നിയമത്തിന്റെ വഴിയിലെ തിരക്കുകൾക്കിടയിലും കുട്ടികളുടെ സിനിമയ്ക്കായി ജീവിതം സമർപ്പിച്ച സംവിധായകനായിരുന്നു അഡ്വ. കെ എ ദേവരാജൻ. പൂമഴ, മയിൽപ്പീലി, സ്നേഹപൂർവം, അനുയാനം, ചപ്പാണി, ഗോപുരം, ഗ്രാമത്തിൽ നിന്നുള്ള വണ്ടി, പാവ, ചിത്രശലഭങ്ങൾ തുടങ്ങിയ ചിത്രങ്ങളെല്ലാം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അംഗീകരിക്കപ്പെട്ടു. 1981 ൽ താഴ് വരയെന്ന ചിത്രത്തിലൂടെയായിരുന്നു പ്രശസ്ത അഭിഭാഷകനും നിയമവിദഗ്ധനുമായ കെ എ ദേവരാജന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. സായുധ വിപ്ലവത്തിന്റെ നിരർത്ഥകതയും നിഷപ്രയോജനവും വരച്ചു കാട്ടിയ ചിത്രം പക്ഷെ നിർഭാഗ്യവശാൽ പുറത്തിറങ്ങിയില്ല. എന്നാൽ പിന്നാലെ പുറത്തിറങ്ങിയ കുട്ടികളുടെ ചിത്രങ്ങളെല്ലാം ശ്രദ്ധനേടി.
പിതാവിന്റെ മരണത്തോടെ അനാഥരാവുന്ന മായയ്ക്കും അമ്മുവിനും തുണയാകുന്ന കാലിന് മുടന്തുള്ള ചപ്പാണിയുടെ കഥയായിരുന്നു ചപ്പാണി എന്ന ചിത്രം. സംവിധായകന്റെ മക്കളായ ദിലീപ് രാജും അപർണയുമായിരുന്നു ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. അവിവാഹിതയായ ലക്ഷ്മിക്കുട്ടിയുടെയും അവരുടെ എട്ടു വയസുള്ള മകന്റെയും കഥയായിരുന്നു ദേവരാജൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാവ എന്ന ചിത്രം. മിനി നായരും ദിലീപ് രാജുമായിരുന്നു അമ്മയും മകനുമായി വേഷമിട്ടത്. ചിത്രശലഭങ്ങൾ എന്ന ചിത്രം പന്ത്രണ്ടിലേറെ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലാണ് പ്രദർശിപ്പിച്ചത്. നടൻ സുധീഷ് ബാലതാരമായി വെള്ളിത്തിരയിലെത്തിയ പൂമഴ ടോക്കിയോ ഫിലിം ഫെസ്റ്റിവലിലും ഫ്രഞ്ച് ബാലചലച്ചിത്ര മേളയിലും അംഗീകാരങ്ങൾ സ്വന്തമാക്കി. മയിൽപ്പീലി എന്ന ചിത്രത്തിലൂടെയാണ് നടി കാവ്യാ മാധവൻ ആദ്യമായി സിനിമയിലെത്തിയത്. നഗരത്തിലെ എല്ലാ വിധ സുഖസൗകര്യങ്ങളും അനുഭവിച്ച് കഴിയുന്ന രോഹിത് എന്ന കുട്ടിയുടെ മനോവ്യാപാരങ്ങളായിരുന്നു ചിത്രം പറഞ്ഞത്. അച്ഛന് സ്ഥലം മാറ്റം കിട്ടിയപ്പോൾ നഗരത്തിൽ നിന്ന് നീലിമല എന്ന വനഗ്രാമത്തിലെത്തുന്ന കുട്ടിയുടെ ജീവിതം അതിമനോഹരമായി ചിത്രം വരച്ചു കാട്ടി. സ്നേഹപൂർവം, അനുയാനം, ഗോപുരം, ഗ്രാമത്തിൽ നിന്നുള്ള വണ്ടി തുടങ്ങിയ കുട്ടികളുടെ ചിത്രങ്ങളും ശ്രദ്ധ നേടി.
വർഷങ്ങൾക്ക് ശേഷം പുതുമുഖം അഭിലാഷ് നായകനായ പരിഭവം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള മടങ്ങിവരവ്. സൈജു കുറുപ്പ്, കൃപ, ലക്ഷ്മി ശർമ്മ, ജഗദീഷ് എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ. മോഹൻലാൽ എഴുതിയ ‘തർപ്പണം’ എന്ന നോവലിനെ അടിസ്ഥാനത്തമാക്കിയായിരുന്നു സ്വപ്നമാളിക എന്ന ചിത്രമൊരുക്കിയത്. എസ് സുരേഷ് ബാബുവായിരുന്നു തിരക്കഥ. മോഹൻലാൽ കഥയെഴുതി അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയുമായി പൂർത്തിയായ ചിത്രം പക്ഷെ പുറത്തുവരാത്തത് സംവിധായകന് തിരിച്ചടിയായി. ഇസ്രയേൽ നടി എലീനയായിരുന്നു ചിത്രത്തിലെ നായിക. അമേരിക്കയിൽ വെച്ച് മലയാളി യുവാവുമായി പ്രണയത്തിലാവുന്ന രാധ കാർമൽ എന്ന കഥാപാത്രമായാണ് ഇവർ വേഷമിട്ടത്. കാമുകൻ മരണപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ചിതാഭസ്മവുമായി വാരാണസിയിലെത്തുന്ന രാധ കാർമൽ ഇവിടെ വെച്ച് മോഹൻലാലിന്റെ അപ്പു നായരെ പരിചയപ്പെടുന്നതോടെയാണ് കഥ വികസിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് പിന്നീട് കാര്യങ്ങൾ കോടതി വ്യവഹാരങ്ങളിലേക്ക് നീങ്ങി. സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചുവെന്ന് ആരോപിച്ച് മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ ദേവരാജൻ നൽകിയ പരാതി കോടതിയുടെ പരിഗണനയിലാണ്. മമ്മൂട്ടിയെ നായകനാക്കി റെയിൻബോ, മുകേഷിനെ നായകനാക്കി സ്പന്ദനം എന്നീ ചിത്രങ്ങൾ പ്രഖ്യാപിച്ചെങ്കിലും ചിത്രീകരണം ആരംഭിക്കാൻ കഴിഞ്ഞില്ല. അച്ചുവിന് സ്നേഹപൂർവം എന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കിടയെയാണ് സംവിധായകന്റെ വിടവാങ്ങൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.