16 June 2024, Sunday

ഇറാന്റെ ദേശീയ നഷ്ടവും ഭൗമരാഷ്ട്രീയ വെല്ലുവിളികളും

Janayugom Webdesk
May 21, 2024 5:00 am

­ഇറാൻ ഇസ്ലാമിക റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ അബ്ദുള്ളാഹിയാൻ ഉൾപ്പെടെയുള്ളവർ യാത്രചെയ്തിരുന്ന ഹെലികോപ്റ്റർ തകർന്ന് കൊല്ലപ്പെട്ടുവെന്ന വാർത്ത ആ രാഷ്ട്രത്തിന്റെ ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ഇറാൻ, ആഭ്യന്തരവും ബാഹ്യവുമായി, അഭൂതപൂർവമായ വെല്ലുവിളികളെ നേരിടവേയാണ് ഈ അത്യാഹിതം സംഭവിച്ചിരിക്കുന്നത്. റെയ്സിയുടെ പെട്ടെന്നുള്ള മരണവും തുടർന്നുള്ള ആഭ്യന്തര അധികാര കൈമാറ്റവും, പശ്ചിമേഷ്യയിൽ ഇസ്രയേൽ ഗാസയ്ക്കെതിരെ തുടരുന്ന യുദ്ധം ഏഴുമാസം പിന്നിടുകയും അതിൽ ഇറാൻ വഹിച്ചുപോരുന്ന പങ്കിന്റെയും പശ്ചാത്തലത്തിൽ, മേഖലയിലെ ഭൗമരാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് ലോകം ഉറ്റുനോക്കുകയാണ്. ഇറാന്റെ അധികാരശ്രേണിയിൽ പൊടുന്നനെ ഉണ്ടായ വിടവ് എങ്ങനെ നികത്തപ്പെടും എന്നതും, പുതുതായി അധികാരമേൽക്കുന്ന വ്യക്തിയും സംവിധാനവും ആഭ്യന്തര, ബാഹ്യ വെല്ലുവിളികളോട് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നതും മേഖലയുടെ ആഗോള സൈനിക‑നയതന്ത്ര‑രാഷ്ട്രീയ ചിന്തകളിൽ സ്ഥാനംപിടിക്കുക സ്വാഭാവികം. ഇറാന്റെ ഭരണഘടന അനുശാസിക്കുംവിധം രാഷ്ട്രത്തിന്റെ ഒന്നാം വൈസ് പ്രസിഡന്റ് മൊഹമ്മദ് മൊഖ്ബർ പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതലയേൽക്കുകയും 50 ദിവസങ്ങൾക്കുള്ളിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ടതുമുണ്ട്. ആ രാജ്യത്ത് നിലനിൽക്കുന്ന മതാധിഷ്ഠിത ഭരണക്രമം അനുസരിച്ച് തെരഞ്ഞെടുപ്പിനെക്കാൾ ഉപരി ‘പരമോന്നത നേതാവി‘ന്റെയും 88 അംഗ ‘വിദഗ്ധസഭ’യുടെയും തീരുമാനമായിരിക്കും സർവപ്രധാനം. ഇപ്പോഴത്തെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ വിശ്വസ്തനായിരുന്നു അന്തരിച്ച ഇബ്രാഹിം റെയ്സി. സമാനപദവിയിലുള്ള ആളല്ലാത്തതുകൊണ്ട് താല്‍ക്കാലിക പ്രസിഡന്റ് മൊഖ്ബർ പ്രസിഡന്റ് സ്ഥാനത്ത് സ്ഥിരപ്പെടാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നു. മാത്രമല്ല 85 പിന്നിട്ട അലി ഖമേനിയുടെ പിൻഗാമിയെ കണ്ടെത്തുകയെന്ന ദൗത്യവും കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. അ­ന്തരിച്ച റെയ്സിയായിരിക്കും ഖമേനിയുടെ സ്വാഭാവിക പിന്മുറക്കാരൻ എന്ന പൊതുധാരണയാണ് നിലനിന്നിരുന്നത്. 

