19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 5, 2024
December 2, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024
November 20, 2024

സംസ്ഥാന സര്‍ക്കാരിനുമുന്നില്‍ അവകാശപത്രിക സമര്‍പ്പിച്ച് എഐഎസ്എഫ്

web desk
July 12, 2023 11:05 pm

ഐഎസ്എഫിന്റെ പോരാട്ടങ്ങള്‍ വിശ്രമമില്ലാത്തതാണ്. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പൊരുതിത്തുടങ്ങിയ ആ വിപ്ലവ വീര്യം ഭരണകൂടത്തിന്റെ മുഖം നോക്കാതെ ഇന്നും തുടരുന്നു. പഠിക്കുക, പോരാടുക എന്ന എഐഎസ്എഫ് മുദ്രാവാക്യത്തിന്റെ പ്രസക്തി പതിറ്റാണ്ടുകള്‍ പോയ്മറഞ്ഞാലും കാലഹരണപ്പെടാതെ, അപഹരിക്കാന്‍ തോന്നുന്ന രക്താക്ഷരങ്ങളായി നിലനില്‍ക്കും. 1936ല്‍ രൂപംകൊണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം കേരളത്തിലെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലേക്കും ജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലേക്കും വിദ്യാര്‍ത്ഥി മാര്‍ച്ചുകള്‍ നടത്തുകയാണ്. വിവിധങ്ങളായ ആവശ്യങ്ങള്‍ ചേര്‍ത്ത് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സര്‍ക്കാരിനുമുന്നില്‍ സമര്‍പ്പിച്ചശേഷമാണ് വ്യാഴാഴ്ച എഐഎസ്എഫുകാര്‍ സമരത്തിനിറങ്ങുന്നത്.

പഠനത്തോടൊപ്പം പോരാടുന്ന എഐഎസ്എഫ്, കലാലയങ്ങളിൽ സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കുവാൻ നിയമനിർമ്മാണം നടത്തണമെന്നാണ് പ്രധാന മുദ്രാവാക്യമായി ഉന്നയിക്കുന്നത്. അതിനൊപ്പം എസ്എസ്എൽസി വിജയശതമാനത്തിനനുസരിച്ച് പുതിയ ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ സർവകലാശാലകളിൽ ഏകീകൃത അഡ്മിഷൻ-പരീക്ഷ കലണ്ടറും ഫീസ് ക്രമവും കൊണ്ടുവരണമെന്നാണ് സംഘടനയുടെ പക്ഷം. ഇക്വലൻസി സർട്ടിഫിക്കറ്റ് അപേക്ഷകൾ കൃത്യമായ പരിശോധനകൾക്ക് വിധേയമാക്കുകയും വേണം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ന്യൂനതകൾ പരിഹരിക്കാൻ സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ നയം രൂപീകരിക്കേണ്ടതുണ്ട്. ഇത് വിദ്യാഭ്യാസ മേഖലയിൽ ഒരു ബദലായി ഉയർത്തിക്കൊണ്ടുവരണമെന്നാണ് എഐഎസ്എഫ് പറയുന്നത്.

കേരളത്തിലെ എല്ലാ സർവകലാശാലകളിലും അഡ്മിഷൻ കലണ്ടറും ഗവേഷക ഫെലോഷിപ്പുകളും ഏകീകരിക്കണം. ഗവേഷക ഫെലോഷിപ്പ് യുജിസി ഫെലോഷിപ്പിന്റെ 75ശതമാനമാക്കി ഉയർത്തേണ്ടതിന്റെ ആവശ്യകതയും അവകാശപത്രികയില്‍ എടുത്തുപറയുന്നുണ്ട്. സർവകലാശാല, കോളജ് ലൈബ്രറികൾ ഡിജിറ്റലെസ്സ് ചെയ്യണമെന്നതും പ്രധാന ആവശ്യമാണ്.

