യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പാക്കുന്ന മനുഷ്യാവകാശ വിരുദ്ധ യാഥാസ്ഥിതിക നയങ്ങള്‍ക്കെതിരെ സ്വന്തം രാജ്യത്തും യൂറോപ്യൻ നഗരങ്ങളിലും വ്യാപക പ്രതിഷേധം. യുഎസിലെ അമ്പതോളം സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി കൂറ്റന്‍ പ്രകടനങ്ങള്‍ നടത്തി. വിവാദ നയങ്ങള്‍ക്കെതിരെ പതിനായിരക്കണക്കിന് പേരാണ് പ്രകടനങ്ങളില്‍ പങ്കെടുത്തത്. 50 സംസ്ഥാനങ്ങളിലായി 1,200ലധികം സ്ഥലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പൗരാവകാശ, പരിസ്ഥിതി സംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, അഭിഭാഷകര്‍, പലസ്തീന്‍ അനുകൂലികള്‍, സ്ത്രീ സംഘടനകള്‍ എന്നിവരുള്‍പ്പെടെ 150ലധികം ഗ്രൂപ്പുകള്‍ റാലികളില്‍ അണിനിരന്നു. ‘ഹാന്‍ഡ്‌സ് ഓഫ്’ എന്ന പേരിലാണ് റാലികള്‍ നടത്തിയത്. ട്രംപിന്റെ യുഎസ് പ്രസിഡന്റ് സ്ഥാനത്തെ രണ്ടാം ടേമിൽ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രതിഷേധമായി റാലികള്‍ മാറി. വാഷിങ്ടൺ, ന്യൂയോർക്ക്, ഹൂസ്റ്റൺ, ഫ്ലോറിഡ, കൊളറാഡോ, ലോസ് ആഞ്ചലസ് തുടങ്ങിയ വിവിധ നഗരങ്ങളില്‍ പതിനായിരങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ‘ട്രംപിന് ഭ്രാന്താ‘ണെന്ന് ആരോപിക്കുന്ന പ്ലക്കാർഡുകളുമായാണ് ആയിരക്കണക്കിനാളുകള്‍ പ്രകടനത്തിനെത്തിയത്. ‘യുഎസ്എയ്ക്ക് രാജാവില്ല’ തുടങ്ങിയ പ്ലക്കാര്‍ഡുകളും പ്രതിഷേധങ്ങളില്‍ ഉയര്‍ന്നു. വാഷിങ്ടണിലെ റാലിയില്‍ 20,000 പേര്‍ പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു. ലണ്ടൻ, പാരിസ്, ബെർലിൻ, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ യൂറോപ്യൻ നഗരങ്ങളിൽ നടത്തിയ പ്രകടനങ്ങളിലും ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.
ഫെഡറല്‍ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍, അനധികൃത കുടിയേറ്റക്കാരുടെ മനുഷ്യത്വരഹിതമായ നാടുകടത്തല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ നയം, താരിഫ് നയം, ഗര്‍ഭഛിദ്ര വിരുദ്ധ നിയമങ്ങള്‍, സാമൂഹിക ക്ഷേമ പദ്ധതികളെല്ലാം ഇല്ലാതാക്കുക, ആരോഗ്യ പരിപാടികൾക്കുള്ള ഫെഡറൽ ഫണ്ടിങ് വെട്ടിക്കുറയ്ക്കുക തുടങ്ങിയ പരിഷ്ക്കാരങ്ങള്‍ക്കെതിരെയാണ് പ്രക്ഷോഭമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ കെല്ലി റോബിൻസൺ പറഞ്ഞു. സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പിന്റെ തലവൻ എന്ന നിലയിൽ ഇലോണ്‍ മസ്‌ക് സർക്കാരിന്റെ നയങ്ങളില്‍ പ്രധാന പങ്ക് വഹിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപിനും മസ്‌കിനും റിപ്പബ്ലിക്കൻ പാര്‍ട്ടിക്കും സഖ്യകക്ഷികൾക്കും വളരെ വ്യക്തമായ സന്ദേശം നൽകുന്നതാണ് പ്രതിഷേധ പ്രകടനങ്ങളെന്ന് സംഘാടക ഗ്രൂപ്പുകളിൽ ഒന്നായ ഇൻഡിവിസിബിളിന്റെ സ്ഥാപകന്‍ എസ്ര ലെവിൻ പറഞ്ഞു.
ഏകദേശം ആറുലക്ഷം പേര്‍ പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായെന്നാണ് റിപ്പോര്‍ട്ട്. പ്രകടനങ്ങളെല്ലാം ഏറെക്കുറെ സമാധാനപരമായിരുന്നു. പ്രായമായവര്‍ മുതല്‍ ചെറിയ കുട്ടികള്‍ വരെ മാതാപിതാക്കള്‍ക്കൊപ്പം പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കുചേര്‍ന്നു. യുഎസിന്റെ ഭരണം പരോക്ഷമായി മസ്‌ക് ഏറ്റെടുക്കുന്നതിലുള്ള അതൃപ്തിയും പ്രതിഷേധക്കാര്‍ ഉന്നയിച്ചു.
അതേസമയം അമേരിക്കന്‍ ഭരണകൂടത്തിനെതിരെ ആളിക്കത്തുന്ന പ്രതിഷേധങ്ങളെ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. തന്റെ നയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നുള്ള നിലപാട് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും അസിസ്റ്റന്റ് പ്രസ് സെക്രട്ടറി ലിസ് ഹുസ്റ്റണ്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.