25 November 2024, Monday
KSFE Galaxy Chits Banner 2

അക്ഷര മ്യൂസിയം ഉദ്ഘാടനം നാളെ

Janayugom Webdesk
കോട്ടയം
November 25, 2024 10:00 am

അക്ഷര നഗരിക്ക് അഭിമാനമേകി അക്ഷര മ്യൂസിയത്തിന്റെ ഉദ്ഘാടനം നാളെ. സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകം ഇന്ത്യാപ്രസ് പുരയിടത്തിൽ നിർമ്മിച്ച മ്യൂസിയത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. യോഗത്തിൽ മന്ത്രി വി എൻ വാസവന്‍ അധ്യക്ഷത വഹിക്കും. ലെറ്റർ ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രഖ്യാപനവും നിർവ്വഹിക്കും. യോഗത്തിൽ സഹകരണവകുപ്പും സാഹിത്യപ്രവർത്തക സഹകരണസംഘവും സംയുക്തമായി ഏർപ്പെടുത്തിയ അഞ്ചാമത് അക്ഷര പുരസ്കാരം എം മുകുന്ദന് മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിക്കും. 

യോഗത്തിൽ ഡോ. വീണ എൻ മാധവൻ സ്വാഗതവും അഡ്വ. പി കെ ഹരികുമാർ ആമുഖപ്രഭാഷണവും ഡോ. ഡി സജിത് ബാബു റിപ്പോർട്ടും അവതരിപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ സാഹിത്യപ്രതിഭകളായ ടി പദ്മനാഭൻ, എം കെ സാനു, എൻ എസ് മാധവൻ, പ്രൊഫ. വി മധുസൂദനൻനായർ, ഏഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. കൂടാതെ ചരിത്രകാരനായ ഡോ. എം ആർ രാഘവവാരിയർ, തോമസ് ജേക്കബ്, മുരുകൻ കാട്ടാക്കട, ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ്, ഡൽഹി റോക്ക് ആർട്ട് ഡിവിഷൻ മേധാവി ഡോ. റിച്ച നെഗി, നാഷണൽ മ്യൂസിയം അസിസ്റ്റന്റ്ക്യൂറേറ്റർ മൗമിത ധർ തുടങ്ങിയവരും സംബന്ധിക്കും. 

ഇന്ത്യയിലെ ആദ്യത്തെ ഭാഷ‑സാഹിത്യ‑സാംസ്കാരിക മ്യൂസിയമാണ് കോട്ടയം നാട്ടകത്ത് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.
അന്തർദേശീയ നിലവാരത്തിൽ ആധുനികസാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് 15,000 ചതുരശ്രയടിയിലാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന തിയേറ്റർ, ഹോളോഗ്രാം സംവിധാനവും മ്യൂസിയത്തിലുണ്ട്.
നാലു ഘട്ടങ്ങളിലായാണ് അക്ഷര മ്യൂസിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. ആദ്യഘട്ടത്തിൽ ഭാഷയുടെ ഉല്പത്തി മുതൽ മലയാളഭാഷയുടെ സമകാലികമുഖം വരെ അടയാളപ്പെടുത്തുന്ന നാല് ഗാലറികളിലായാണ് ഉള്ളടക്കം പ്രദർശിപ്പിച്ചിട്ടുള്ളത്.
മനുഷ്യഭാഷയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട വിഡീയോ പ്രൊജക‍്‍ഷൻ, വാമൊഴി പാരമ്പര്യം, ഗുഹാചിത്രങ്ങൾ, ചിത്രലിഖിതങ്ങൾ എന്നിവയുടെ വിശദാംശങ്ങളാണ് ഒന്നാം ഗാലറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.