
നരേന്ദ്ര മോഡി സര്‍ക്കാര്‍ 2022 ജൂണില്‍ ആവിഷ്കരിച്ച അഗ്നിപഥ് പദ്ധതിക്ക് വിപരീത ഫലം. സേനയില്‍ നാല് വര്‍ഷം സേവനം വാഗ്ദാനം ചെയ്ത് ആരംഭിച്ച അഗ്നിവീര്‍ പദ്ധതിയുടെ ആദ്യഘട്ടം 2026 ല്‍ അവസാനിക്കാനിരിക്കെയാണ് സേനയുടെ മനോവീര്യം തകര്‍ക്കുന്ന നിലയിലേക്ക് അഗ്നിവീര്‍ പദ്ധതി എത്തിച്ചേര്‍ന്നിരിക്കുന്നത്. സൈനിക സേവനമെന്ന മഹത്തായ പാരമ്പര്യം മൂച്ചുടും നശിപ്പിച്ച പദ്ധതിയില്‍ നിലവില്‍ സേവനം അനുഷ്ഠിക്കുന്ന 72% സൈനികരും അമിത ജോലി സമ്മര്‍ദം അനുഭവിക്കുന്നതായി സര്‍വേ വ്യക്തമാക്കുന്നു.
മോഡിയുടെ പുതിയ പദ്ധതിയോട് 60% പേര്‍ നിഷേധാത്മക സമീപനം സ്വീകരിച്ചതായും സര്‍വേയില്‍ പറയുന്നു. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം തുടര്‍ജോലി അവസരം ലഭിക്കുന്നത് സംബന്ധിച്ച് 46% പേരും ആശങ്കാകുലരാണ്. ഇന്ത്യയിലെ പ്രശസ്ത സര്‍വകലാശാലയായ എംഎസ് യൂണിവേഴ്സിറ്റിയിലെ സോഷ്യല്‍ വര്‍ക്ക് ഫാക്കല്‍റ്റി വിഭാഗം മേധാവി ശര്‍മ്മിഷ്ട സോളങ്കിയുടെ നേതൃത്വത്തില്‍ ഗവേഷകനായ മനീഷ് ജംഗിദ് നടത്തിയ സര്‍വേയിലാണ് അഗ്നിവീര്‍ പദ്ധതിയുടെ കാണാപ്പുറം പുറത്ത് വന്നത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 50 അഗ്നിവീറുകള്‍ പങ്കെടുത്ത സര്‍വേയില്‍ 72% പേരും ജോലി സമ്മര്‍ദത്താല്‍ വലയുകയാണെന്ന് അഭിപ്രായപ്പെട്ടു. 52% പേരാണ് നാല് വര്‍ഷത്തെ സേവനത്തിന് ശേഷം ഇനിയെന്ത് എന്ന് ചോദ്യമുയര്‍ത്തിയത്. നാല് വര്‍ഷത്തെ സേവനത്തിന് തെരഞ്ഞെടുക്കുന്ന അഗ്നിവീര്‍മാരില്‍ 25% പേര്‍ക്ക് മാത്രമാണ് 15 വര്‍ഷം കൂടി സര്‍വീസ് ലഭിക്കുക. ശേഷിക്കുന്നവരെ സേവനത്തില്‍ നിന്ന് ഒഴിവാക്കും. സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം അഗ്നിവീറുകളും തങ്ങള്‍ക്ക് ഒരു പരിധി വരെ ജോലി സമ്മര്‍ദം അനുഭവപ്പെടുന്നതായി പ്രതികരിച്ചു. 48% പേര്‍ മിതമായ തോതില്‍ സമ്മര്‍ദം നേരിടുന്നതായി പറഞ്ഞപ്പോള്‍ 26% പേര്‍ സമ്മര്‍ദം അധികമാണെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ 12% പേര്‍ സമ്മര്‍ദം അനുഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. നാല് വര്‍ഷത്തെ പരിമിതമായ സേവന കാലാവധി തങ്ങളുടെ തൊഴില്‍ സംതൃപ്തിയെ പ്രതികൂലമായി ബാധിച്ചതായി 72% പേരും രേഖപ്പെടുത്തി എന്നാണ് സര്‍വേയില്‍ പറയുന്നത്. ഗുജറാത്ത് സമാചാർ റിപ്പോർട്ട് പ്രകാരം ഏകദേശം 46% പേർ സേവനാനന്തര ജോലി അവസരങ്ങളെക്കുറിച്ച് ആശങ്കാകുലരാണെന്നും എട്ട് ശതമാനം പേർ ശക്തമായ ആശങ്ക പ്രകടിപ്പിച്ചുവെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കര- നാവിക‑വ്യോമ സേനകളില്‍ ഓഫിസര്‍ റാങ്കിന് താഴെയുള്ള സൈനികരെ നാല് വര്‍ഷ കാലാവധിയില്‍ നിയമിച്ച തീരുമാനം രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനിടയിലാണ് പദ്ധതി ഗുണകരമല്ലെന്ന് അഗ്നിവീറുകള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.