വെെക്കം മുഹമ്മദ് ബഷീര്‍ എന്ന മഹാപ്രതിഭയുടെ വിഖ്യാത കഥാപാത്രമാണ് എട്ടുകാലി മമ്മൂഞ്ഞ്. നാട്ടില്‍ ഏതു സ്ത്രീ ഗര്‍ഭിണിയാണെന്നറിഞ്ഞാലും ഒരുളുപ്പുമില്ലാതെ അഭിമാന വിജൃംഭിതനായി മമ്മൂഞ്ഞ് അവകാശപ്പെടും ‘അത് ഞമ്മളാണ്!’ ഇനിയും എട്ടുകാലി മമ്മൂഞ്ഞുമാര്‍ പുനരവതരിക്കുമെന്ന് ക്രാന്തദര്‍ശിയായ ബഷീര്‍ കണക്കുകൂട്ടിയിട്ടുണ്ടാകും. ബേപ്പൂര്‍ സുല്‍ത്താന് തെറ്റിയില്ല. ദേ, എട്ടുകാലി മമ്മൂഞ്ഞിന്റെ അവതാരം മോഡിയിലൂടെ പുനര്‍ജനിച്ചിരിക്കുന്നു. ഇന്ത്യയ്ക്കുള്ളിലെവിടെയോ ഉള്ള വനങ്ങള്‍ ബോംബുചെയ്ത് നശിപ്പിച്ചിട്ട് ആ ചിത്രങ്ങള്‍ കാട്ടി മോഡി പറയും ഇന്ത്യന്‍ വ്യോമസേന ഇതാ പാകിസ്ഥാന്റെ സെെനികത്താവളങ്ങള്‍ നശിപ്പിച്ചിരിക്കുന്നു. ശൂന്യകാശ ശാസ്ത്രജ്ഞന്മാരുടെ അര്‍പ്പണബോധത്തോടെയുള്ള അധ്വാനത്തിന്റെ ഫലമായി വിക്ഷേപണവാഹനം ചന്ദ്രനില്‍ ഇറങ്ങിയപ്പോഴും മോഡി പറഞ്ഞു; അതു ഞമ്മളാണ്. ഇപ്പോഴിതാ ഇന്ത്യന്‍ ഉപഗ്രഹം 15 ലക്ഷം കിലോമീറ്റര്‍ താണ്ടി സൂര്യന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചപ്പോഴും മോഡി ആര്‍പ്പുവിളിക്കുന്നു; ‘അതും ഞമ്മളാണ്.’ ഈ ശൂന്യാകാശ വിജയത്തെക്കുറിച്ച് ലോകത്തെ അറിയിക്കാന്‍ ‘ഇസ്രോ’ ചെയര്‍മാനും മലയാളിയുമായ സോമനാഥിനെപ്പോലും അനുവദിച്ചില്ല. അതിന് ഞമ്മളുണ്ടല്ലോ ഇവിടെയെന്ന് മോഡി മമ്മൂഞ്ഞ്. അയോധ്യയിലെ ശ്രീരാമപ്രതിഷ്ഠ നടത്തുന്നതും ഞമ്മളാണ്.
