
സിപിഐ ജില്ലാ സെക്രട്ടറിയായി അഡ്വ. പി ഗവാസ് (46) തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. കുറ്റ്യാടി മരുതോങ്കരയ്ക്കടുത്ത് കോതോട് സ്വദേശിയാണ്. എഐഎസ്എഫിലൂടെ പൊതുരംഗത്തെത്തിയ ഗവാസ് എഐഎസ്എഫ്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, നാഷണൽ കൗൺസിൽ അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, സിപിഐ കാവിലുംപാറ ലോക്കൽ സെക്രട്ടറി, നാദാപുരം മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്. ഐഎഎൽ ദേശീയ എക്സിക്യൂട്ടീവ് അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. റഷ്യ, ഇക്വഡോർ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. മോസ്കോയിൽ നടന്ന വേൾഡ് യങ് കമ്മ്യൂണിസ്റ്റ് സംഗമത്തിലും പങ്കെടുത്തു. പാറക്കൽ ഗംഗാധരൻ-പത്മിനി ദമ്പതികളുടെ മകനാണ്. അധ്യാപികയും എകെഎസ‌്ടിയു നേതാവുമായ കെ സുധിനയാണ് ജീവിത പങ്കാളി. മക്കൾ: സെദാൻ ഗസിന്ത്, കലാനി ഗസിന്ത്. കോഴിക്കോട് ബിലാത്തിക്കുളത്താണ് താമസിക്കുന്നത്.
ജില്ലാ സമ്മേളനം നാല് കാൻഡിഡേറ്റ് അംഗങ്ങൾ ഉൾപ്പെടെ 39 അംഗ പുതിയ ജില്ല കൗൺസിലിനെയും 12 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ മൊകേരി, സി കെ ശശിധരൻ, അഡ്വ. പി വസന്തം, ടി വി ബാലൻ, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, സ്ഥാനമൊഴിഞ്ഞ ജില്ലാ സെക്രട്ടറി കെ കെ ബാലൻ തുടങ്ങിയവർ സംസാരിച്ചു. കോഴിക്കോട്ടെ കോമൺവെൽത്ത് നെയ്ത്ത് ഫാക്ടറി സർക്കാർ ഏറ്റെടുത്ത് തുറന്ന് പ്രവർത്തിപ്പിക്കണമെന്നും ഗ്രാസിം ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണവും പ്രതികൂല കാലാവസ്ഥയും കാരണം പൊതുസമ്മേളനവും റെഡ് വോളണ്ടിയർ മാർച്ചും പതാക‑കൊടിമര ജാഥകളും ഒഴിവാക്കി രണ്ടുദിവസത്തെ പ്രതിനിധി സമ്മേളനം മാത്രമാണ് നടത്തിയത്.
സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയായി എൻ അരുണിനെ (41) തെരഞ്ഞെടുത്തു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്, സിപിഐ സംസ്ഥാന കൗൺസിലംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പ്രമുഖ നാടക, സിനിമ സംവിധായകൻ കൂടിയായ അരുൺ കേരള ചലച്ചിത്ര അക്കാദമി അംഗമാണ്. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, ദേശീയ സെക്രട്ടേറിയറ്റംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 2015 മുതൽ 2021 വരെ എഐവൈഎഫ് ജില്ലാ സെക്രട്ടറിയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. എംജി യൂണിവേഴ്സിറ്റി യൂണിയൻ സെക്രട്ടറിയായും പ്രവർത്തിച്ചു. 2017 ൽ ലോക യുവജനോത്സവത്തിൽ പങ്കെടുത്തു. ഏഴ് ഡോക്യുമെന്ററികളും ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. വിദേശ ചലച്ചിത്ര മേളകളിലടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ ‘അവകാശികൾ ’ എന്ന സിനിമ ശ്രദ്ധേയമായിരുന്നു. നിയമ ബിരുദധാരിയായ അരുൺ മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. തൃക്കളത്തൂർ പുതുശ്ശേരിയിൽ കെ നീലകണ്ഠൻ നായർ‑സുശീല ദമ്പതികളുടെ മകനാണ്. ഇരുവരും സിപിഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി അംഗങ്ങളായിരുന്നു. അമ്മ പായിപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജീവിത പങ്കാളി ശാരി അരുൺ അധ്യാപികയാണ്. മകൻ: വിദ്യാർത്ഥിയായ അധ്യുത് അരുൺ.
ഇന്നലെ പൂർത്തിയായ പ്രതിനിധി സമ്മേളനം 56 അംഗ ജില്ലാ കൗൺസിലിനെയും 36 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന കെ എം ദിനകരൻ ചർച്ചകൾക്ക് മറുപടി പറഞ്ഞു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ എം പി, ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, മന്ത്രിമാരായ കെ രാജൻ, ജെ ചിഞ്ചുറാണി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ മുല്ലക്കര രത്നാകരൻ, കെ ആർ ചന്ദ്രമോഹനൻ, ആർ രാജേന്ദ്രൻ, കമല സദാനന്ദൻ, കെ കെ അഷ്‌റഫ് തുടങ്ങിയവർ അഭിവാദ്യം ചെയ്‌തു. സമാപനദിനമായ ഇന്ന് റെഡ് വോളണ്ടിയർ പരേഡും വനിതാ റാലിയും നടക്കും. വൈകിട്ട് അഞ്ചിന് തങ്കളം മൈതാനിയിൽ പൊതുസമ്മേളനം റവന്യു മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.