30 May 2024, Thursday

രാജ്യം ഭരിക്കുന്നത് ചരിത്രബോധമില്ലാത്ത കോമാളികള്‍ : ആര്‍ സജി ലാല്‍

Janayugom Webdesk
  കാഞ്ഞങ്ങാട്
October 24, 2021 7:13 pm

മഹാത്മാഗാന്ധി പറഞ്ഞതു കൊണ്ടാണ് വിഡി സവര്‍ക്കര്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന് മാപ്പെഴുതി കൊടുത്തത് എന്ന് പറയുന്ന ചരിത്ര ബോധമില്ലാത്ത കോമാളികള്‍ കളാണ് രാജ്യം ഭരിക്കുന്നതെന്ന് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ ആര്‍ സജിലാല്‍ പറഞ്ഞു. എ ഐ വൈ എഫ് കാസര്‍കോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 45 വര്‍ഷക്കാലത്തെ അതിരൂക്ഷമായ തൊഴിലില്ലായ്മ്മയാണ് രാജ്യം ഇന്ന് നേരിടുന്ന പ്രധാന പ്രശ്‌നം. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങളും കഴിവുകേടുമാണ് ഈ അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചത്. രാജ്യത്തെ ഒറ്റുകൊടുത്തവരാണിവര്‍. മാപ്പെഴുതി കൊടുത്തവരാണിവര്‍. ചരിത്രത്തില്‍ ഇടമില്ലാതായ ഇവര്‍ ചരിത്രത്തെ വികലമാക്കി ഇടം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ആര്‍ സജിലാല്‍ പറഞ്ഞു. എസ്എഫ്‌ഐ കാമ്പസുകളില്‍ നടത്തുന്ന അക്രമ രാഷ്ട്രീയം വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിനെതിരായും അരാഷ്ട്രീയ വല്‍ക്കരണത്തിനും വേണ്ടി വാദിക്കുന്നവര്‍ക്ക് ഉര്‍ജ്ജ പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജു ഉണ്ണിത്താന്‍, ധനീഷ് ബിരിക്കുളം, അജിത് എം സി, സുനിത വി വി, ഹരിദാസ് പെരുമ്പള എന്നിവരടങ്ങിയ പ്രസീഡിയവും മുകേഷ്ബാലകൃഷ്ണന്‍, എം ശ്രീജിത്ത്, സനോജ് കാടകം എന്നിവരടങ്ങിയ സ്റ്റീയറിംഗ് കമ്മറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും ജില്ലാ പ്രസിഡണ്ട് ബിജു ഉണ്ണിത്താന്‍ ഭാവി പ്രവര്‍ത്തന രേഖയും അവതരിപ്പിച്ചു. സംസ്ഥാന ജോ. സെക്രട്ടറി എന്‍ അരുണ്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ധനീഷ് ബിരിക്കുളം രക്തസാക്ഷി പ്രമേയവും സനോജ് കാടകം അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ സെക്രട്ടറി് ബങ്കളം കുഞ്ഞികൃഷ്ണന്‍, ബി കെ എംയു ജില്ലാ സെക്രട്ടറി സി പി ബാബു, എഐടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് കെ എസ് കുര്യാക്കോസ്, സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവംഗം അഡ്വ. വി സുരേഷ് ബാബു, മഹിളാസംഘം ജില്ലാ സെക്രട്ടറി പി ഭാര്‍ഗവി സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ സി കെ ബാബുരാജ് സ്വാഗതം പറഞ്ഞു. സമ്മേളനത്തിന് തുടക്കം കുറിച്ച് രാവിലെ ജില്ലാ പ്രസിഡണ്ട് ബിജു ഉണ്ണിത്താന്‍ പതാക ഉയര്‍ത്തി.

ആരോഗ്യ ശുശ്രൂഷ രംഗത്തെ ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കണം: എഐവൈഎഫ്
കാസര്‍കോട് ജില്ലയിലെ ആരോഗ്യ ശുശ്രൂഷ രംഗത്തെ ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്ന് എഐവൈഎഫ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ആരോഗ്യ ശുശ്രൂഷ രംഗത്തെ പിന്നോക്കാവസ്ഥ ജില്ലയിലെ വികസന പ്രക്രിയയെ പിന്നോട്ട് വലിക്കുകയാണ്. ഉക്കിനടുക്കയില്‍ ആരംഭിച്ച മെഡിക്കല്‍ കോളേജ് ശൈശവദശയില്‍ തന്നെ തുടരുകയാണ്. എന്‍ഡോസള്‍ഫാന്‍ ഇരകളായ രോഗികള്‍ നിരവധിയുള്ള പ്രദേശത്ത് അനുവദിച്ച കോളേജിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി ആരംഭിക്കാത്തത് ജനതയോട് ചെയ്യുന്ന ക്രൂരതയാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ടിംഗ്, ജീവനക്കാരുടെ നിയമനം എന്നിവയ്ക്ക് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണം. കാഞ്ഞങ്ങാട് നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്ത അമ്മയും കുഞ്ഞും ഹോസ്പിറ്റല്‍ എത്രയും പെട്ടന്ന് പ്രവര്‍ത്തന സജ്ജമാക്കണമെന്നും ചട്ടഞ്ചാലില്‍ ആരംഭിച്ച ടാറ്റ ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാശുപത്രിയിലെ പണി തീര്‍ന്ന ബ്ലോക്ക് തുറന്ന് കൊടുക്കുക കൂടി ചെയ്യ്താല്‍ ആരോഗ്യരംഗത്ത് നല്ല മുന്നേറ്റം തന്നെ ജില്ലയില്‍ ഉണ്ടാവുകയും മികച്ച ചികിത്സ സൗകര്യം ലഭ്യമാകുകയും ചെയ്യും. ഇക്കാര്യത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്ന് എഐവൈഎഫ് കാസര്‍കോട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

എം ശ്രീജിത് എഐവൈഎഫ് ജില്ലാ സെക്രട്ടറി അജിത് എം സി പ്രസിഡണ്ട് 
എം ശ്രീജിത്തിനെ ജില്ലാ സെക്രട്ടറിയായും അജിത് എം സി യെ ജില്ലാ പ്രസിഡണ്ടായും എഐ വൈ എഫ് ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. അഡ്വ. എസ് എന്‍ സരിത, ഹരീഷ് കെ ആര്‍ എന്നിവരെ ജില്ലാ വൈസ് പ്രസിഡണ്ടുമാരായും ധനീഷ് ബിരിക്കുളം, സുനില്‍കുമാര്‍ കാസര്‍കോടിനെ ജില്ലാ ജോ. സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു.

അജിത് എം സി (ജില്ലാ പ്രസിഡണ്ട്),

എം ശ്രീജിത് (സെക്രട്ടറി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.