രാഷ്ട്രം പിന്തുടരുന്ന ആണവപദ്ധതിയുടെ പേരിൽ കർക്കശ പാശ്ചാത്യ ഉപരോധത്തെ നേരിടുന്ന ഇറാന്റെ ആഭ്യന്തര രാഷ്ട്രീയ രംഗം ഏറെ കലുഷിതമാണ്. തീവ്ര യാഥാസ്ഥിതിക ഭരണനേതൃത്വവും മത യാഥാസ്ഥിതികതയെ ചോദ്യംചെയ്യുന്ന ജനങ്ങളും തമ്മിൽ നിരന്തരം ഏറ്റുമുട്ടുന്നതിന്റെയും അടിച്ചമർത്തലുകളുടെയും കൊലകളുടെ തന്നെയും വാർത്തകൾ ദിനംപ്രതിയെന്നോണം വർധിച്ചുവരുന്നു. മേഖലയിലെ ഷിയാ, സുന്നി മതസംഘർഷങ്ങൾ ഇസ്ലാമിക ലോകത്ത് ഇറാനെ ഒറ്റപ്പെടുത്തുന്നുണ്ട്. മാർച്ച് ഒന്നിന് നടന്ന തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക, തീവ്ര യാഥാസ്ഥിതിക ശക്തികൾ പാർലമെന്റ് ഏതാണ്ട് പൂർണമായി കയ്യടക്കിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും 10 ശതമാനം വോട്ടുകൾ മാത്രമാണ് രേഖപ്പെടുത്തപ്പെട്ടത്. ദേശീയ വോട്ടിങ് ശതമാനമാകട്ടെ എക്കാലത്തെയും താഴ്ന്ന 41ശതമാനത്തിൽ ഒതുങ്ങി. സ്വന്തം ജനതയിൽനിന്നും, ആഗോള രംഗത്തും ഒറ്റപ്പെട്ട ഭരണ സംവിധാനത്തെ, റെയ്സിയുടെ വേർപാട് അധികാര വടംവലിയിലേക്ക് നയിക്കുമെന്ന ആശങ്ക ഉയർത്തുന്നു. പാർലമെന്റിലും ഭരണ രംഗത്തും പരമ്പരാഗത യാഥാസ്ഥിതിക ശക്തികളും തീവ്ര യാഥാസ്ഥിതികത്വവും തമ്മിലുള്ള മത്സരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാം. റെയ്സിയുടെ അഭാവത്തിൽ അലി ഖമേനിയുടെ പുത്രൻ മൊയ്തബ ഖമേനി പിൻഗാമിയായേക്കുമെന്ന സൂചനകളും നേതൃതലത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്. പാരമ്പര്യ പിന്തുടർച്ചയെ പൗരോഹിത്യം അനുകൂലിക്കുന്നില്ല. മേഖലയിൽ ഇസ്രയേലുമായി ഒരുവിധ ഒത്തുതീർപ്പിനും ഇറാനിലെ ഷിയാ പൗരോഹിത്യം തയ്യാറല്ലെന്നു മാത്രമല്ല ഇറാന്റെ പിന്തുണയുള്ള ലെബനോനിലെ ഹിസബുള്ളയും യമനിലെ ഹൂതികളുമാണ് ഹമാസിനൊപ്പം സയണിസ്റ്റ് ഇസ്രയേലിനെ ചെറുക്കാൻ സജീവമായി രംഗത്തുള്ളത്. പതിറ്റാണ്ടുകളായി തുടരുന്ന പാശ്ചാത്യ ഉപരോധം ഇറാന്റെ പ്രതിരോധ ശേഷിയെ ദുർബലമാക്കിയിട്ടുണ്ട്. അതിന്റെകൂടി ഫലമാണ് പഴക്കംചെന്ന ഹെലികോപ്റ്ററിന്റെ തകർച്ചയിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ദുർബലമായ ഇറാൻ ഭരണകൂടം ഇസ്രയേലിനും പാശ്ചാത്യ സാമ്രാജ്യത്വത്തിനും മേഖലയിൽ തങ്ങളുടെ ഭൗമരാഷ്ട്രീയ പദ്ധതികൾ സുഗമമാക്കുമെന്ന ആശങ്കകളും അസ്ഥാനത്തല്ല. 

ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ശക്തമായ ഇറാനായിരിക്കും പശ്ചിമേഷ്യയുടെ ഭൗമരാഷ്ട്രീയത്തിൽ സമാധാനവും പുരോഗതിയും ഉറപ്പുനൽകുന്ന സുപ്രധാന ഘടകങ്ങളിൽ ഒന്ന്. അത്, ഇസ്രയേൽ ഗാസയ്ക്കുമേൽ നടത്തുന്ന യുദ്ധം ലോക സാമ്പത്തിക ക്രമത്തിൽ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികൾക്കുള്ള മറുപടികൂടിയാണ്. പശ്ചിമേഷ്യൻ സമുദ്രപാത സുരക്ഷിതമാക്കുന്നതിന് ഇറാന് നിർണായക പങ്കാണ് നിർവഹിക്കാനുള്ളത്. അതിന് അവർക്കെതിരായ പാശ്ചാത്യ ഉപരോധം അവസാനിപ്പിക്കുകയും ആ രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുകയും വേണം. ഇസ്രയേലിന്റെ പലസ്തീൻവിരുദ്ധ, അറബ് വിരുദ്ധ, ഇസ്ലാംവിരുദ്ധ നിലപാടുകളും അതിന് യുഎസ് അടക്കം പാശ്ചാത്യലോകം നൽകുന്ന പിന്തുണയും അവസാനിപ്പിച്ചേ മതിയാകൂ. യുഎസും പാശ്ചാത്യ മുതലാളിത്ത ലോകവും മുന്നോട്ടുവയ്ക്കുന്ന ജനാധിപത്യ, സാമ്പത്തിക സങ്കല്പങ്ങളുടെ ഉപോല്പന്നമാണ് ഇസ്രയേലിന്റെ നിലപാടുകളുടെ പിൻബലം. ഇറാൻ നേരിടുന്ന ദേശീയ ദുരന്തത്തെ അവസരമാക്കിമാറ്റാൻ കഴിഞ്ഞാൽ അത് മെച്ചപ്പെട്ട ഭൗമരാഷ്ട്രീയാന്തരീക്ഷത്തിലേക്ക് മേഖലയെ നയിച്ചേക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.