18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 17, 2025
April 17, 2025
April 15, 2025
April 13, 2025
April 12, 2025
April 11, 2025
April 10, 2025
April 9, 2025
April 9, 2025

മദ്യം, മയക്കുമരുന്ന് ഉപഭോഗം; ജില്ലയില്‍ മൂന്ന് മാസത്തിനുള്ളില്‍ ചികിത്സ തേടിയത് 315 പേര്‍

Janayugom Webdesk
കണ്ണൂര്‍
April 1, 2025 11:10 am

ലഹരിക്കടിമപ്പെടുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുമ്പോഴും അതില്‍ നിന്നും മുക്തിനേടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണവും കുറവല്ലെന്ന കണക്കുകള്‍ ആശ്വാസമാകുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം മദ്യം, മയക്കുമരുന്ന് ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപഭോഗം മൂലം രോഗാവസ്ഥയില്‍ ചികിത്സ തേടിയവരുടെ എണ്ണം ജില്ലയില്‍ 2022ല്‍ 944 ആണെങ്കില്‍ 2023ല്‍ 1452 ഉം 2025ല്‍ ജനുവരി മുതല്‍ മാര്‍ച്ച് പകുതി വരെ 351 പേരും ചികിത്സ തേടിയിട്ടുണ്ട്. തൊട്ടടുത്ത ജില്ലയായ കാസര്‍കോട് 351 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. മദ്യം, മയക്കുമരുന്ന് ഉപയോഗം മൂലം ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് പുറമെ അതിന്റെ ഫലമായുണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ കണക്കുകളും ചെറുതല്ല. ഓരോ വര്‍ഷം കഴിയുന്തോറും ലഹരി ഉപഭോഗത്തെ തുടര്‍ന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവും കടുതലാകുകയാണ്. 2025 ജനുവരി മുതല്‍ മാര്‍ച്ച് 16 വരെ മയക്കുമരുന്ന് ഉപയോഗം മൂലമുണ്ടായ കുറ്റകൃത്യങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് 23 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2024ല്‍ 88 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നടന്ന 3070 കൊലപാത കേസുകളില്‍ 52 കൊലപാതകങ്ങള്‍ ലഹരി ഉപയോഗം മൂലം ഉണ്ടായവയാണ്.
മദ്യം മയക്കുമരുന്നു തുടങ്ങിയ ലഹരിയുടെ ഉപയോഗം കാരണം പീഢനം, കൊലപാതകം. ആത്മഹത്യ, മോഷണം തുടങ്ങിയ ഭീകരമായ കുറ്റകൃത്യങ്ങളിലേക്ക് പലരെയും നയിക്കുന്നുവെന്ന വസ്തുതയെ കുറിച്ച് അറിയാമെങ്കില്‍ പോലും യുവതലമുറകളുള്‍പ്പെടെ പലരും ജിജ്ഞാസയുടെ പുറത്ത് ഇത് ഉപയോഗിക്കാന്‍ തുടങ്ങുകയും പിന്നീട് ഇത് ഒഴിവാക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കും എത്തിച്ചേരുകയാണ്. 

ചിലര്‍ സമപ്രായക്കാരില്‍ നിന്നും അംഗീകാരം ലഭിക്കാനും മറ്റു ചിലര്‍ ലഹരി ഉപയോഗിച്ചാല്‍ മാനസികമായ സമ്മര്‍ദ്ദമോ ശാരീരിക വേദനയോ കുറയ്ക്കാന്‍ പറ്റുമെന്ന തെറ്റിദ്ധാരണയുടെ പുറത്തുമാണ് ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നത്. നിക്കോട്ടിന്‍, കൊക്കയ്ന്‍, മരിജ്വാന തുടങ്ങിയ മയക്കുമരുന്നുകള്‍ തലച്ചോറിനെയും കേന്ദ്രനാഡീവ്യുഹത്തെയുമാണ് ബാധിക്കുക. മസ്തിഷ്ക്കത്തെ സാരമായി ബാധിച്ചു തുടങ്ങിയാല്‍ ഒരു വ്യക്തിയുടെ തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെ വഴി ഇത് തടസ്സപ്പെടുത്തുമെന്നാണ് പറയുന്നത്. ഒരു വ്യക്തിയുടെ മാനസകവും ശാരീരികവുമായ അവസ്ഥയെ മാറ്റുന്ന പദാര്‍ത്ഥമാണ് മയക്കുമരുന്ന്. ലഹരിയില്‍ നിന്നും മുക്തിനേടി സാധാരണജീവിതം നയിക്കാനാഗ്രഹിക്കുന്നവര്‍ക്ക് സ്വയം നിയന്ത്രണത്തിലൂടെ അത് സാധ്യമാക്കാവുന്നതെയുള്ളു.
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ കൂടി ലഭ്യമാണെങ്കില്‍ അനാരോഗ്യകരമായ ഇത്തരം അവസ്ഥയില്‍ നിന്നും മോചനം നേടുന്നത് എളുപ്പമാക്കും. ലഹരിയുടെ ലോകത്തേക്ക് വഴി തെറ്റി പോകുന്ന യുവജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നിരവധി ലഹരി മോചന ചികിത്സാ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തന സജ്ജമാണ്. ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെട്ടവരെ ചികിത്സിക്കുവാന്‍ ആരോഗ്യവകുപ്പിന് കീഴില്‍ ലഹരി വിമോചനകേന്ദ്രങ്ങള്‍ നിലവിലുണ്ട്. ഇതിന്റെ ഭാഗമായി ഔഷധ ചികിത്സ, മനശാസ്ത്ര ചികിത്സ, സാമൂഹ്യചികിത്സ, ഗ്രൂപ്പ് തെറാപ്പി എന്നിവ നടന്നുവരുന്നുണ്ട്. ഇതിന് പുറമെ സൈക്യാട്രിസ്റ്റിന്റെ സേവനം ലഭ്യമായിട്ടുള്ള താലൂക്ക്/ജില്ല/ജനറല്‍ ആശുപത്രികളിലും ലഹരി വിമോചന ചികിത്സ ലഭ്യമാണ്. ഇതിന് പുറമെ എക്സൈസ് വകുപ്പുമായി ചേര്‍ന്ന് വിമുക്തി പദ്ധതിക്ക് കീഴില്‍ 14 ലഹരി വിമോചന കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.