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബാക്കി ഉയർത്തുന്നതിന് സർവകലാശാല തലത്തിൽ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കണം. എല്ലാ സ്കൂൾ, കോളജ്, സർവകലാശാലകളിലും സാനിറ്ററി നാപ്കിൻ വൈൻഡിങ് മെഷീനുകള്‍ സ്ഥാപിക്കണം. വിദ്യാർത്ഥികളുടെ മാനസിക സമ്മർദം ഒഴുവാക്കുന്നതിനായി കലാലയങ്ങളിൽ സൈക്കോളജി കൗൺസിലർമാരെ ഉൾപ്പെടുത്തി സമിതികൾ രൂപീകരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. ഗവേഷക വിദ്യാർത്ഥികളുടെ ഫീസ് മുഴുവൻ സർവലാശാലകളിലും ഏകീകരിക്കണം. ഗവേഷക വിദ്യാർത്ഥി പ്രബന്ധം സമർപ്പിച്ചാൽ ആറ് മാസത്തിനുള്ളിൽ ഓപ്പൺ ഡിഫൻസ് സംഘടിപ്പിക്കുന്നതിനുവേണ്ടിയും നിയമം ഏകീകരിക്കേണ്ടിയിരിക്കുന്നു. ഹയർ സെക്കന്‍ഡറി തലം വരെ ഉച്ചഭക്ഷണ പദ്ധതി വിപുലീകരിക്കുക. എല്ലാ സ്കൂളുകളിലും കോളജുകളിലും സ്മാർട്ട് ക്ലാസ് റൂമുകൾ ക്രമീകരിക്കേണ്ടതിന്റെ പ്രാധാന്യവും അവകാശപത്രികയില്‍ ചൂണ്ടിക്കാട്ടുന്നു.

കലാലയങ്ങളിൽ സ്കിൽ ഡവലപ്മെന്റ് ഇൻക്വുബേഷൻ സെന്ററുകൾ തുടങ്ങാനും വിവിധ കമ്പനികളിൽ നിന്നും ക്യാമ്പസ് പ്ലേസ്മെന്റ് ലഭ്യമാക്കുന്നതിനായി പദ്ധതി തയ്യാറക്കണം. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ അക്കാദമിക് രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ നാട്ടിലെ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി ഓൺലൈൻ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി സംവാദ പരിപാടികള്‍ സംഘടിപ്പിക്കണം. സ്കിൽ അക്വേസേഷൻ പ്രോഗ്രാം സംസ്ഥാനത്തെ എല്ലാ ഹയർ സെക്കന്‍ഡറി സ്കൂളുകളിലും വ്യാപിപ്പിക്കണം. വിദ്യാർത്ഥികളെ അവരുടെ അഭിരുചിക്കനുസരിച്ച് മുന്നേറാനുള്ള പ്രോത്സാഹനമായി അത് മാറുകയും വേണം. സർവശാല തരത്തിൽ പുതുതലമുറ കോഴ്സുകൾ ആരംഭിക്കുക. സർവ്വകലാശാല തലത്തിൽ റെസിഡൻഷ്യൽ ക്യാമ്പസുകൾ ആരംഭിക്കാനും പദ്ധതിയിടണം. കാർഷിക, ഡിജിറ്റൽ, സാകേതിക സർവകലാശാലകളെ പൊതുജനങ്ങളുമായി കൂടുതൽ അടുപ്പിക്കുന്നതിനുവേണ്ടി പദ്ധതി തയ്യാറാക്കണം. കാർഷിക, ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളെ കൂടുതൽ ജനകീയമാക്കുന്നതിനായാണ് എഐഎസ്എഫിന്റെ ഈ നിര്‍ദ്ദേശം.

