24 January 2026, Saturday

സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാം വിവാഹം; ഷുക്കൂർ വക്കീലിനെതിരെ ഫത്വ കൗൺസിൽ

Janayugom Webdesk
കോഴിക്കോട്
March 8, 2023 8:13 pm

സിനിമാ താരവും അഭിഭാഷകനുമായ പി ഷുക്കൂറിന്റെ രണ്ടാം വിവാഹത്തിനെതിരേ ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ കൗൺസിൽ ഫോർ ഫത്വ ആന്റ് റിസർച്ച്. ഇസ്ലാം മതാചാര പ്രകാരം നേരത്തെ വിവാഹം ചെയ്ത സ്വന്തം ഭാര്യയെ വീണ്ടും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്ത നടപടിയിലാണ് എതിർപ്പുമായി കൗൺസിൽ ഫോർ ഫത്വ ആന്റ് റിസർച്ച് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെ ഷുക്കൂർ തന്നെയാണ് ഫത്വ കൗൺസിലിന്റെ കുറിപ്പ് പങ്കുവച്ചത്. വിശുദ്ധ ഇസ്ലാം നിഷ്കർഷിച്ച അനന്തരസ്വത്ത് വിഭജനത്തിലെ വ്യവസ്ഥകൾ മറികടക്കാൻ ഒരു വക്കീൽ സ്വന്തം ഭാര്യയെ വീണ്ടും വിവാഹം ചെയ്യുന്നുവെന്ന വാർത്തയാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ സജീവ ചർച്ചാ വിഷയം എന്ന് തുടങ്ങുന്ന ഫത്വ കൗൺസിലിന്റെ കുറിപ്പാണ് ഷുക്കൂർ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചത്.

ഇന്നലെ രാവിലെ 10.15ന് കാഞ്ഞങ്ങാട് ഹോസ്ദുർഗ് സബ് രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു ഷുക്കൂറും മഞ്ചേശ്വരം ലോ ക്യാമ്പസ് ഡയറക്ടറും എംജി സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലറുമായ ഷീനയും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായത്. എന്നാൽ വക്കീൽ നടത്തിയത് വിവാഹ നാടകമാണെന്നാണ് കൗൺസിൽ ഫോർ ഫത്വ ആന്റ് റിസർച്ചിന്റെ വിമർശനം. ഇസ്ലാം മത വിശ്വാസിയെന്ന് അവകാശപ്പെടുന്നയാൾ വിവാഹം രജിസ്റ്റർ ചെയ്തത് വിരോധാഭാസമാണ്. വക്കീലിന്റെ നീക്കങ്ങളെ വിശ്വാസികൾ പ്രതിരോധിക്കുമെന്നും കൗൺസിൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

മരണാനന്തരം മുഴുവൻ സമ്പാദ്യങ്ങളും തന്റെ മൂന്ന് പെൺമക്കൾക്ക് മാത്രം ലഭിക്കാനാണ് വക്കീൽ ഈ വിവാഹ നാടകം നടത്തിയിരിക്കുന്നത്. ഇസ്ലാമിക നിയമങ്ങൾ ജീവിതത്തിൽ മുറപോലെ കൊണ്ടുനടക്കുന്നുവെന്ന് സ്വയം പ്രഖ്യാപിക്കുന്ന വ്യക്തി, സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ചാണ് രണ്ടാം വിവാഹം നടത്തുന്നത് എന്നത് വിരോധാഭാസമാണെന്നും കൗൺസിൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ഇസ്ലാമിലെ അനന്തരാവകാശ നിയമമനുസരിച്ച് മരണപ്പെട്ട പിതാവിന് പെൺമക്കൾ മാത്രമാണെങ്കിൽ സ്വത്തിന്റെ മൂന്നിൽ രണ്ട് ഭാഗമേ ലഭിക്കൂ. ശേഷിക്കുന്നത് പിതാവിന്റെ സഹോദരി സഹോദരന്മാർക്കിടയിൽ വിഭജിക്കണം. ഈ വ്യവസ്ഥ മറികടക്കാനും സ്വത്തിൽ നിന്ന് ഒരംശം പോലും തന്റെ സഹോദരന്മാർക്ക് ലഭിക്കരുതെന്ന സങ്കുചിത ചിന്തയുമാണ് വക്കീലിനെ പുതിയ വിവാഹത്തിന് നിർബന്ധിക്കുന്നതെന്നും കൗൺസിൽ കുറ്റപ്പെടുത്തി. എന്നാൽ താൻ അക്രമിക്കപ്പെട്ടാൽ ഉത്തരവാദിത്വം പ്രതിരോധിക്കാൻ ആഹ്വാനം നടത്തിയവർക്ക് ആയിരിക്കുമെന്ന് ഷുക്കൂർ വക്കീൽ പ്രതികരിച്ചു.

Eng­lish Sum­ma­ry: fat­wa coun­cil against shukkur vak­keel remarriage
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.