23 January 2026, Friday

Related news

January 15, 2026
January 13, 2026
January 12, 2026
December 4, 2025
September 24, 2025
September 17, 2025
August 10, 2025
July 6, 2025
June 19, 2025
June 18, 2025

റയലിനെ പൂട്ടി അല്‍ ഹിലാല്‍; ക്ലബ്ബ് ലോകകപ്പില്‍ സിറ്റിക്കും യുവന്റസിനും വിജയത്തുടക്കം

Janayugom Webdesk
ഫ്ലോറിഡ
June 19, 2025 9:45 pm

ആദ്യ പകുതിയില്‍ തന്നെ റയല്‍ മാഡ്രിഡിനെ സമനിലയില്‍ കുരുക്കി സൗദി ക്ലബ്ബ് അല്‍ ഹിലാല്‍. ക്ലബ്ബ് ലോകകപ്പ് ഗ്രൂപ്പ് എച്ചില്‍ നടന്ന പോരാട്ടത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഇതോടെ മറ്റൊരു നേട്ടവും അല്‍ ഹിലാല്‍ സ്വന്തമാക്കി. ക്ലബ്ബ് ലോകകപ്പ് ചരിത്രത്തിൽ ഒരു യൂറോപ്യൻ ടീമിനെതിരെ പോയിന്റ് നേടുന്ന ആദ്യ അറബ്, ഏഷ്യൻ ടീമായി അൽ ഹിലാൽ. 34-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ഗോണ്‍സാലോ ഗാര്‍ഷ്യസിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്. റോഡ്രിഗോയുടെ അസിസ്റ്റിൽ നിന്നാണ് ഗോൺസാലോ ഗോള്‍ നേടിയത്. ആദ്യപകുതി അവസാനിക്കും മുമ്പ് തന്നെ അല്‍ ഹിലാല്‍ തിരിച്ചടിച്ചു. 41-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൂബന്‍ നെവെസാണ് അല്‍ ഹിലാലിന് സമനില സമ്മാനിച്ചത്. 

പിന്നീട് ഗോളടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല. മത്സരം ഇഞ്ചുറി ടൈമിലേക്കു കടന്നതിനു പിന്നാലെയാണ് റയലിന് അനുകൂലമായി പെ­നാല്‍റ്റി ലഭിക്കുന്നത്. എന്നാല്‍ വാല്‍വെര്‍ദെയുടെ ഷോട്ട് അല്‍ ഹിലാല്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബോനോ തടഞ്ഞിട്ടു.
അതേസമയം ഗ്രൂപ്പ് ജിയില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി വിജയത്തോടെ തുടങ്ങി. മൊറോക്കൻ ക്ലബ്ബ് വയദാദ് കാസാബ്ലാങ്കയ്ക്കെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് സിറ്റി വിജയം സ്വന്തമാക്കിയത്. രണ്ടാം മിനിറ്റില്‍ തന്നെ സിറ്റി ലീഡ് നേടി. ഫില്‍ ഫോഡനാണ് ഗോള്‍ കണ്ടെത്തിയത്. 42–ാം മിനിറ്റിൽ ജെറെമി ഡോക്കു സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ സൂപ്പർ താരം എർലിങ് ഹാളണ്ടിനെ കളത്തിലിറക്കി. എന്നാല്‍ പിന്നീട് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. 87–ാം മിനിറ്റിൽ സിറ്റി താരം റിക്കോ ലൂയിസ് ചുവപ്പ് കാർഡ് കണ്ടു പുറത്തായി. ഗ്രൂപ്പ് ജിയിലെ റ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ്, യുഎഇ ക്ലബ്ബ് അല്‍ ഐന്‍ എഫ്‌സിക്കെതിരെ ഗോള്‍മഴ പെയ്യിച്ചു. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് യുവന്റസിന്റെ വിജയം. ഫ്രഞ്ച് താരം കോലോ മുവാനിയും പോര്‍ച്ചുഗീസ് താരം ഫ്രാന്‍സിസ്‌കോ കോണ്‍സെയ്‌സാവോയും ഇരട്ട ഗോള്‍ നേടി. കെനാന്‍ യില്‍ഡിസാണ് മറ്റൊരു സ്കോറര്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.