22 January 2026, Thursday

Related news

November 17, 2025
June 1, 2025
October 11, 2024
February 25, 2024
January 31, 2024
February 16, 2023

ജയപ്രകാശ് നാരായണിന് ആദരം അർപ്പിക്കുന്നതിന് അഖിലേഷ് യാദവിന് വിലക്ക്

Janayugom Webdesk
ലഖ്നൗ
October 11, 2024 11:26 pm

സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിന് സമാജ്‌വാദി പാർട്ടി (എസ്‌ പി) അധ്യക്ഷൻ അഖിലേഷ് യാദവിന് സര്‍ക്കാര്‍ വിലക്ക്. ഉത്തർപ്രദേശിലെ ജയപ്രകാശ് നാരായണ്‍ ഇന്റർനാഷണല്‍ സെന്ററി(ജെപിഎൻഐസി)ലേക്കുള്ള പ്രവേശന കവാടങ്ങൾ വ്യാഴാഴ്ച രാത്രി ടിൻ ഷീറ്റുകൾ കൊണ്ട് മറയ്ക്കുകയായിരുന്നു. വന്‍ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ബാരിക്കേഡുകൾ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രദേശത്ത് ജയപ്രകാശ് നാരായണിന്റെ പോസ്റ്ററുകളുമേന്തി എസ്‌പി പ്രവർത്തകര്‍ പ്രതിഷേധം നടത്തി. നിരവധി എസ് പി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ സാഹചര്യം സംഘർഷഭരിതമായി. ടിൻ ഷീറ്റുകളുപയോഗിച്ച് സർക്കാർ എന്ത് മറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് അഖിലേഷ് ചോദ്യമുയർത്തി. എല്ലാ വർഷവും ഈ ദിവസം സോഷ്യലിസ്റ്റുകൾ ഇവിടെ ഒത്തുകൂടുമായിരുന്നു. അവര്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു. എന്നാല്‍ ബിജെപി ഇതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.

ബിജെപി സർക്കാർ ജനാധിപത്യത്തെ നിരന്തരം ആക്രമിക്കുകയാണ്. ജെപിഎൻഐസി പോലുള്ള വികസനപ്രവർത്തനങ്ങള്‍ ഇല്ലാതാക്കി മഹാന്മാരെ ബിജെപി അപമാനിക്കുന്നു. ഈ ഏകാധിപതികള്‍ക്കു മുന്നില്‍ സോഷ്യലിസ്റ്റുകള്‍ ഒരിക്കലും തലകുനിക്കില്ലെന്നും അഖിലേഷ് പറഞ്ഞു. സമാജ്‌വാദി പാർട്ടി ഓഫിസിന് പുറത്തും പൊലീസ് തടസങ്ങൾ സൃഷ്ടിച്ചതായി അവകാശപ്പെടുന്ന വീഡിയോകളും അഖിലേഷ് യാദവ് പുറത്തുവിട്ടിരുന്നു. അഖിലേഷിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ജെപിഎൻഐസി നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ജെപിഎൻഐസിയില്‍ നിർമ്മാണപ്രവർത്തനങ്ങള്‍ നടക്കുകയാണെന്നും നിർമ്മാണസാമഗ്രികളാണ് പ്രദേശത്ത് മുഴുവനെന്നും നോട്ടീസില്‍ പറയുന്നു. മഴ പെയ്തതിനാല്‍ നിരവധി പ്രാണികളുണ്ടെന്ന വിചിത്ര ന്യായവും നോട്ടീസിലുണ്ട്. 

ജെഎൻപിഐസിയിലെ പ്രതിമ സന്ദർശിക്കാൻ കഴിയാതെ വന്നതോടെ അഖിലേഷ് യാദവ് തന്റെ വസതിയിൽ വാഹനത്തിൽ സ്ഥാപിച്ച പ്രതിമയിൽ നൂറുകണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മാല ചാർത്തി. കഴിഞ്ഞ വർഷവും അഖിലേഷ് യാദവിനെ ജെപിഎൻഐസി സന്ദർശിക്കാൻ അനുവദിച്ചിരുന്നില്ല. ഇതോടെ മതില്‍ ചാടിക്കടന്ന് പ്രതിമയില്‍ മാലചാര്‍ത്തുകയായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.