26 June 2024, Wednesday
KSFE Galaxy Chits

Related news

June 14, 2024
May 23, 2024
April 26, 2024
March 28, 2023
January 4, 2023
December 14, 2022
September 10, 2022
August 8, 2022
July 19, 2022
July 17, 2022

സമ്മര്‍ദം മുറുകി: അഗ്നിപഥ് പദ്ധതി പരിഷ്കരിക്കാനൊരുങ്ങി മോഡി സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
June 14, 2024 7:43 pm
സഖ്യകക്ഷികളായ ജനതാദള്‍ യുണൈറ്റഡും ലോക് ജനശക്തി പാര്‍ട്ടിയും ആക്ഷേപം ഉന്നയിച്ചതോടെ അഗ്നിപഥ് പദ്ധതി പരിഷ്കരിക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കുന്ന തരത്തില്‍ പദ്ധതിയില്‍ ഭേദഗതി വരുത്താനാണ് കേന്ദ്രം സന്നദ്ധത പ്രകടിപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന പ്രധാനവിഷയങ്ങളിലൊന്നായിരുന്നു ഇത്. ഇന്ത്യ സഖ്യം അധികാരത്തിലേറിയാല്‍ പദ്ധതി റദ്ദാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതോടെ യുവാക്കളുടെ വോട്ട് അവര്‍ക്ക് ലഭിച്ചെന്നാണ് വിലയിരുത്തല്‍. അഗ്നിവീറായി ജോലി ലഭിച്ച പലരുടെയും കല്യാണം പോലും നടക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ജോലി സ്ഥിരതയും വേണ്ടത്ര ആനുകൂല്യങ്ങളുമില്ലാത്തതിനാല്‍ യുവതികള്‍ ഇവരെ വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന വാര്‍ത്തകള്‍ ദേശീയമാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പദ്ധതിയെ കുറിച്ചുള്ള ആശങ്കകളും ആക്ഷേപങ്ങളും അവലോകനം ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 10 മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരടങ്ങുന്ന സംഘത്തെ നിയമിച്ചു. അഗ്നിവീറുകള്‍ക്ക് കൂടുതല്‍ ആകര്‍ഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എങ്ങനെ നല്‍കാം എന്നതിനെക്കുറിച്ച് സംഘം ആലോചിക്കും. നാല് കൊല്ലത്തേക്ക് നിയമനം നല്‍കുന്ന അഗ്നിവീറുകളുടെ റിക്രൂട്ട്മെന്റ് നടപടി മെച്ചപ്പെടുത്തണമെന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍ണമെന്നും സംഘം നിര്‍ദേശം നല്‍കിയേക്കും. പദ്ധതി സംബന്ധിച്ച് ഇന്ത്യന്‍ ആര്‍മിയും ആഭ്യന്തര അവലോകനം നടത്തിയേക്കുമെന്നും സൂചനയുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ അഗ്നിപഥ് പദ്ധതിയുടെ അവലോകനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വരുത്തിയേക്കാവുന്ന മാറ്റങ്ങള്‍

  • പ്രായപരിധി 23 ആക്കിയേക്കും
  • പരിശീലന കാലയളവ് ഒമ്പത് മാസമാക്കി ഉയര്‍ത്തും
  • സേവന കാലയളവ് 7–8 വര്‍ഷമാക്കും
  • 25ന് പകരം 60–70 ശതമാനം പേരെ നിലനിര്‍ത്തും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.