19 December 2024, Thursday
KSFE Galaxy Chits Banner 2

കര്‍ഷകരുമായി സംവദിക്കാന്‍ കൃഷി മന്ത്രിയും ഉദ്യോഗസ്ഥരും: ‘കൃഷിദർശന്‍’ ചിങ്ങം ഒന്നിന് തുടങ്ങും

Janayugom Webdesk
തിരുവനന്തപുരം
August 13, 2022 10:51 pm

ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായുള്ള ‘കൃഷിദര്‍ശന്‍’ പരിപാടിക്ക് ചിങ്ങം ഒന്നിന് തുടക്കമാകും. ഔദ്യോഗിക പ്രഖാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കൃഷി മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും സംസ്ഥാനത്തെ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കർഷകരോട് സംവദിച്ച് പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ‘കൃഷിദർശൻ’.
സംസ്ഥാനത്തെ മുഴുവൻ കൃഷി ബ്ലോക്കുകളിലും ഘട്ടംഘട്ടമായാണ് കൃഷിദർശൻ പരിപാടി നടത്തുന്നത്. ഈ സാമ്പത്തിക വർഷം 28 ബ്ലോക്കുകളിലായിരിക്കും പരിപാടി. ഒരു ജില്ലയിൽ ഒന്ന് എന്ന ക്രമത്തിൽ ജില്ലാതല പരിപാടിയായി ഒന്നാം ഘട്ടവും ജില്ലയിൽ ഒന്ന് എന്ന കണക്കിൽ ബ്ലോക്ക് തല പരിപാടിയായി രണ്ടാം ഘട്ടവും ഈ വർഷം നടക്കും.
കൃഷിദർശൻ വിളംബരജാഥ ചിങ്ങം ഒന്നിന് എല്ലാ കൃഷിഭവനുകളും കേന്ദ്രീകരിച്ച് നടത്തും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കാർഷിക‑ഭക്ഷ്യ ശാസ്ത്രസാങ്കേതിക എക്സിബിഷൻ അതാതു ബ്ലോക്കുകളിൽ ഉണ്ടാകും. കൃഷിദർശൻ പരിപാടി നടക്കുന്ന ജില്ലയിലെ എല്ലാ കൃഷി ഉദ്യോഗസ്ഥരെയും അന്നേദിവസം മന്ത്രി നേരിട്ട് കണ്ടു പദ്ധതി പുരോഗതി വിലയിരുത്തും. മന്ത്രി നേരിട്ട് കേട്ട് പ്രശ്നങ്ങൾ മനസിലാക്കുന്ന കാർഷിക അദാലത്തും നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുമായും ഉദ്യോഗസ്ഥരുമായും കാർഷികമേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ മന്ത്രി വിലയിരുത്തും.
ബ്ലോക്കിലെ ഒരു പഞ്ചായത്ത് കേന്ദ്രമാക്കി മന്ത്രിയുടെ ‘ഞങ്ങളും കൃഷിയിലേക്ക്- ഗൃഹസന്ദർശനം’, ഒരു കർഷക ഭവനം കേന്ദ്രീകരിച്ച് ‘ഭവന കൂട്ടായ്മ’, കാർഷിക സാംസ്കാരിക പരിപാടികൾ എന്നിവയുമുണ്ടാകും. ബ്ലോക്കിലെ ഒരു പഞ്ചായത്തിനെ മാതൃകാ ഹരിത പോഷക ഗ്രാമമായും ജില്ലയിലെ ഒരു കൃഷിഭവനെ സ്മാര്‍ട്ട് കൃഷിഭവനായും പ്രഖ്യാപിക്കുന്ന പരിപാടിയും ഇതോടൊപ്പം ഉണ്ടാകും. ഏറ്റവും നല്ല കാർഷിക കർമ്മസേന അംഗം, ഏറ്റവും നല്ല പ്ലാന്റ് ഹെൽത്ത് ക്ലിനിക്, ഏറ്റവും നല്ല കർഷക /കർഷകൻ/ കുട്ടിക്കർഷകൻ, ഏറ്റവും നല്ല ഹരിത സ്കൂൾ, മാധ്യമ റിപ്പോർട്ടിങ്, നവീന കൃഷിരീതി കർഷകൻ, കർഷക സൗഹൃദ ബാങ്ക് തുടങ്ങിയ വിഭാഗങ്ങളില്‍ പുരസ്കാരം നൽകും. 

Eng­lish Sum­ma­ry: Agri­cul­ture Min­is­ter and offi­cials to inter­act with farm­ers: ‘Krshi­dar­shan’ starts at Chingam 1

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.