എന്നാല്‍ സന്യാസിവര്യന്മാരുടെ ഒരു പട തന്നെ ഇതിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നു. അയോധ്യയിലെ സന്യാസിശ്രേഷ്ഠന്മാര്‍ ഒറ്റയ്ക്കും കൂട്ടായും പുറപ്പെടുവിച്ച പ്രസ്താവനകളില്‍ ഭാര്യയെ പരിത്യജിച്ച മോഡി എന്ന അവലക്ഷണം പ്രതിഷ്ഠാകര്‍മ്മം നടത്തുന്നത് ഹിന്ദു ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അലമുറയിടുന്നു. ഏറ്റവും ഒടുവിലിതാ പുരി ഗോവര്‍ധന പീഠത്തിലെ ശങ്കരാചാര്യരായ സ്വാമി നിശ്ചലാനന്ദ സരസ്വതികള്‍ തന്നെ പറയുന്നത് ഹിന്ദുമതാചാര വിരുദ്ധനായ മോഡിയെക്കൊണ്ട് പ്രതിഷ്ഠ നടത്തിക്കുന്നത് അയോധ്യയിലെ രാമനെത്തന്നെ നിസംഗഭാവത്തിലാഴ്ത്തുമെന്നാണ്. ക്ഷേത്രത്തിനുതന്നെ ഭാവിയില്‍ ആപത്തുകള്‍ വരുത്തിവയ്ക്കുമെന്നും ശങ്കരാചാര്യര്‍ പ്രവചിക്കുന്നു. ശ്രീരാമക്ഷേത്രത്തിന് തുടക്കം കുറിച്ചുകൊണ്ട് ബാബറി പള്ളി തകര്‍ത്ത് ശിലാന്യാസം നടത്തിയ എല്‍ കെ അഡ്വാനിയെപ്പോലും നാലയലത്ത് അടുപ്പിക്കാതെയാണ് മമ്മൂഞ്ഞിന്റെ പ്രാണപ്രതിഷ്ഠാകര്‍മ്മം. എന്നിട്ട് അയോധ്യയില്‍ നിന്ന് മോഡി വിളിച്ചു കൂവും; ‘ഇത് മോഡിയുടെ കരണ്ടി!’ ഇതുപറഞ്ഞപ്പോഴാണ് കഴിഞ്ഞ ദിവസം തേക്കിന്‍കാട് മെെതാനത്തെ മോഡിയുടെ ‘കരണ്ടി‘കള്‍ ഓര്‍മ്മ വന്നത്. ചെയ്യാനിരിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം ഞാന്‍ മോഡിയാണ് കരണ്ടി എന്ന പ്രഖ്യാപനം കേട്ടിരുന്ന ഒരു കുട്ടി അമ്മയോട് ചോദിച്ചുവത്രെ.
മോഡിയുടെ ഇത്രയും കരണ്ടികള്‍ ആരാണ് മോഷ്ടിച്ചത് മമ്മി. ആ കരണ്ടികള്‍ പാവത്തിന് തിരിച്ചുകൊടുക്കാന്‍ പറയൂ അമ്മേ. താന്‍ അധികാരത്തില്‍ വന്നാല്‍ ഇന്ത്യയിലെ ഓരോ പൗരനും 15 ലക്ഷം രൂപയുടെ വിദേശ കള്ളപ്പണം പിടിച്ചെടുത്തു നല്കും. ഇത് മോഡിയുടെ ‘കരണ്ടി‘യാണ്. പെട്രോള്‍ വില എക്കാലവും ലിറ്ററിന് 50 രൂപയായി നിലനിര്‍ത്തും. കാലണയുടെ കള്ളപ്പണം പിടിച്ചെടുത്തുമില്ല. പെട്രോള്‍ വില 115 രൂപയുമായി. അതാണ് മോഡിയുടെ കരണ്ടി. ‘കരളിലെ മോഹവും കടലിലെ ഓളവും അടങ്ങുകില്ലോമനേ അടങ്ങുകില്ല.’ എന്ന വയലാറിന്റെ നാവേല്‍പ്പാട്ടിലെ മോഹങ്ങള്‍ ഒരിക്കലുമടങ്ങാത്ത ചില രാഷ്ട്രീയ ജന്മങ്ങളുണ്ട്. ആ ജന്മങ്ങളുടെ നായകനാണ് പണ്ടത്തെ പോത്തന്‍കോട് കൊടിക്കുന്നില്‍ മണിയന്‍ എന്ന കൊടിക്കുന്നില്‍ സുരേഷ്. എ കെ ആന്റണിയുടെ വത്സലശിഷ്യന്‍. ആന്റണിയുടെ ശാഠ്യത്തില്‍ 1989ല്‍ ലോക്‌സഭാ സീറ്റ് തരപ്പെടുത്തിക്കിട്ടിയതാണ്. കൊടിക്കുന്നിലിന് സീറ്റെങ്കില്‍ തന്റെ പുത്രന്‍ കെ മുരളീധരനും ഒരു സീറ്റെന്ന് വാദിച്ച് കെ കരുണാകരനും മകന് ഒരു സീറ്റ് സംഘടിപ്പിച്ചെടുത്തു. 