22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 7, 2024
December 4, 2024
December 1, 2024
November 29, 2024
November 18, 2024
November 14, 2024
October 23, 2024
October 11, 2024
September 28, 2024

ശ്രീലങ്കയ്ക്കും പാകിസ്ഥാനും പിന്നാലെ ബംഗ്ലാദേശും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

Janayugom Webdesk
ധാക്ക
July 27, 2022 11:42 pm

ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്കയ്ക്കും പാകിസ്ഥാനും പിന്നാലെ ബംഗ്ലാദേശും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് സൂചന. വിദേശ കരുതല്‍ ധനം തുടര്‍ച്ചയായി കൂപ്പുകുത്തുന്നതിനിടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 450 കോടി ഡോളര്‍ അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്)യില്‍ നിന്ന് കടമെടുക്കാനാണ് ധാക്കയുടെ നീക്കം.
വസ്ത്ര കയറ്റുമതിക്ക് പേരുകേട്ട ബംഗ്ലാദേശ് വായ്പ തിരിച്ചടയ്ക്കുന്നതിനും ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കും കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുമായാണ് ഐഎംഎഫില്‍ നിന്ന് ധനസഹായത്തിന് അപേക്ഷിച്ചിരിക്കുന്നത്. ധനകാര്യമന്ത്രി എ എച്ച് എം മുസ്തഫ കമാല്‍ ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലിന ജോര്‍ജീവയ്ക്ക് ഇക്കാര്യം ചൂണ്ടിക്കാണിച്ച് കത്തെഴുതി.
ആഢംബര വസ്തുക്കള്‍, പഴങ്ങള്‍, ധാന്യേതര വസ്തുക്കള്‍, ടിന്നിലടച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി നിരുത്സാഹപ്പെടുത്തി ഡോളര്‍ സംരക്ഷിക്കാനുള്ള നീക്കം ബംഗ്ലാദേശ് ബാങ്ക് അടുത്തിടെ നടപ്പാക്കിയിരുന്നു. ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം ഒരു വര്‍ഷം മുമ്പ് 455 കോടി ഡോളറായിരുന്നത് ജൂലൈ 20ന് 396.7 കോടി ഡോളറായി കൂപ്പുകുത്തിയിരുന്നു. നിലവിലെ കണക്കുകള്‍ വച്ച് ഇത് ഏകദേശം അഞ്ചുമാസത്തെ ഇറക്കുമതിക്ക് മാത്രമേ തികയു.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രവാസികളുടെ ജോലി നഷ്ടപ്പെട്ടതും യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്ന് സ്വദേശത്തേക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്നതും വിദേശത്തുനിന്നുള്ള പണമൊഴുക്കിനെ ഗുരുതരമായി ബാധിച്ചു. ഇത് അഞ്ച് ശതമാനം കുറഞ്ഞ് 184 കോടി ഡോളറായി ചുരുങ്ങിയതായി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ബംഗ്ലാദേശ് കറന്‍സിയായ ടക കഴിഞ്ഞ മൂന്നുമാസത്തിനിടെ ഡോളറിനെതിരെ 20 ശതമാനം ഇടിവുണ്ടായതായി സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കറന്‍സിയുടെ മൂല്യം കുറയുന്നത് രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതത്തിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
വൈദ്യുതി , ഇറക്കുമതി , വികസന ചെലവുകള്‍ എന്നിവയ്ക്കുള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി ചെലവ് ചുരുക്കല്‍ നടപ്പാക്കിയതായി ആസൂത്രണ വകുപ്പ് മന്ത്രി ഷാംസുല്‍ അലാം അറിയിച്ചിരുന്നു.
13 മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന വൈദ്യുതി നിയന്ത്രണം, ഡീസല്‍, പാചകവാതകം തുടങ്ങിയവയുടെ ക്ഷാമം തുടങ്ങി ശ്രീലങ്ക നേരിട്ട പ്രതിസന്ധികളിലൂടെയാണ് ബംഗ്ലാദേശും കടന്നുപൊയ്ക്കോണ്ടിരിക്കുന്നത്.
ബംഗ്ലാദേശിന്റെ വടക്ക് കിഴക്കന്‍ മേഖലയിലുണ്ടായ വെള്ളപ്പൊക്കം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചു. പത്തുലക്ഷത്തിലധികം ആളുകള്‍ക്ക് വീട് നഷ്ടപ്പെടുകയും 100 കോടി ഡോളറിലധികം നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തുവെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
പാകിസ്ഥാനും നേപ്പാളും സമാനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 

Eng­lish Sum­ma­ry: After Sri Lan­ka and Pak­istan, Bangladesh is also fac­ing severe eco­nom­ic crisis

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.