മായം കലർന്ന മാമ്പഴങ്ങൾ വിപണിയിൽ ഇടംപിടിച്ച് തുടങ്ങി. മാമ്പഴം പഴുപ്പിക്കാൻ കാൽസ്യം കാർബൈഡും എഥിലിനും പ്രയോഗിക്കുന്നത് വ്യാപകമായതോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലത്ത് നിന്നടക്കം ഈ വിഷരാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച മാമ്പഴം ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. കർണാടക, തമിഴ്‌നാട് തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് മായം കലർന്ന മാമ്പഴം കേരളത്തിലേക്ക് ധാരാളമായി എത്തുന്നത്. അധിക വിളവ് ലഭിക്കുന്ന സമയത്ത് പാകമാകാത്ത മാങ്ങ ചെറിയ വിലയ്ക്ക് സംഭരിക്കുന്ന വൻകിട വ്യാപാരികൾ വില ഉയരുമ്പോൾ ഇഷ്ടാനുസരണം പഴുപ്പിക്കുന്നതിനാണ് ഇത്തരം രാസവസ്തുക്കൾ ഉപയോഗിക്കുന്നത്.
മാങ്ങ നിറച്ച പെട്ടികളിൽ കാൽസ്യം കാർബൈഡ് കടലാസ് പൊതികളിലാക്കി വെയ്ക്കുക, മുറിക്കുള്ളിൽ കൂട്ടിയിട്ട മാങ്ങയിൽ വൻതോതിൽ കാർബൈഡ് പൊടി വിതറുക, കാർബൈഡ് ലായനി സ്പ്രേ ചെയ്യുക, എഥിലിൻ പൊടിരൂപത്തിൽ നിറച്ച ചാക്കുകൾ ഉപയോഗിക്കുക തുടങ്ങിയ രീതികളാണ് മാമ്പഴം കൃത്രിമമായി പഴുക്കാനായി ചെയ്യുന്നത്. ഇങ്ങനെ മായം ചേർക്കുന്ന മാങ്ങകൾ ഒരു ദിവസം കൊണ്ട് പഴുത്തു കിട്ടും. കാൽസ്യം കാർബൈഡാണ് പഴങ്ങൾ വേഗം പഴുപ്പിക്കുന്നതിനായി കച്ചവടക്കാർ പലപ്പോഴും ഉപയോഗിക്കുകയെങ്കിലും എഥിലിൻ കണ്ടെത്തിയതിനെ തുടർന്നാണ് ഇതും വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്. മാത്രമല്ല, കച്ചവടക്കാർ ഉപഭോക്താക്കളെ വിശ്വസിപ്പിക്കാൻ വിഷം കുത്തിവെച്ച് പഴുപ്പിച്ച മാങ്ങ വെച്ചിരിക്കുന്ന കുട്ടയിൽ കച്ചിയും നിറച്ചിരിക്കും.
കച്ചിയിൽ വെച്ച് പഴുപ്പിച്ച മാമ്പഴം വിഷരഹിതമായതിനാൽ വിശ്വാസത്തോടെ വാങ്ങിക്കഴിക്കുകയും ചെയ്യും. കിലോയ്ക്ക് 50 രൂപ മുതൽ വിപണിയിൽ മാമ്പഴം ലഭ്യമാണ്. വിളയാത്ത മാമ്പഴം കേരളത്തിനകത്തും പഴുപ്പിക്കുന്നുണ്ട്. കടകളിൽ മാത്രമല്ല വഴിയോരങ്ങളിലും ഇവ സുലഭമാണ്. അതിർത്തി കടന്ന് എത്തുന്ന ഇവ ചെക്ക്പോസ്റ്റുകളിൽ വേണ്ട രീതിയിൽ പരിശോധിക്കാൻ സംവിധാനമില്ലാത്തതിനാലാണ് മായം കലർന്ന ഫലങ്ങൾ കേരളത്തിലേക്ക് ഒഴുകുന്നത്. 2011‑ലെ ഭക്ഷ്യസുരക്ഷയും മാനദണ്ഡങ്ങളും (വിൽപ്പന നിരോധനവും നിയന്ത്രണവും) ചട്ടങ്ങളിൽ പഴങ്ങൾ പഴുക്കുന്നതിൽ കാർബൈഡ് വാതകത്തിന്റെ ഉപയോഗം നിയന്ത്രിച്ചിരുന്നു. പഴങ്ങൾ പഴുപ്പിക്കുന്നതിന് നിയന്ത്രിത അളവിൽ എഥിലിൻ വാതകം ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും എഥിലിൻ പൊടിരൂപത്തിൽ നിറച്ച ചാക്കുകൾ ഉപയോഗിച്ചു പഴങ്ങൾ പഴുപ്പിക്കുന്നത് ആരോഗ്യത്തെ ബാധിക്കും. കാർബൈഡ് അമിത അളവിൽ ഉള്ളിൽ ചെന്നാൽ തലച്ചോറിന്റെ പ്രവർത്തനങ്ങളെയും നാഡീവ്യൂഹത്തെയും തളർത്തും. എഥിലിൻ അധികമായി ഉപയോഗിച്ചു പഴുപ്പിച്ച പഴങ്ങൾ കഴിക്കുന്നത് മൂലം വയറ്റിൽ അൾസർ രൂപപ്പെടാനും അർബുദത്തിനും സാദ്ധ്യതയുണ്ട്.
English Summary: Adulterated mangoes are taking over the market
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.