ലക്ഷദ്വീപില്‍ സർക്കാർ സ്കൂളുകളിലെ അധ്യാപക ഒഴിവ് നികത്തണമെന്നുള്‍പ്പടെയുള്ള ആവശ്യപ്പെട്ട് സമരം ചെയ്ത എഐഎസ്എഎഫ് പ്രവർത്തകർക്കെതിരെ സസ്പെന്‍ഷന്‍ നടപടി. അഗത്തി ഗവ. സീനിയർ ഹയർസെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥികള്‍ക്കെതിരായാണ് നടപടിയുണ്ടായത്. നവംബർ 17 ന് സ്കൂളില്‍ നടത്തിയ സമരത്തിന് നേതൃത്വം കൊടുത്ത മൂന്ന് വിദ്യാർത്ഥികളാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. പത്താംക്ലാസ് വിദ്യാർത്ഥിയായ ഫസലു റഹ്മാന്‍ ആർഎന്‍, പ്ലസ് വണ്‍ വിദ്യാർത്ഥികളായ നൗഫല്‍ കെപി, മുഹമ്മദ് നസീക്ക് എസ്എം എന്നിവർക്കെതിരെയാണ് നടപടിയുണ്ടായത്. നവംബർ 21 മുതല്‍ നവംബർ 25 വരെയുള്ള അഞ്ച് ദിവസമാണ് ഇവരെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സ്കൂളിലെ ഒഴിവുകളിലേക്ക് കോൺട്രാക്ട് അദ്ധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് എഐഎസ്എഫിന് കീഴിലാണ് വിദ്യാർത്ഥികള്‍ സമരം ചെയ്തത്.
അതേസമയം, പരീക്ഷ സംബന്ധിച്ചും സ്കോളർഷിപ്പ് വിഷയത്തിലും ആരോപണമുന്നയിച്ച് വിദ്യാർത്ഥികള്‍ നടത്തിയ സമരം അച്ചടക്ക ലംഘനമാണെന്നാണ് ദ്വീപ് വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ക്ലാസുകളില്‍ നിന്ന് മനപൂർവ്വം വിട്ടുനിന്നതും മറ്റു കുട്ടികളുടെ ക്ലാസ് തടസപ്പെടുത്തിയതും ഉള്‍പ്പടെയുള്ള അച്ചടക്ക ലംഘനങ്ങളാണ് കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടായെന്നും ഇക്കാരണത്താല്‍ വിദ്യാർത്ഥികളെ സസ്പെന്‍ഡ് ചെയ്യണമെന്നും ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ വിശാല്‍ ഷാ ഐഎഎസ് ഉത്തരവില്‍ പറയുന്നു. ഒപ്പം സമരത്തിന് നേതൃത്വം കൊടുത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് കെെമാറണമെന്ന നിർദേശവും ഹെഡ്മാസ്റ്റർക്ക് നല്‍കി.
തുടർന്ന് വിദ്യാർത്ഥികളുടെ സസ്പെന്‍ഷന്‍ അറിയിച്ച് പുറത്തുവിട്ട സ്കൂള്‍ നോട്ടീസില്‍ സ്കൂളിന്റെ ചട്ടങ്ങളും അച്ചടക്കവും ലംഘിച്ചു എന്ന ആരോപണങ്ങള്‍ക്ക് പുറമെ പ്രിന്‍സിപ്പാളിന്റെ കാരണം കാണിക്കല്‍ നോട്ടീസിനോട് വിദ്യാർത്ഥികള്‍ ഭീഷണിയുടെ സ്വരത്തിലാണ് പ്രതികരണം നല്‍കിയതെന്നും സ്കൂള്‍ അധികൃതർ പറയുന്നു. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയ സംവിധായക ഐഷ സുല്‍ത്താന നടപടി എന്തടിസ്ഥാനത്തിലാണെന്ന് അധികൃതർ വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു.
english summary;AISF workers suspended in Lakshadweep
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.