29 വര്‍ഷം ലോക്‌സഭാംഗമായി. കേന്ദ്ര സഹമന്ത്രിയുമായി. മന്ത്രിയായിരുന്നപ്പോള്‍ ചില ഇടപാടുകള്‍ വഴി തലയിലേറ്റിയ വിവാദം വേറെ. ഉണ്ട ചോറിനോടുപോലും കൂറു കാണിക്കാത്ത കൊടിക്കുന്നില്‍ മണിയന്റെ പട്ടിണി നിറഞ്ഞ ബാല കൗമാരകാലം. പട്ടിണിയകറ്റാന്‍ തന്റെ റേഷന്‍കടയില്‍ നിന്ന് ആവോളം സാധനങ്ങള്‍ അരിയും ഗോതമ്പുമൊക്കെയായി നല്കിയിരുന്നത് കോണ്‍ഗ്രസ് അസീസ് എന്ന കലൂര്‍ അസീസ്. കൊടിക്കുന്നില്‍ മണിയന്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയായ ശേഷം തനിക്ക് ഒരു ഗ്യാസ് കണക്ഷന് വേണ്ടി സമീപിച്ചു. അന്ന് എംപി ക്വാട്ടയില്‍ ഗ്യാസ് കണക്ഷന്‍ നല്കുമായിരുന്നു. കൊട്ടാരക്കരയിലെ വസതിയില്‍ എംപി സദനത്തില്‍ ചെന്നുകണ്ടാണ് അപേക്ഷ നല്കിയത്. 29 വര്‍ഷമായി ഇതുവരെ ആ ഗ്യാസ് കണക്ഷന്‍ കൊല്ലൂര്‍ അസീസിന് കിട്ടിയിട്ടില്ല. ഉണ്ട ചോറിനോട് മാത്രമല്ല ജനിച്ച സമുദായത്തോടുപോലും കൂറുകാണിച്ചിട്ടില്ല ഈ നേതൃമ്മന്യന്‍.
ജീവിതത്തിലുടനീളം കാപട്യങ്ങളുടെ ചടുലമാലകള്‍ എടുത്തണിഞ്ഞ കൊടിക്കുന്നിലിന് ലോക്‌സഭ മടുത്തു. ഇനി നിയമസഭയിലേയ്ക്ക് മത്സരിക്കണമെന്നാണ് മോഹം. തീര്‍ന്നില്ല ഇനി സംസ്ഥാന മന്ത്രിയും എംഎല്‍എയുമാകണം. ഇതൊന്നുമില്ലെങ്കില്‍ കെപിസിസി പ്രസിഡന്റെങ്കിലുമാകണം. ഇനി ലോക്‌സഭയിലേയ്ക്ക് മാവേലിക്കരയില്‍ മത്സരിച്ചാല്‍ തോറ്റ് മണ്ണ് കപ്പും എന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നെെസായ ഈ ചുവടുമാറ്റം. അതാണ് കൊടിക്കുന്നില്‍ തമ്പുരാന്റെ മോഹപതംഗങ്ങള്‍. കാര്യസാധ്യത്തിനായി ദളിത് വജ്രായുധവും എടുത്തു ചുഴറ്റുമെങ്കിലും ഇത്തവണ പണി പാളുമെന്നുറപ്പ്. നമ്മുടെ കോടതികള്‍ വലിയ തമാശക്കാരാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ലെെംഗികതൃഷ്ണ നിയന്ത്രിക്കണമെന്നാണ് കൊല്‍ക്കത്ത ഹെെക്കോടതിയുടെ അഭിപ്രായം. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായ പയ്യനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധിക്കിടെയായിരുന്നു ബഹു. കോടതിയുടെ സാരോപദേശം. ഇതു കേട്ടാല്‍ തോന്നും മാന്ത്രികവടി വീശുമ്പോള്‍ ലെെംഗികതൃഷ്ണ വാ, ലെെംഗിക തൃഷ്ണ പോ എന്നു പറയുന്നതുപോലെ ഒരു നിയന്ത്രണം വേണമെന്നാകണം കോടതിയുടെ കരുതലും ജാഗ്രതയും. സ്വിച്ച് ഓണും ഓഫും ചെയ്യുമ്പോള്‍ കത്തുകയും അണയുകയും ചെയ്യുന്ന സംവിധാനമാണ് ലെെംഗികതൃഷ്ണയെന്നും പൊട്ടന്‍ ന്യായാധിപന്മാര്‍ക്ക് തോന്നിക്കാണും. എന്തായാലും സുപ്രീംകോടതി പറഞ്ഞു, ലെെംഗികതൃഷ്ണ അതിന്റെ വഴിക്കുപോകട്ടെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.