ഇന്ത്യന്‍ മരുന്നുനിര്‍മ്മാണ രംഗത്തിന് തിരിച്ചടിയായി കയറ്റുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് മേല്‍ കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തി വിവിധ രാജ്യങ്ങള്‍. കഴിഞ്ഞദിവസം ഏഴ് ഇന്ത്യന്‍ മരുന്നുകള്‍ക്കുമേല്‍ ലോകാരോഗ്യ സംഘടന അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള മരുന്നുകള്‍ ഏറെ കുട്ടികളുടെ മരണത്തിനിടയാക്കിയ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ അടക്കമുള്ളവ അധിക നിരീക്ഷണം ഏര്‍പ്പെടുത്തിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യൻ നിര്‍മ്മിത ചുമ മരുന്നുകളുടെയും പനി മരുന്നുകളുടെയും ഗുണനിലവാരത്തില്‍ അംഗരാജ്യങ്ങള്‍ ആശങ്ക അറിയിച്ചതിന് പിന്നാലെയായിരുന്നു ഡബ്ല്യുഎച്ച്ഒയുടെ നടപടി. ഇന്ത്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നായി 20ലധികം മരുന്നുകളാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്നും ഇവ 15 വ്യത്യസ്ഥ നിര്‍മ്മാതാക്കളുടെതാണെന്നും ലോകാരോഗ്യ സംഘടനാ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.
ആഘാതമുണ്ടായ രാജ്യങ്ങളില്‍ അന്വേഷണം നടത്തുമെന്നും എല്ലാ മരുന്നുകളും സിറപ്പ് രൂപത്തിലുള്ള പാരസെറ്റമോള്‍, ചുമ മരുന്നുകള്‍, വിറ്റാമിൻ മരുന്നുകള്‍ എന്നിവയായിരുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചു. വിഷയത്തില്‍ ഇന്ത്യൻ ഭരണാധികാരികള്‍ നടത്തിവരുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ആരായുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ മരുന്നുകള്‍ക്ക് പുറമെ പ്രശ്നം ആരോപിച്ചിട്ടുള്ള എല്ലാ മരുന്നുകളെക്കുറിച്ചും അന്വേഷണം നടത്തുമെന്നും മരുന്നുകളുടെ ഗുണനിലവാരം കൃത്യമായി നിരീക്ഷിക്കുമെന്നും ഏജൻസി പറഞ്ഞു.
നിരീക്ഷണത്തിലുള്ള മരുന്നുകളുടെ പട്ടിക സംഘടന പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ ഗാംബിയയില്‍ ഇന്ത്യന്‍ ചുമമരുന്ന് കുട്ടികളുടെ മരണത്തിന് കാരണമായെന്ന് ആദ്യ ആരോപണം പുറത്തുവന്നു. തുടര്‍ന്ന് ഇന്തോനേഷ്യ, ഉസ്ബെക്കിസ്ഥാൻ, മൈക്രോനേഷ്യ, മാര്‍ഷല്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ഇന്ത്യന്‍ മരുന്നുകള്‍ക്കെതിരെ ആരോപണം ഉയര്‍ന്നു. ഇത് ഇന്ത്യന്‍ മരുന്നുകളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതിനിടയാക്കി. ഗാംബിയക്ക് പുറമെ ഇന്ത്യന്‍ മരുന്നുകളുടെ പ്രധാന വിപണിയായ മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളും അധിക നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നാണ് സൂചന.
ഹരിയാന ആസ്ഥാനമായുള്ള മെയ്ഡൻ ഫാര്‍മസ്യൂട്ടിക്കല്‍സ്, നോയിഡ ആസ്ഥാനമായുള്ള മരിയോണ്‍ ബയോടെക്, പഞ്ചാബ് ആസ്ഥാനമായുള്ള ട്രില്ലിയം ഫാര്‍മ എന്നിവയുടെ മരുന്നുകളില്‍ അനുവദിച്ചതില്‍ കൂടുതലില്‍ ഡൈഎത്തിലീൻ ഗ്ലൈക്കോളോ എത്തിലീൻ ഗ്ലൈക്കോളോ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ രണ്ടു മരുന്നുകളും മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കുന്നവയാണ്. മെയ്ഡൻ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ചുമ മരുന്നാണ് ഗാംബിയയിലെ കുട്ടികളുടെ മരണത്തിന് കാരണമായി കണക്കാക്കുന്നത്. മരിയോണിന്റെ സിറപ്പുകളാണ് ഉസ്ബെക്കിസ്ഥാനില്‍ പ്രശ്നബാധിതമായി കണ്ടത്. ഇരു കമ്പനികളുടെയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച ആരോഗ്യ മന്ത്രാലയം ഇവരുടെ ലൈസൻസും റദ്ദാക്കിയിരുന്നു. കൂടാതെ മരുന്ന് കയറ്റുമതിക്ക് പുതിയ മാനദണ്ഡങ്ങളും നടപ്പാക്കിയിരുന്നു.
english summary; African countries put extra scrutiny on Indian medicines
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.