23 December 2024, Monday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 9, 2024
June 14, 2024
May 23, 2024
April 26, 2024
March 28, 2023
January 4, 2023
December 14, 2022
September 10, 2022
August 8, 2022

അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണം

Janayugom Webdesk
July 9, 2024 5:00 am

രാജ്യത്തിന്റെ ചില മേഖലകളിൽ സൈനികവൃത്തിയെന്നത് രാജ്യസേവനത്തിനുള്ള അവസരമായി കാണുന്ന കുടുംബങ്ങളും യുവാക്കളും ഉണ്ടെങ്കിലും വലിയ വിഭാഗത്തിന്റെ തൊഴിൽ പ്രതീക്ഷയാണ് സേനാവിഭാഗം. ലക്ഷക്കണക്കിന് പേരാണ് രാജ്യത്തിനു സേവനമനുഷ്ഠിക്കുന്നതിനുവേണ്ടി ആവശ്യമായി വരുന്നത് എന്നതിനാൽ തൊഴിൽ ശക്തിയിൽ അത് വലിയ സംഭാവന നൽകുന്നുണ്ട്. എന്നാൽ 2022ൽ ആരംഭിച്ച അഗ്നിപഥ് പദ്ധതിയിലൂടെ ആ കാഴ്ചപ്പാട് അട്ടിമറിക്കപ്പെട്ടു. അതുകൊണ്ടുതന്നെ വലിയ പ്രതിഷേധവും പ്രക്ഷോഭങ്ങളും അന്ന് ഉയർന്നുവന്നിരുന്നു. ഈ വർഷം അഗ്നിപഥ് പദ്ധതിയിലേക്ക് 40,000 തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള പ്രക്രിയ ആരംഭിച്ചപ്പോൾ ഏകദേശം 12.8 ലക്ഷം പേർ അപേക്ഷിച്ചുവെന്ന് ദേശീയ മാധ്യമങ്ങളിൽ കഴിഞ്ഞ മാസം വാർത്തകളുണ്ടായിരുന്നു. മുൻവർഷത്തെ 11.3 ലക്ഷത്തിൽ നിന്ന് ഏകദേശം പത്ത് ശതമാനത്തിന്റെ വർധനവാണിത്. നേരത്തെയുണ്ടായിരുന്ന സൈനിക സേവനത്തിന്റെ ആകർഷണീയതയോ ആനുകൂല്യങ്ങളോ വിരമിക്കൽ, പെൻഷൻ തുടങ്ങിയ സാമ്പത്തിക നേട്ടങ്ങളോ ഇല്ലെന്നും 75 ശതമാനം പേരും നാലുവർഷത്തിനുശേഷം പിരിഞ്ഞുപോകേണ്ടി വരുമെന്നും അറിഞ്ഞിട്ടും ഇത്രയധികം പേർ അപേക്ഷകരായെത്തുന്നതുതന്നെ തൊഴിലില്ലായ്മയുടെ വ്യാപ്തിയും വെളിപ്പെടുത്തുന്നു. ഈയൊരു പശ്ചാത്തലമുള്ളതുകൊണ്ടും നമ്മുടെ സൈനിക സംവിധാനം മെച്ചപ്പെട്ടതും സുസ്ഥിരവുമായിരിക്കണമെന്നതുകൊണ്ടുമാണ് അഗ്നിപഥ് പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ശക്തമായ എതിർപ്പുയർന്നത്. തൊഴിൽരഹിത യുവാക്കളെ ബാധിക്കുമെന്നതിനാൽ യുവാക്കളുടെ വലിയ പ്രക്ഷോഭത്തിനും രാജ്യം സാക്ഷിയായി. അതോടൊപ്പം സൈനിക രംഗത്തുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച് വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥരടക്കം ആശങ്കകളും പ്രകടിപ്പിച്ചു. പ്രതിപക്ഷപാർട്ടികൾ മാത്രമല്ല, കേന്ദ്ര ഭരണസഖ്യത്തിൽപ്പെടുന്ന കക്ഷികളും ഈ പദ്ധതിയെ എതിർത്തിരുന്നതാണ്.


