
ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും ‘സോഷ്യലിസം’, ‘മതേതരത്വം’ എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി വീണ്ടും ആര്‍എസ്എസ്. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്നും സോഷ്യലിസവും മതനിരപേക്ഷതയും ഒഴിവാക്കണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പറഞ്ഞു. ഡൽഹിയിൽ നടന്ന പൊതുചടങ്ങിലാണ് ആർഎസ്എസ് നേതാവിന്റെ വിവാദ പരാമർശം. അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ്, ഭരണഘടനയില്‍ കൂട്ടിചേര്‍ത്ത വാക്കുകളാണ് സോഷ്യലിസവും മതേതരത്വവുമെന്നും ഹൊസബലെ പറഞ്ഞു. ഇതോടെ ഭരണഘടന ഭേദഗതി ചെയ്യണമെന്ന ആര്‍എസ്എസിന്റെ ആവശ്യം വീണ്ടും ഉയര്‍ന്നുവരികയാണ്. 1925ൽ സ്ഥാപിതമായ ആർഎസ്എസ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരുന്നതുപോലെ ഭരണഘടനാ നിര്‍മ്മാണത്തിന്റെ ഒരു ഘട്ടത്തിലും ഭാഗമായിട്ടില്ല. ഭരണഘടന അംഗീകരിച്ചതിനെതിരെ കാലങ്ങളായി വിമർശനം തുടരുകയുമായിരുന്നു. ഭരണഘടനയുടെ അന്തിമ കരട് അവതരണത്തിനുശേഷം, ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിലാണ് ആർഎസ്എസ് ആദ്യ എതിർപ്പ് ഉയർത്തിയത്. 1949 നവംബർ 30ന് പുറത്തിറങ്ങിയ ലക്കത്തിൽ ഭരണഘടനയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു.
നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം ഭരണഘടന തിരുത്തുന്നതിനെക്കുറിച്ച് പലതവണ പ്രസ്താവനകള്‍ ആര്‍എസ്എസ് — ബിജെപി നേതൃത്വത്തില്‍ നിന്നുണ്ടായി. വലിയതോതില്‍ വിമര്‍ശനമുണ്ടാകുമ്പോള്‍ വിഷയം മയപ്പെടുത്തി മുന്നോട്ടുപോയ ഭരണകൂടത്തിന്റെ മനസിലിരിപ്പാണ് ഹൊസബലെയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് വ്യക്തം. 2023ല്‍ മോഡിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ബിബേക് ദെബ്രോയ് ‘2047 ഓടെ ഒരു പുതിയ ഭരണഘടന’ ആവശ്യമാണെന്ന് എഴുതിയിരുന്നു. ‘ജനങ്ങൾക്ക് ഒരു പുതിയ ഭരണഘടന ലഭിക്കാൻ സാഹചര്യമുണ്ട്’ എന്ന തലക്കെട്ടിൽ മിന്റ് മാസികയിൽ എഴുതിയ ലേഖനത്തില്‍ ലോകത്തിലെ ഒരു ഭരണഘടനയുടെ ശരാശരി ആയുസ് 17 വർഷമാണെന്ന പൊള്ളയായ വാദവും ദെബ്രോയ് ഉന്നയിച്ചിരുന്നു.
ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യണമെന്നും സോഷ്യലിസവും മതേതരത്വവും നീക്കണമെന്നും ആവശ്യവുമായി കഴിഞ്ഞ വര്‍ഷവും നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയിലടക്കം എത്തിയിരുന്നു. എന്നാല്‍ ആവശ്യം പരമോന്നത കോടതി തള്ളി. ഇന്ത്യയെ സംബന്ധിച്ച് എല്ലാവര്‍ക്കും തുല്യഅവസരവും സമത്വവും ഉറപ്പു നല്‍കുന്ന സോഷ്യലിസവും, മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്ന മതേതരത്വവും നീക്കം ചെയ്യാനാവില്ലെന്ന് വാദം കേട്ട ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. സുപ്രീം കോടതി നിരവധി കേസുകളിൽ മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയാണെന്ന നിരീക്ഷണവും നടത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.