3 July 2024, Wednesday
KSFE Galaxy Chits

Related news

July 2, 2024
July 1, 2024
June 27, 2024
May 28, 2024
April 24, 2024
April 12, 2024
April 1, 2024
March 31, 2024
March 25, 2024
March 10, 2024

പ്രതിപക്ഷാംഗങ്ങള്‍ക്കെതിരായ കയ്യേറ്റം; വന്‍ പ്രതിഷേധം, മാര്‍ച്ച്

റെജി കുര്യന്‍
ന്യൂഡല്‍ഹി
August 12, 2021 10:41 pm

രാജ്യസഭയില്‍ ഇന്‍ഷുറന്‍സ് ബില്‍ ഉള്‍പ്പെടെയുള്ള ബില്ലുകള്‍ പാസാക്കാന്‍ മാര്‍ഷല്‍മാരുടെ കൈക്കരുത്തു ഉപയോഗപ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യതലസ്ഥാനത്ത് വന്‍ പ്രതിപക്ഷ പ്രതിഷേധം. രാവിലെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ നിന്ന് വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനു ശേഷം ധര്‍ണയും സംഘടിപ്പിച്ചു. പെഗാസസ് വിഷയം, കാര്‍ഷിക നിയമങ്ങള്‍, വിലക്കയറ്റം, കോവിഡിനെതിരായ തയ്യാറെടുപ്പുകള്‍ പരാജയപ്പെട്ടത് ഉള്‍പ്പെടെ അതീവ ഗൗരവമുള്ള വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ അനുമതി നല്‍കാത്തതിനെതിരായ പ്രതിഷേധത്തിനിടെ ഇന്‍ഷുറന്‍സ് ബില്‍ പാസാക്കിയെടുക്കുക പ്രയാസമാണെന്ന് വന്നപ്പോഴായിരുന്നു ബുധനാഴ്ച സഭാസുരക്ഷാ വിഭാഗത്തെ അണിനിരത്തി പ്രതിപക്ഷാംഗങ്ങളെ കയ്യേറ്റം ചെയ്തത്. പിന്നീട് ശബ്ദവോട്ടോടെ ബില്‍ പാസാക്കുകയായിരുന്നു.

രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ചേംബറില്‍ സമ്മേളിച്ച ശേഷമാണ് എംപിമാര്‍ വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തിയത്. ആദ്യമായിട്ടാണ് രാജ്യസഭയിൽ എംപിമാരെ തല്ലുകയും തള്ളുകയുമൊക്കെ ചെയ്യുന്നതെന്നും പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് ജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഓടിയൊളിക്കുകയാണുണ്ടായതെന്നും പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കശാപ്പാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു.

പിന്നീട് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം, സിപിഐ (എം) നേതാവ് എളമരം കരീം, രാഹുല്‍ ഗാന്ധി, ശരത് പവാര്‍, രാം ഗോപാല്‍ യാദവ് (എസ്‌പി), സഞ്ജയ് റാവത്ത് (ശിവസേന), തിരുച്ചി ശിവ (ഡിഎംകെ) ഉള്‍പ്പെടെയുള്ള നേതാക്കൾ സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കണ്ട് പരാതി നല്‍കി. ഇവര്‍ക്കു പിന്നാലെ കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, പിയൂഷ് ഗോയല്‍, മുഖ്താര്‍ അബ്ബാസ് നഖ‌്‌വി എന്നിവര്‍ ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ച് പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷ എംപിമാരുടെ മാര്‍ച്ചിനു പിന്നാലെ പ്രതിപക്ഷ നടപടികളെ കുറ്റപ്പെടുത്തി എഴ് മന്ത്രിമാർ സംയുക്ത വാര്‍ത്താ സമ്മേളനവും നടത്തി.

സഭാ സമ്മേളനം അവസാനിച്ചെങ്കിലും സര്‍ക്കാരിനെതിരെ യോജിച്ചു നീങ്ങാനുള്ള പ്രതിപക്ഷ തീരുമാനം സര്‍ക്കാരിനു വന്‍വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് പ്രതിപക്ഷഐക്യം ദോഷകരമാണെന്ന അപകടം മണത്ത സര്‍ക്കാര്‍ പുതിയ തന്ത്രങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.
ജൂലൈ 19ന് ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനം പല ദിവസങ്ങളിലും പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് തടസപ്പെടുകയും ബുധനാഴ്ച അനിശ്ചിതകാലത്തേയ്ക്ക് പിരിയുകയുമായിരുന്നു.

സഭയുടെ കറുത്ത ദിനം

 

സഭയുടെ കറുത്ത ദിനമായിരുന്നു ഇതെന്ന് സംഭവത്തെ കുറിച്ച് ബിനോയ് വിശ്വം പ്രതികരിച്ചു. വനിതകള്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ക്കെതിരെയാണ് ക്രൂരനടപടിയുണ്ടായത്. യഥാര്‍ത്ഥത്തില്‍ ഇന്‍ഷുറന്‍സ് ഉന്മൂലന ബില്ലായിരുന്നു കേന്ദ്രത്തിന്റേത്. ‘ആത്മ നിര്‍ഭര്‍ ബിജെപി’ മുതലാളിമാര്‍ക്ക് കീഴടങ്ങിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

പുറത്തുനിന്നുള്ളവരും മര്‍ദ്ദിച്ചു

 

ഇന്‍ഷുറന്‍സ് ബില്ലിന്റെ പരിഗണനാ വേളയില്‍ രാജ്യസഭയില്‍ പുറത്തുനിന്നുള്ള ആളുകൾ എത്തി എംപിമാരെ മർദ്ദിച്ചുവെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെയായിരുന്നു കയ്യേറ്റമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Aggres­sion against mem­bers of the oppo­si­tion; Mass protest, March

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.