4 March 2026, Wednesday

Related news

March 1, 2026
March 1, 2026
February 26, 2026
February 24, 2026
February 20, 2026
February 19, 2026
February 17, 2026
February 15, 2026
February 13, 2026
February 13, 2026

സിയാലിനെ സമ്പൂർണ ഏവിയേഷൻ ഇക്കോ സിസ്റ്റമാക്കുക ലക്ഷ്യം: മുഖ്യമന്ത്രി

Janayugom Webdesk
കൊച്ചി
February 9, 2026 5:30 am

സിയാലിനെ സമ്പൂർണ ഏവിയേഷൻ ഇക്കോ സിസ്റ്റമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിയാൽ എയ്റോ പാർക്ക് ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി പാർക്ക് ഉൾപ്പെടുന്ന രണ്ടാം ഘട്ടവും എയ്റോ സിറ്റി ഉൾപ്പെടുന്ന മൂന്നാം ഘട്ടവും ഉടൻ യാഥാർത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഏവിയേഷൻ സംബന്ധമായ അറ്റകുറ്റപ്പണികൾ, ട്രെയിനിങ്, ടെക്നിക്കൽ സപ്പോർട്ട് സർവീസുകൾ എന്നിവയ്ക്കായുള്ള ഒരു പ്രത്യേക മേഖലയായാണ് എയ്റോ പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും എംആർഒ വിഭാഗങ്ങൾക്കും പുറമെ 101 കോടി രൂപയുടെ പുതിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പുതിയ പദ്ധതിയിലൂടെ നേരിട്ട് രണ്ടായിരത്തോളം പേർക്കും അതിന്റെ മൂന്നിരട്ടി പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. 

എയ്റോ പാർക്കിൽ പുതിയതായി ചേർത്ത 40, 000 ചതുരശ്ര അടിയിൽ 30 കോടി രൂപ ചെലവഴിച്ച നിർമ്മിച്ച സിഐഎഎസ്എൽ ബിസിനസ് സെന്റർ, എയർസൈഡ് ഓപ്പറേഷൻസിന്റെ സുരക്ഷയ്ക്കായുള്ള 13 കോടിയുടെ ടെക്നിക്കൽ സർവീസസ് ഫെസിലിറ്റി, അഗ്നിശമന സേനാംഗങ്ങൾക്ക് പരിശീലനം നൽകുന്നതിനുള്ള രണ്ട് കോടി ചെലവിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ബ്രീത്തിംഗ് അപ്പാരറ്റസ് ട്രെയിനിംഗ് ഗാലറി എന്നിവയാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. കൂടാതെ, 45 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മൂന്നാമത്തെ ഹാങ്ങർ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിനോടൊപ്പം വ്യോമയാന സുരക്ഷാ പരിശീലനത്തിനായി 8 കോടി രൂപയുടെ ഏവിയേഷൻ പ്രഷർ‑ഫെഡ് ഫയർ ഫൈറ്റിംഗ് ഫെസിലിറ്റി, ഇന്ത്യയിലാദ്യമായി ഒരു വിമാനത്താവളത്തിനുള്ളിൽ 3 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന അണ്ടർ വാട്ടർ റെസ്ക്യു ട്രെയിനിങ് ഫെസിലിറ്റി എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ലാഭമുണ്ടാക്കുന്ന ഒരു ബിസിനസ് സ്ഥാപനം എന്നതിലുപരി, നാടിനെയും തൊഴിലാളികളെയും ഒരുപോലെ ചേർത്തുപിടിച്ചുകൊണ്ടുള്ള വികസന മാതൃകയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) ഉയർത്തിപ്പിടിക്കുന്നതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ചടങ്ങിൽ ആധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.