ഇതുകൂടി വായിക്കൂ: അഗ്നിപഥ് റദ്ദാക്കാന്‍ ശക്തമായ സമ്മര്‍ദം വേണം


തൊഴിൽ സാധ്യത ഇല്ലാതാകുന്നു എന്നത് മാത്രമല്ല പദ്ധതിയെ എതിർക്കുന്നതിന് കാരണമായത്. നിയമിക്കപ്പെടുന്നവരിലെ 75 ശതമാനം പേർ നാലുവർഷത്തിന് ശേഷം പിരിഞ്ഞുപോകേണ്ടിവരുന്നു എന്നത് സൈന്യത്തിന്റെ സുസ്ഥിരതയെയും സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള നാവിക‑വ്യോമസേനയിൽ നാല് വർഷത്തേക്കുള്ള നിയമനം പ്രവർത്തനങ്ങളെ തന്നെയും ബാധിക്കും, പരിശീലനത്തിലും മറ്റ് അനുബന്ധ വിഷയങ്ങളിലും പരിചയക്കുറവിന് കാരണമാകും, സേവന കാലയളവ് കുറയ്ക്കുന്നത് പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും എന്നിങ്ങനെ നിരവധി ആശങ്കകൾ ഉന്നയിക്കപ്പെട്ടു. ഇത്തരം സംശയങ്ങൾ ഉന്നയിച്ചിരുന്നതായി കരസേനാ മുൻ മേധാവി ജനറൽ നരവാനെ വിരമിച്ചതിന് ശേഷം പ്രസിദ്ധീകരിച്ച ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. നാവികസേനയ്ക്കും വ്യോമസേനയ്ക്കും പദ്ധതി ഗുണം ചെയ്യില്ലെന്നും കരസേനയിൽ മാത്രം നാല് വർഷ സേവനം എന്ന വ്യവസ്ഥയാണ് മുന്നോട്ടുവച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാൽ പതിവ് പിടിവാശിയിൽ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. 17നും 21നും ഇടയിൽ പ്രായമുള്ളവരെയാണ് പദ്ധതി പ്രകാരം നാലുവർഷ സൈനിക സേവനത്തിന് തിരഞ്ഞെടുക്കുന്നത്. അതനുസരിച്ച് 2022ൽ ആരംഭിച്ച പദ്ധതി പ്രകാരം 2023 ഓഗസ്റ്റിൽ ആദ്യ ബാച്ച് സജ്ജരായി. 2023 ജൂണിൽ വ്യോമ സേനയിലെ അഗ്നിവീർ പങ്കാളിത്തം 2,906 ആയിരുന്നത് ഈ ഫെബ്രുവരിയിൽ 10,774 ആയി. നാവികസേനയ്ക്കായി, മൂന്ന് ബാച്ചുകൾ പരിശീലനം പൂർത്തിയാക്കി, അടുത്ത ബാച്ച് പരിശീലനം ആരംഭിച്ചു. നാവികസേനയിലേക്ക് തിരഞ്ഞെടുത്ത 7,856 പേരിൽ 6,738 പുരുഷന്മാരും 1,118 സ്ത്രീകളുമാണ്. ഈ വർഷം കരസേനയ്ക്കായി 40,000, നാവികസേനയ്ക്കായി 6,000 പേരെ വീതം തിരഞ്ഞെടുക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.


ഇതുകൂടി വായിക്കൂ: അഗ്നിവീര്‍ പദ്ധതി മറ്റൊരു യുവജന വഞ്ചന


എന്നാൽ നടപ്പിലായി രണ്ട് വർഷം പോലും തികയുന്നതിന് മുമ്പ് പദ്ധതി സംബന്ധിച്ച ആശങ്കകൾ ശരിയാണെന്ന് വ്യക്തമാകുകയാണ്. പദ്ധതി തന്നെ ഉടച്ചുവാർക്കണമെന്ന അഭിപ്രായം സൈന്യത്തിന്റെയും സൈന്യത്തിൽ നിന്ന് വിരച്ച മുതിർന്ന ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായിരിക്കുന്നു. സംഘർഷങ്ങളുടെ കാലത്ത് താൽക്കാലിക സൈന്യം എന്ന കാഴ്ചപ്പാട് അപ്രായോഗികമാണെന്ന് 34 വർഷത്തിലധികം സൈനിക സേവനം നടത്തി വിരമിച്ച കേണൽ ആർ ഡി സിങ് പറയുന്നു. താൽക്കാലിക സൈന്യ സംവിധാനം കൊണ്ട് ഫലമില്ലെന്ന് കണ്ടതിനാൽ ഉക്രെയ്‌നും റഷ്യയും അവയെ പിൻവലിച്ചത് ചൂണ്ടിക്കാട്ടിയ അദ്ദേഹം യുദ്ധത്തിൽ ജയിക്കുന്നത് മനുഷ്യരാണെന്നും ഉപകരണങ്ങളല്ലെന്നും ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. അഗ്നിവീറുകളുടെ പരിശീലനകാലം കുറവായതിനാൽ വേണ്ടത്ര മികവ് തെളിയിക്കാനാകില്ലെന്നും യുദ്ധം, മറ്റ് സംഘർഷങ്ങൾ എന്നിവയിലടക്കം ഇവരെ ഉപയോഗിച്ചാൽ ഉദ്ദേശിക്കുന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്നും നാവികസേന മുൻ മേധാവി അഡ്മിറൽ കെ ബി സിങ്ങിന്റെ അഭിപ്രായവും പുറത്തുവന്നിട്ടുണ്ട്. അതിനിടെയാണ് പദ്ധതി പരിഷ്കരിക്കണമെന്ന ആവശ്യം സൈന്യം തന്നെ മുന്നോട്ടുവച്ചിരിക്കുന്നുവെന്ന വാർത്തകൾ വന്നിരിക്കുന്നത്. പ്രായപരിധി 21ൽ നിന്ന് 23 ആക്കണമെന്നും 50 ശതമാനം അഗ്നിവീറുകളെ സൈന്യത്തിൽ നിലനിർത്തണമെന്നും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. പോരാട്ടവീര്യം വർധിപ്പിക്കുന്നതിനും സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും ഇത് വേണമെന്നാണ് ആവശ്യം. ഇനിയെങ്കിലും പിടിവാശി വെടിയുവാൻ കേന്ദ്രം തയ്യാറാകണം. പരിഷ്കരണമല്ല പദ്ധതി തന്നെ ഉപേക്ഷിക്കുകയാണ് വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.