22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 26, 2024
October 20, 2024
September 26, 2024
September 3, 2024
August 22, 2024
August 13, 2024
June 13, 2024
May 27, 2024
March 9, 2024
February 3, 2024

അധ്യാപകര്‍ക്ക് കടമകളേറിയ കാലം

ഒ കെ ജയകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി, എകെഎസ്‌ടിയു)
February 17, 2023 4:45 am

കാല്‍ നൂറ്റാണ്ടിന്റെ വിദ്യാഭ്യാസ പോരാട്ടങ്ങളുടെ അനുഭവവുമായി അധ്യാപകപ്രസ്ഥാനം 26-ാം വാര്‍ഷികത്തിലേക്ക് കടക്കുകയാണ്. ഒരധ്യാപക സംഘടനയ്ക്ക് വിദ്യാഭ്യാസ മേഖലയില്‍ സക്രിയമായി ഇടപെടാമെന്ന്, വ്യത്യസ്ത വീഥിയിലൂടെ സഞ്ചരിച്ച് തെളിയിച്ച പ്രസ്ഥാനമാണ് എകെഎസ്‌ടിയു. മഹാമാരി നിമിത്തം അലങ്കോലമായ അക്കാദമികരംഗം കോവിഡനന്തരം സജീവാന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സംഘടനാ പ്രവര്‍ത്തനവും പുതിയ കടമകളുമേറ്റെടുക്കാന്‍ സന്നദ്ധരായി 26-ാം വാര്‍ഷിക സമ്മേളനത്തിലേക്ക് കടക്കുന്നു. കേരളം പുതിയ ലോകത്തിനും സാഹചര്യത്തിനും ഉചിതമായ മനുഷ്യവിഭവത്തെ രൂപകല്പന ചെയ്യുന്ന പാഠ്യപദ്ധതി പരിഷ്കരണങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. വിഭവങ്ങളെയും വെെവിധ്യങ്ങളെയും കോര്‍ത്തിണക്കി ഭാവിയെ കണ്ടുകൊണ്ടുള്ള ഒരു പാഠ്യപദ്ധതിക്ക് രൂപം നല്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ഇതിനുള്ള നല്ല തുടക്കമായി പാഠ്യപദ്ധതി കരട് രേഖ താഴേത്തലം മുതല്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കികൊണ്ടിരിക്കുകയാണ്. താന്‍ പഠിക്കുന്ന പാഠപുസ്തകം എങ്ങനെ, എന്തൊക്കെ വേണമെന്ന് കുട്ടികള്‍തന്നെ ചര്‍ച്ച ചെയ്യുന്നതിനുള്ള അവസരം ഇദംപ്രഥമമായി കേരളത്തിലെ കുട്ടികള്‍ക്ക് ലഭിച്ചു. ഒപ്പം സമൂഹവും രക്ഷിതാക്കളും ഇതില്‍ പങ്കാളികളായി. എന്നാല്‍ ഈ അക്കാദമിക ചര്‍ച്ചകളെ അതിലെ ഒന്നോ രണ്ടോ വിഷയങ്ങള്‍ ഉയര്‍ത്തി ഇകഴ്ത്താന്‍ ശ്രമവുമുണ്ടായി. ലിംഗസമത്വവും സ്കൂള്‍ സമയവും മാത്രമാണ് ചര്‍ച്ചയുടെ കാമ്പെന്ന് വിവാദമുയര്‍ത്തുന്നത് ദുഷ്ടലാക്കോടെയാണ്.

