21 May 2024, Tuesday

അലിഗഢിന്റെയും പേരുമാറ്റാനൊരുങ്ങി കേന്ദ്രം ; ഹരിഗഢ് എന്നാക്കണെമെന്ന് ബിജെപി

Janayugom Webdesk
ലഖ്‌നൗ
August 17, 2021 7:10 pm

ഉത്തര്‍പ്രദേശില്‍ അലിഗഢ് ജില്ലയുടെ പേര് ഹരിഗഢ് എന്നാക്കി മാറ്റാന്‍ നീക്കം. മെയിന്‍പുരി ജില്ല ഇനിമുതല്‍ മായന്‍ നഗറും ആയേക്കും.
ഇരു ജില്ലകളുടെയും പേരുമാറ്റം നിര്‍ദേശിച്ച് അലിഗഢ്, മെയിന്‍പുരി ജില്ലാ പഞ്ചായത്തുകള്‍ പ്രമേയം പാസാക്കി. യുപി സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഇരു ജില്ലകളും പുതിയ പേരില്‍ അറിയപ്പെടും. ബിജെപി ഭരണമുള്ള ഇരു ജില്ലാ പഞ്ചായത്തുകളുടെയും ആദ്യ യോഗത്തിലാണ് പേരുമാറ്റാനുള്ള തീരുമാനം.
അലിഗഢ് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുത്ത 50 പേരും പ്രമേയത്തെ അനുകൂലിച്ചു. ബ്ലോക്ക് പഞ്ചായത്തുകളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് അലിഗഡ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വിജയ് സിങ് പറഞ്ഞു.

അലിഗഡിലെ ധനിപൂര്‍ എയര്‍സ്ട്രിപ്പിന്റെ പേര് കല്യാണ്‍സിങ് എയര്‍ സ്ട്രിപ്പ് എന്ന് മാറ്റണമെന്നും പ്രമേയം പാസാക്കി.
മെയിന്‍ പുരി ജില്ലാ പഞ്ചായത്ത് യോഗത്തില്‍ സമാജ് വാദി പാര്‍ട്ടി അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. എന്നാല്‍ 11ന് എതിരെ 19 വോട്ടുകള്‍ക്ക് പ്രമേയം പാസായി. ഫിറോസാബാദിന്റെ പേര് ചന്ദ്ര നഗര്‍ എന്നാക്കണമെന്ന് നിര്‍ദേശിച്ച് ഫിറോസാബാദ് ജില്ലാ പഞ്ചായത്തും അടുത്തിടെ പ്രമേയം പാസാക്കിയിരുന്നു.

അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്ഥലനാമങ്ങള്‍ മാറ്റിക്കൊണ്ടുള്ള പഴയ പ്രീണനതന്ത്രത്തിലേക്ക് ബിജെപി ഒരിക്കല്‍കൂടി കടക്കുന്നത്. 2017ല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം മുസ്ലീം പേരിലുള്ള യുപിയിലെ നിരവധി നഗരങ്ങളുടെ പേരുകള്‍ മാറ്റിയിരുന്നു. അലഹബാദ് പ്രയാഗ് രാജാക്കി. ഫൈസാബാദ് നഗരം അയോധ്യയായി. മുഗള്‍സരായ് നഗരത്തിന്റെ പേര് പണ്ഡിറ്റ് ദീന്‍ ദയാൽ ഉപാധ്യായ നഗര്‍ എന്നും പുനര്‍നാമകരണം ചെയ്തിരുന്നു.

Eng­lish sum­ma­ry ;ali­garh name change

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.