കേരളത്തിലെ വിവിധ സർവകലാശാല പഠന വകുപ്പുകളിൽ കൂടുതൽ ഇന്റർ ഡിസിപ്ലിനറി കോഴ്സുകൾ ആരംഭിക്കുന്നതിനും നടപടി വേണം. നമ്മുടെ സർവകലാശാലകളെ ഒരു അക്കാദമിക്ക് ടൂറിസം ഹബാക്കി മാറ്റുന്നതിനായി ഒരു ഉന്നതസമിതിയെ നിയോഗിക്കുന്നതിനൊപ്പം, വിദ്യാർത്ഥി സംഘടനകളുടെ പ്രാതിനിധ്യം കൂടി ഉറപ്പുവരുത്തി വിവധ തലങ്ങളിൽ വിശദമായ സാധ്യതകൾ പരിശോധിക്കുകയും വേണം. ഐടിഐ ഫാർമസികൾ വിപുലീകരിക്കണം. പഞ്ചായത്ത് അടിസ്ഥാനത്തിൽ പൊതു മൈതാനങ്ങൾ നിർമ്മിക്കണം. ട്രാൻസ്ജെന്റർ വിദ്യാർത്ഥികൾക്കായി ക്യാമ്പസുകളിൽ പ്രത്യേക അമിനിറ്റി സെന്ററുകൾ ആരംഭിക്കണം. ട്രാൻസ്ജെന്റർ സൗഹൃദ ക്യാമ്പസുകൾക്കായി ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കണം എന്നിങ്ങനെയും എഐഎസ്എഫ് സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശ പത്രികയില്‍ ആവശ്യപ്പെടുന്നുണ്ട്.

ക്യാമ്പസുകളിൽ ഡിജിറ്റൽ ലൈബ്രറി കാര്യക്ഷമമാക്കണം. വിക്ടേഴ്സ് ചാനൽ ആകർഷകമാക്കണം. ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളജുകളിൽ പുതിയ ബാച്ചുകളും കോഴ്സുകളും അനുവദിക്കണമെന്നും ആവശ്യപ്പെടുന്നു. എസ്‌സി ‑എസ്‌ടി വിദ്യാർത്ഥികളുടെ സ്റ്റൈഫന്റ് കാലാനുസൃതമായി വർധിപ്പിക്കുകയും സമയബന്ധിതമായി വിതരണം നടത്തുകയും ചെയ്യണമെന്ന ആവശ്യവും എഐഎസ്എഫ് ഉന്നയിക്കുന്നുണ്ട്. സ്വയംഭരണ കോളജുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് പരിശോധന നടത്തണം. എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടുക. സ്കൂളുകളിലെ ലൈബ്രറി സംവിധാനം മെച്ചപ്പെടുത്തുകയും ഇ‑ലൈബ്രറി സംവിധാനം ഏർപ്പെടുത്തുകയും ചെയ്യുക. കലോത്സവ മാനുവൽ പരിഷ്കരിക്കുക. പോളിടെക്നിക് കോളജുകളിലെ കോഴ്സുകൾ കാലാനുസൃതമായി പരിഷ്കരിക്കുക. സ്ത്രീധനവിരുദ്ധ അവബോധം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും അവകാശപത്രികയിലുണ്ട്.

നാല് വർഷ ഡിഗ്രി കോഴ്സുകൾ വേണ്ടത്ര മുന്നൊരുക്കവും അടിസ്ഥാന സൗകര്യവും ഇല്ലാതെ ആരംഭിക്കരുതെന്നാണ് മുഖ്യമന്ത്രിക്ക് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആര്‍ എസ് രാഹുല്‍ രാജും സെക്രട്ടറി പി കബീറും നേരിട്ട് നല്‍കിയ വിദ്യാര്‍ത്ഥികളുടെ അവകാശ പത്രികയില്‍ നിര്‍ദേശിക്കുന്നത്. വ്യാജ ബിരുദങ്ങൾ തടയുവാനുള്ള ഇടപെടൽ നടത്തണമെന്നും ക്യാമ്പസുകളിൽ ലഹരി വിമുക്ത അവബോധം വളർത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും ആവശ്യപ്പെടുന്നു. സ്വകാര്യ സർവ്വകലാശാലകൾ സംസ്ഥാനത്ത് അനുവദിക്കരുതെന്നും വിദേശ സർവ്വകലാശാലകളെ സംസ്ഥാനത്തേക്ക് ക്ഷണിക്കുവാനുള്ള ശ്രമം നടത്തരുതെന്നും എഐഎസ്എഫ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ അവകാശപത്രിക അംഗീകരിക്കണമെന്നാണ് വ്യാഴാഴ്ച നടക്കുന്ന പ്രക്ഷോഭത്തിലൂടെ എഐഎസ്എഫ് ഉന്നയിക്കുന്നത്.

Eng­lish Sam­mury: AISF Protests against State Gov­ern­ment kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.