22 January 2026, Thursday

Related news

January 21, 2026
December 14, 2025
November 21, 2025
November 17, 2025
November 4, 2025
October 5, 2025
September 25, 2025
September 24, 2025
August 26, 2025
August 5, 2025

പ്രകോപന പദ്ധതികളെല്ലാം പാളി: ഗവര്‍ണറുടെ മിഠായിത്തെരുവ് സര്‍ക്കസ്

ഷിബു ടി ജോസഫ്
കോഴിക്കോട്
December 18, 2023 11:15 pm

സംസ്ഥാന ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഗവര്‍ണറുടെ അപ്രതീക്ഷിതവും നാടകീയവുമായ പ്രകടനം. നിരന്തരം പ്രകോപനം അഴിച്ചുവിടുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഇന്നലത്തെ നടപടി എല്ലാവിധ സുരക്ഷാ സംവിധാനങ്ങളെയും വെല്ലുവിളിച്ചായിരുന്നു.

മുന്നറിയിപ്പുകള്‍ നല്‍കാതെ ഉച്ചയ്ക്ക് 12.30 ഓടെ നഗരത്തിലെത്തിയ ഗവര്‍‌ണര്‍ ആള്‍ക്കൂട്ടം കാണുന്നിടത്തൊക്കെ വാഹനം നിര്‍ത്തി ഇടപഴകിയതിന് ശേഷം ജനത്തിരക്കേറിയ മിഠായിത്തെരുവിലും ആള്‍ക്കൂട്ടപ്രകടനം നടത്തി. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൃത്യമായി വിവരം നല്‍കുകയും ചെയ്തു. കൂടെനടക്കാന്‍ കുറേ ബിജെപിക്കാരെയും സംഘടിപ്പിച്ചിരുന്നു.

അതിസുരക്ഷാവിഭാഗത്തില്‍പ്പെട്ട ഗവര്‍ണറെ സംരക്ഷിക്കാന്‍ പൊലീസ് സംവിധാനം പെടാപ്പാട് പെടുന്ന കാഴ്ചയായിരുന്നു പിന്നീട് ഒരു മണിക്കൂറോളം നഗരം കണ്ടത്. മാനാ‍ഞ്ചിറയില്‍ എസ് കെ പൊറ്റക്കാട് പ്രതിമയുടെ മുന്നില്‍ നിന്ന് ആരംഭിച്ച ഗവര്‍ണറുടെ പ്രഹസനം മിഠായിത്തെരുവിന്റെ തെക്കേ അറ്റം വരെ നീണ്ടു. കുട്ടികളെ തോളിലേറ്റിയും കടകളില്‍ കയറി മധുരം വാങ്ങിത്തിന്നും ആളുകളോടൊപ്പം നിന്ന് ഫോട്ടോയെടുത്തും നീങ്ങിയ ഗവര്‍ണറുടെ ചുറ്റും നൂറുകണക്കിനാളുകളും കൂടി. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തി യാത്ര നടത്തിയതിന് ശേഷം കാറില്‍ സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് മടങ്ങുകയും ചെയ്തു.

കാലിക്കറ്റ് സര്‍വകലാശാല ഗസ്റ്റ് ഹൗസില്‍ രണ്ടുദിവസമായി താമസിക്കുന്ന ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ അതിശക്തമായ പ്രതിഷേധമാണുയര്‍ത്തിയത്. ഇന്നലെ സര്‍വകലാശാലയിലേയ്ക്ക് എഐഎസ് എഫും പ്രതിഷേധമാര്‍ച്ച് നടത്തി. വിദ്യാര്‍ത്ഥി പ്രതിഷേധം സര്‍ക്കാരിന് തന്നോടുള്ള പ്രതിഷേധമാണെന്ന തരത്തില്‍ ശ്രദ്ധതിരിക്കാനാണ് ഗവര്‍ണര്‍ ശ്രമം നടത്തിയത്. മുഖ്യമന്ത്രിയാണ് തനിക്ക് നേരെ ആക്രമണം നടത്താന്‍ ആളുകളെ ഇളക്കിവിടുന്നതെന്ന് പ്രസ്താവന നടത്തിയശേഷം തനിക്ക് പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും അറിയിച്ച് കോഴിക്കോട് നഗരത്തിലേക്ക് പോവുകയായിരുന്നു.

നിലവിലെ സംഘര്‍ഷാവസ്ഥയില്‍ സുരക്ഷയൊരുക്കാന്‍ രണ്ടായിരത്തോളം പൊലീസുകാരാണ് മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശുര്‍ ജില്ലകളില്‍ നിന്നായി കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്ത് തമ്പടിച്ചിരിക്കുന്നത്. ഇവരെയൊക്കെ നോക്കുകുത്തിയാക്കിയാണ് തനിക്ക് സുരക്ഷയൊന്നും വേണ്ടെന്ന് വീമ്പിളക്കി ഗവര്‍ണറും സംഘവും കോഴിക്കോട് നഗരത്തിലേക്ക് പ്രയാണം തുടങ്ങിയത്. ഗവര്‍ണര്‍ എത്തുന്നതറിഞ്ഞ് നഗരത്തിലും സമീപ സ്റ്റേഷനുകളിലുമുള്ള സേനയെത്തി സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കി. എങ്കിലും ഗവര്‍ണര്‍ നേരെ ആള്‍ക്കൂട്ടത്തിലിറങ്ങിയതോടെ പൊലീസ് അങ്കലാപ്പിലായി.

ഗവര്‍ണര്‍ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉണ്ടായാല്‍ ഒന്നും ചെയ്യാനാകാത്ത സാഹചര്യമായിരുന്നു സംജാതമായത്. ഇത് തന്നെയായിരുന്നു ഗവര്‍ണറും കൂട്ടരും പ്രതീക്ഷിച്ചതെന്നുവേണം കരുതാന്‍. മനഃപൂര്‍വ്വം ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ച് സംസ്ഥാന സര്‍ക്കാരിനെയും സുരക്ഷാ സംവിധാനങ്ങളെയും കെണിയിലാക്കാനായിരുന്നു ഗവര്‍ണറുടെ ഉദ്ദേശ്യമെന്നും വ്യക്തമാണ്. അതിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനും കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നീക്കങ്ങള്‍ക്ക് വളമിട്ടുകൊടുക്കാനുമുള്ള പ്രയത്നങ്ങളെല്ലാം പാഴാവുകയായിരുന്നു.

Eng­lish Sum­ma­ry: All Out­ra­geous Plans Fail: The Gov­er­nor’s Can­dy Cane Circus

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.