൃത്രിമ ഗർഭധാരണം, പ്ലാസ്റ്റിക് സർജറി തുടങ്ങി പുരാണേതിഹാസങ്ങളിലും മറ്റുമുള്ള ആഖ്യാനങ്ങൾ നമ്മുടെ ശാസ്ത്ര വ്യവഹാരങ്ങളിൽപ്പോലും മേൽക്കെെനേടുന്നതും ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന്റെ നടത്തിപ്പുതന്നെ പ്രതിസന്ധിയിലുമായ ഘട്ടത്തിലാണ് ആദിത്യ എൽ 1 വിജയകരമായ ഒരു ഘട്ടം കടന്ന് അന്തിമ ദൗത്യത്തിലേക്ക് നീങ്ങുന്നത്. അത് എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരവും ആഹ്ലാദപ്രദവുമായ നിമിഷമാണ്. അതിന്റെ പിന്നിൽ പ്രവർത്തിച്ച ഓരോ പ്രതിഭയും ഓരോ ഇന്ത്യക്കാരന്റെയും അഭിനന്ദനം അർഹിക്കുന്നു.


ഇതുകൂടി വായിക്കൂ:  ‘രാജ്യത്തിന് അഭിനന്ദനങ്ങള്‍’


രാഷ്ട്രത്തിന്റെ ഈ അഭിമാന മുഹൂർത്തത്തിൽ അത് പ്രഖ്യാപിക്കാൻ അർഹരായ ശാസ്ത്രലോകത്തെ അപ്പാടെ അവഗണിച്ച് , സ്വന്തം അവകാശവും നേട്ടവുമാക്കാൻ ശ്രമിച്ച പ്രധാനമന്ത്രിയുടെ നടപടി അല്പത്തവും ആ പദവിക്ക് ഉണ്ടായിരിക്കേണ്ട മഹത്തായ രാഷ്ട്രതന്ത്രജ്ഞതയുടെ അഭാവവുമാണ് തുറന്നുകാട്ടുന്നത്. ഇന്ത്യയുടെ ബഹിരാകാശ ശാസ്ത്ര പ്രയാണത്തിലും വികാസത്തിലും കേരളം സുപ്രധാന പങ്കാണ് നിർവഹിച്ചുപോന്നത്. ബഹിരാകാശ ഗവേഷണം അതിന്റെ ശാസ്ത്ര‑സാങ്കേതിക നിർവഹണം എന്നിവയിൽ ചരിത്രത്തിലുടനീളം സംസ്ഥാനത്തുനിന്നുള്ള മനുഷ്യവിഭവശേഷി പരമോന്നത നേതൃത്വം മുതൽ എല്ലാതലത്തിലും അഭിമാനകരമായ പങ്കും സംഭവനയുമാണ് നല്കിപ്പോന്നിട്ടുള്ളത്. അത് വിശാലമായ അർത്ഥത്തിൽ കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും അക്കാദമികവുമായ വളർച്ചയെയും വികാസത്തെയും മികവിനെയും കൂടിയാണ് അടയാളപ്പെടുത്തുന്നത്.

ആദിത്യ എൽ 1ന്റെ വിജയത്തിൽ കേരളത്തിലെ പൊതുമേഖലാ സംരംഭങ്ങളുടെ കയ്യൊപ്പും പതിഞ്ഞിട്ടുണ്ടെന്നത് സംസ്ഥാനത്തെ കൂടുതൽ അഭിമാനഭരിതമാക്കുക സ്വാഭാവികം മാത്രം. സംസ്ഥാനത്തെ പൊതുമേഖലാ സംരംഭങ്ങളായ കെൽട്രോൺ, സ്റ്റീൽ ആന്റ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡ് (എസ്ഐഎഫ്എൽ), ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടിസിസി), കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡ് (കെഎഎൽ) എന്നിവ നിർമ്മിച്ചുനൽകിയ വിവിധ ഘടകങ്ങൾ ആദിത്യ എൽ 1 വിജയത്തിൽ വഹിച്ച പങ്ക് കേരളത്തിന്റെ പൊതുമേഖലാ സംരംഭങ്ങളുടെ തൊപ്പിയിലെ പൊൻതൂവലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.