
സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ആലപ്പുഴയില്‍ പ്രതിനിധി സമ്മേളന നഗറിൽ സ്ഥാപിക്കുന്ന ദീപശിഖയുടെ പ്രയാണം നാളെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കും. വൈകിട്ട് ആറിന് വലിയ ചുടുകാട്ടിൽ എത്തിക്കുന്ന ദീപശിഖ 10ന് രാവിലെ ഒമ്പതിന് നൂറ് വനിതാ അത്‌ലറ്റുകളുടെ അകമ്പടിയോടെ പ്രതിനിധി സമ്മേളനം നടക്കുന്ന കളർകോട് എസ്‌കെ കൺവെൻഷൻ സെന്ററിൽ (കാനം രാജേന്ദ്രൻ നഗർ) എത്തിക്കും. 10, 11, 12 തീയതികളിലാണ് പ്രതിനിധി സമ്മേളനം.
നാളെ ഉച്ചയ്ക്ക് രണ്ടിന് വയലാറിൽ ദീപശിഖാ പ്രയാണത്തിന്റെ ഉദ്ഘാടനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎല്‍എ നിർവഹിക്കും. മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ എന്നിവർ സംസാരിക്കും. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ക്യാപ്റ്റനായ ജാഥയുടെ വൈസ് ക്യാപ്റ്റൻ വിനീതാ വിൻസന്റും ഡയറക്ടർ ബിബിൻ എബ്രാഹാമുമാണ്. കെ ഷാജഹാൻ, വി ദർശിത്ത് എന്നിവർ അംഗങ്ങളാണ്. പ്രതിനിധി സമ്മേളന നഗറിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദീപശിഖ ഏറ്റുവാങ്ങും.
കെ ആർ ചന്ദ്രമോഹൻ പതാക ഉയർത്തും. 10.45 ന് ജനറൽ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടേറിയറ്റ് അംഗം ഡോ. കെ നാരായണ, പാർട്ടിയുടെ യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രൻ, പി സന്തോഷ് കുമാർ എംപി എന്നിവർ സംസാരിക്കും.
11, 12 തീയതികളിൽ പ്രതിനിധി സമ്മേളനം തുടരും. പൊതുസമ്മേളന നഗറായ ആലപ്പുഴ ബീച്ചിൽ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് മൂവാറ്റുപുഴ റിയൽ ക്രിയേഷൻസ് അവതരിപ്പിക്കുന്ന തോപ്പിൽ ഭാസിയുടെ ഷെൽട്ടർ നാടകവും ഒമ്പതിന് വൈകിട്ട് ഏഴു മണിക്ക് കെപിഎസി അവതരിപ്പിക്കുന്ന തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകവും നടക്കും.
11ന് പകൽ ഏഴ് മണിക്ക് കൊടമന നാരായണൻ നായർ സ്മാരക വായനശാല പാട്ടബാക്കി നാടകം അവതരിപ്പിക്കും.
12ന് വൈകീട്ട് മൂന്നിന് നാൽപ്പാലത്തിന് സമീപത്തുനിന്ന് ആലപ്പുഴ ബീച്ചിലേക്ക് റെഡ് വാേളണ്ടിയർ മാർച്ച് നടക്കും. വൈകീട്ട് അഞ്ചിന് ചേരുന്ന പൊതുസമ്മേളനം ഡി രാജ ഉദ്ഘാടനം ചെയ്യും. 12ന് രാത്രി ഏഴിന് ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് നാടൻ പാട്ടുകളുമുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.