
വാരനാട് സ്വദേശിനി ഐഷയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു. കേസിൽ പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെ പ്രതിയാക്കി ചേർത്തല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. സെബാസ്റ്റ്യനെ ഉടൻ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്താനാണ് തീരുമാനം. നേരത്തെ, കാണാതായ കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭൻ, ഏറ്റുമാനൂർ സ്വദേശി ജൈനമ്മ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലും സെബാസ്റ്റ്യനെ പൊലീസ് പ്രതി ചേർത്തിരുന്നു. ജൈനമ്മ, ബിന്ദു കേസുകൾക്ക് പിന്നാലെ കാണാതായ ഐഷയുടെ കേസും പുനരന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു. സെബാസ്റ്റ്യന്റെ സുഹൃത്തും മുൻ സർക്കാർ ജീവനക്കാരിയുമായ ഐഷയെ ഇയാൾ കൊലപ്പെടുത്തി എന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെയാണ് പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
അന്വേഷണത്തിന്റെ ഭാഗമായി ഐഷയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. സ്വർണവും പണവും കൈക്കലാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് കണ്ടെത്തൽ. ഐഷയുടെ രണ്ട് ലക്ഷം രൂപയും ഒന്നര പവന്റെ മാലയും സെബാസ്റ്റ്യൻ കൈവശപ്പെടുത്തിയതായും അന്വേഷണ സംഘം പറയുന്നു. ഐഷയെ മർദിക്കുന്നത് കണ്ടെന്ന സാക്ഷിമൊഴിയും കൊലക്കേസിൽ സെബാസ്റ്റ്യനെ പ്രതി ചേർക്കുന്നതിന് കാരണമായി. സെബാസ്റ്റ്യനെ കസ്റ്റഡിയിൽ കിട്ടുന്നതിനായി ചൊവ്വാഴ്ച അപേക്ഷ നൽകും. 2012 മേയ് 13നാണ് ഐഷയെ കാണാതാകുന്നത്. ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഐഷ പിന്നീട് തിരിച്ചെത്തിയില്ല. പഞ്ചായത്ത് ജീവനക്കാരിയായി വിരമിച്ച് രണ്ട് വർഷത്തിനുള്ളിലായിരുന്നു ഈ തിരോധാനം. മേയ് 21ന് കുടുംബം ചേർത്തല പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.