സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും എണ്ണമറ്റ പോരാട്ടങ്ങൾക്ക് ധീരമായ നേതൃത്വം നൽകിയ എംഎൻവിജി അടിയോടി ഓർമ്മയായിട്ട് ഇന്നേയ്ക്ക് 15 വർഷമായി. ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ആയി ഔദ്യോഗിക സേവനം ആരംഭിച്ച അടിയോടി കേരള ഗവൺമെന്റ് ഫാർമസിസ്റ്റ് അസോസിയേഷന്റെ സംസ്ഥാന നേതൃത്വത്തിൽ നിരവധി വർഷം പ്രവർത്തിച്ച ശേഷമാണ് ജോയിന്റ് കൗൺസിലുമായി ബന്ധപ്പെട്ട് സർവീസ് മേഖലയിലെ നിറസാന്നിധ്യമായി മാറിയത്. ജോയിന്റ് കൗൺസിൽ, അധ്യാപകസർവീസ് സംഘടനാ സമരസമിതി, ഓള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് കോൺഫെഡറേഷൻ എന്നീ സംഘടനകളുടെയും സംസ്ഥാന, ദേശീയ ഫാർമസി കൗൺസിൽ എന്നീ പ്രൊഫഷണൽ വേദികളുടെയും അമരക്കാരനായി ദീർഘനാൾ അദ്ദേഹം പ്രവർത്തിച്ചു. ജനോപകാരപ്രദവും അഴിമതിരഹിതവുമായ സിവിൽ സർവീസിന് വേണ്ടി ജീവനക്കാരെയും പൊതുജനങ്ങളെയും അണിനിരത്തി 1986 ൽ ജോയിന്റ് കൗൺസിൽ കാസർകോട് നിന്നും തിരുവനന്തപുരം വരെ നടത്തിയ കാൽനടജാഥ സിവിൽ സർവീസിന്റെ ചരിത്രത്തിൽ പുതുമയാർന്നതും കേരളീയസമൂഹത്തില്‍ ഏറെ ശ്രദ്ധിച്ചതും ചർച്ച ചെയ്യപ്പെട്ടതുമായിരുന്നു.
സർക്കാർ ഓഫീസുകളിൽ എത്തുന്ന സാധാരണക്കാരനായ ജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ വേഗത്തിൽ നിറവേറ്റുന്നതിനായി നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും കാലാനുസൃതമായി പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1988 ൽ സിവിൽ സർവീസ് ഉടച്ചുവാർക്കുക എന്ന മുദ്രാവാക്യം ഉയർത്തി ജോയിന്റ് കൗൺസിൽ നടത്തിയ ജാഥയുടെയും നേതൃത്വം അടിയോടിക്കായിരുന്നു. 2002 ൽ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും 32 ദിവസത്തെ പണിമുടക്കിന് മുഴുവൻ സംഘടനകളെയും ഒന്നിച്ച് നിർത്തി ഭരണപ്രതിപക്ഷ ഭേദമില്ലാതെ പോരാട്ടം സംഘടിപ്പിക്കാനും ഭരണാധികാരികളുടെ ഭീഷണിയും കരിനിയമങ്ങളും അറസ്റ്റും പിരിച്ചുവിടലും എല്ലാം നേരിട്ട് സമരരംഗത്ത് മുഴുവൻ ജീവനക്കാരെയും അധ്യാപകരെയും അണിനിരത്താനും അദ്ദേഹം കാണിച്ച അനിതരസാധാരണമായ നേതൃപാടവം കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സമരചരിത്രത്തിൽ പുതിയ ഒരധ്യായമായി ജ്വലിച്ച് നിൽക്കുന്നു. ജീവനക്കാരുടെയും അധ്യാപകരുടെയും അഖിലേന്ത്യാ സംഘടനയായ ഓൾ ഇന്ത്യാ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് കോൺഫെഡറേഷൻ രൂപീകരിക്കുന്നതിനും ഭൂരിപക്ഷ സംസ്ഥാനങ്ങളിലും സംഘടനക്ക് ശക്തമായ സാന്നിധ്യം ഉറപ്പാക്കുന്നതിനും കോൺഫെഡറേഷന്റെ ദേശീയ ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. മൂന്നര പതിറ്റാണ്ട് നീണ്ട ഔദ്യോഗിക സേവനത്തിൽ നിന്നും വിരമിച്ച സ. അടിയോടി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗവുമായിരുന്നു. ആരേയും ആകർഷിക്കുന്ന സൗമ്യമായ പെരുമാറ്റശൈലി, പ്രതിസന്ധികളെ നേരിടാനുള്ള കഴിവ്, ഉദാത്തമായ മനുഷ്യസ്നേഹം എന്നിവക്ക് ഉത്തമ ഉദാഹരണമായിരുന്ന അടിയോടിയുടെ ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ ആദരവോടെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
അഹമ്മദ് കുട്ടി കുന്നത്ത്
ജനറല്‍ സെക്രട്ടറി
എം എന്‍ വിജി അടിയോടി സ്മാരക ട്രസ്റ്റ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.