അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച കേന്ദ്ര നിലപാടില്‍ ആശ്ചര്യമെന്ന് സുപ്രീം കോടതി. നേരത്തെ പാര്‍ലമെന്റ് വരുത്തിയ നിയമ ഭേദഗതിയോട് യോജിക്കുന്നില്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഭരണഘടനാ അനുച്ഛേദം 30 അനുസരിച്ച് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അംഗീകരിക്കാനും സഹായം നൽകുന്നതിൽ വിവേചനം കാണിക്കാതിരിക്കാനുമുള്ള ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
വിദ്യാഭ്യാസ സ്ഥാപനം ന്യൂനപക്ഷ മാനേജ്മെന്റിന് കീഴിലാണ് എന്നതിന്റെ പേരിൽ സഹായം നൽകുന്നതിൽ വിവേചനം കാണിക്കരുതെന്ന് അനുച്ഛേദത്തില്‍ പറയുന്നുണ്ട്. മത, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാമെന്നും അത് ഭരണഘടന വിഭാവനം ചെയ്യുന്നതായും പരമോന്നത കോടതി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ ബി പര്‍ഡിവാല, ദീപാങ്കര്‍ ദത്ത, മനോജ് മിശ്ര, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ഏഴംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. അനുച്ഛേദം 30 എന്നത് സാഹചര്യങ്ങള്‍ക്കനുസൃതമായി മാറ്റാൻ കഴിയുന്ന ഒന്നല്ലെന്നും അത് സര്‍ക്കാരിനുമേലുള്ള ഉത്തരവാദിത്തമാണെന്നും നടപ്പാക്കാതെ നിവൃത്തിയില്ലെന്നും കോടതി പറഞ്ഞു.
1967ലെ എസ് അസീസ് ബാഷ വിധിപ്രഖ്യാപനത്തില്‍ അലിഗഡ് കേന്ദ്ര സര്‍വകലാശാലയാണെന്നും അനുച്ഛേദം 29, 30 അനുസരിച്ചുള്ള ന്യൂനപക്ഷ പദവി നല്‍കാനാകില്ലെന്നും സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെ മറികടക്കാനായി 1920ലെ സര്‍വകലാശാല നിയമത്തില്‍ ഭേദഗതി വരുത്തി 1981ല്‍ അലിഗഡിന് ന്യൂനപക്ഷ പദവി നല്‍കിയ തീരുമാനത്തെ പിന്തുണയ്ക്കുന്നില്ലെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ പ്രസ്താവനയ്ക്കെതിരെയാണ് കോടതി രംഗത്തെത്തിയത്. പാര്‍ലമെന്റ് എന്നത് തകര്‍ക്കാനാകാത്തതും തുടര്‍ച്ചയുള്ള ഒന്നാണെന്ന് കോടതി പറഞ്ഞു.
2005ല്‍ അലഹബാദ് ഹൈക്കോടതി അലിഗഡിന്റെ ന്യൂനപക്ഷ പദവി റദ്ദാക്കുകയും ഭരണഘടന അനുച്ഛേദം 30 അനുസരിച്ച് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായി പരിഗണിക്കാനാകില്ലെന്ന് വിധിക്കുകയും ചെയ്തിരുന്നു. കേന്ദ്രവും സര്‍വകലാശാലയും ഇത് ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചു. 2019ല്‍ സുപ്രീം കോടതി വിഷയം ഏഴംഗ ബെഞ്ചിന് വിടുകയായിരുന്നു. എന്നാല്‍ ഹര്‍ജി പിൻവലിക്കുന്നതായി കേന്ദ്രം പിന്നീട് സുപ്രീം കോടതിയെ അറിയിച്ചു.
ബിജെപി അധികാരത്തിലേറി രണ്ടു വര്‍ഷത്തിന് ശേഷം 2016 ഏപ്രിലിലാണ് കേന്ദ്ര സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്. പൂര്‍ണമായി കേന്ദ്ര ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍വകലാശാലക്ക് ന്യൂനപക്ഷ പദവി നല്‍കണോ എന്ന കാര്യവും സുപ്രീം കോടതി പരിശോധിക്കുന്നുണ്ട്.
English Summary: Aligarh: The Supreme Court is surprised by the Centre’s stand
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.