വിജ്ഞാനവ്യാപനത്തെയും പുരോഗമനാശയങ്ങളെയും എക്കാലത്തും എതിര്‍ത്തുപോന്ന മതമൗലിക ശക്തിയാണ് ഇതിന് പിന്നിലെന്ന് കാണാം. മധ്യകാലഘട്ടത്തിലെ വിജ്ഞാന വിലക്കുകളുടെ അന്ധകാരയുഗത്തിലല്ല സമൂഹം പിന്തുണയ്ക്കുന്നതെന്ന് ബോധ്യപ്പെടുത്താനും ആധുനിക യുഗത്തിന്റെ പ്രയാണത്തോടൊപ്പമാണ് സമൂഹമെന്ന സത്യം തുറന്ന് പറയാനും നമുക്ക് കഴിയേണ്ടതുണ്ട്. ഇടതുപക്ഷ സര്‍ക്കാരിന്റെ പാഠ്യപദ്ധതി പരിഷ്കരണ നടപടികളിലെ ആദ്യ കടമ അതാണെന്ന് എകെഎസ്‌ടിയു വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാഠ്യപദ്ധതി പരിഷ്കരണ ചര്‍ച്ചകള്‍ മതമൗലികവാദികളുടെ ഭീഷണിക്ക് മുന്നില്‍ മാറ്റിവയ്ക്കാന്‍ പാടില്ല. ശാസ്ത്രചിന്തയും യുക്തിബോധവും ആധുനിക വിജ്ഞാനശാഖകളും കാലത്തിനനുസരിച്ച് എങ്ങനെ സന്നിവേശിപ്പിക്കാന്‍ കഴിയുമെന്ന് പരിശോധിക്കുകയും അതിനായി രൂപരേഖ തയാറെടുക്കുകയുമാണ് വേണ്ടത്. കേന്ദ്രതലത്തില്‍ ‘ഹിന്ദുത്വ’ കരിക്കുലം എന്ന രാജ്യത്തിന്റെ ഐക്യത്തിന് അപകടകരമായ പാഠ്യപദ്ധതി നടപ്പാക്കാനുള്ള രഥമൊരുക്കിക്കഴിഞ്ഞു. ചരിത്രത്തിന്റെ അപനിര്‍മ്മിതിയും ശാസ്ത്രചിന്തകളുടെ നിരാസവും, മതനിരപേക്ഷതയുടെ നിരാകരിക്കലുമാണ് ദേശീയനയത്തിന്റെ മുഖമുദ്ര. തീര്‍ച്ചയായും പുരോഗമന അധ്യാപക പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനം ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാകുമിത്.


ഇതുകൂടി വായിക്കൂ: കേരള മോഡലും അനന്തരസത്യങ്ങളും


അധ്യാപനം ഒരു തൊഴിലെന്ന നിലയില്‍ ലഭിക്കേണ്ട ഒട്ടേറെ അവകാശങ്ങളുണ്ട്. അവയോടെല്ലാം ഏറ്റവും അനുകൂലമായ സമീപനം സ്വീകരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. ഒറ്റപ്പെട്ട വിഷയങ്ങള്‍ പരിഹൃതമാകാനുണ്ട് എന്നതും വസ്തുതയാണ്. വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന അധ്യാപക നിയമനങ്ങളും തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കലും ഇതില്‍ പ്രധാനമാണ്. സര്‍ക്കാര്‍ ഇതില്‍ സത്വരനടപടികളിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കാം. സാമ്പത്തിക പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാതെ ഏറ്റെടുത്ത് നടത്താന്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അതോടൊപ്പം പരിഗണിക്കേണ്ട വിഷയമാണ് കുടിശികയായി കിടക്കുന്ന ക്ഷാമബത്ത. മുന്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ ഇതിനൊരു മാതൃകയായിരുന്നു. പ്രാദേശിക കമ്പോളങ്ങളെ സജീവമാക്കാന്‍ അന്ന് സര്‍ക്കാരിന് അതിലൂടെ സാധിച്ചു. നവലിബറല്‍ നയങ്ങളോട് ചേര്‍ന്ന് യുഡിഎഫ് നടപ്പാക്കിയ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക എന്നത് ഇടതുപക്ഷത്തിന്റെ വാഗ്ദാനം കൂടിയാണ്. അതില്‍ ഒളിച്ചുകളി നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ജനകീയ വിദ്യാഭ്യാസത്തെയും പുരോഗമന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പിന്തുണച്ചും തിരുത്തിയും മുന്നോട്ടുപോവുക എന്നതുതന്നെയാണ് എകെഎസ്‌ടിയു എക്കാലത്തും സ്വീകരിക്കുന്ന സമീപനം. ഒപ്പം ഫാസിസ്റ്റ് വാഴ്ചയിലേക്ക് രാജ്യത്തെ നയിക്കുന്ന സംഘ് പരിവാറിനെതിരായ ചെറുത്തുനില്പും. ഇതില്‍ അധ്യാപകര്‍ക്ക് അവരുടേതായ കടമകള്‍ നിര്‍വഹിക്കാനുണ്ട്. കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം അതിനുള്ള ആശയസംവാദ വേദിയാകുമെന്നുറപ്പ്.

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.