24 December 2024, Tuesday
KSFE Galaxy Chits Banner 2

സര്‍വകക്ഷി യോഗം വിദ്വേഷ രാഷ്ട്രീയത്തിനുള്ള മറുപടി

Janayugom Webdesk
October 31, 2023 5:00 am

ളമശേരി സ്ഫോടനത്തിന്റെ പേരിൽ കേരളത്തിലെ മതേതര അന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിന്റെ നിശ്ചയദാർഢ്യം ഏറെ ആശ്വാസത്തോടെയാണ് മതസൗഹാർദവും സമാധാനാന്തരീക്ഷവും കാംക്ഷിക്കുന്ന സംസ്ഥാനത്തെ ജനങ്ങൾ സ്വാഗതം ചെയ്യുന്നത്. കളമശേരിയിൽ യഹോവാ സാക്ഷികൾ നടത്തിയ കൺവെൻഷനിൽ ഉണ്ടായ സ്ഫോടനം കേരളം അത്യന്തം ഭയപ്പാടോടെയാണ് ശ്രവിച്ചത്. സ്ഫോടനത്തിന്റെ ഉത്തരവാദി ആരെന്നും അതിന്റെ പിന്നിലുള്ള ചേതോവികാരം എന്തെന്നും വ്യക്തമാകുംമുമ്പേ ഉത്തരവാദപ്പെട്ട ചില കോണുകളിൽനിന്നും ഉയർന്ന അഭിപ്രായപ്രകടനങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പത്തിനും ആശങ്ക വർധിക്കുന്നതിനും കാരണമായി. കേരളാ പൊലീസും കേന്ദ്ര അന്വേഷണ ഏജൻസികളും സ്ഫോടനം നടന്ന സ്ഥലത്തെ പരിശോധന പൂർത്തിയാക്കും മുമ്പ് ഒരു കേന്ദ്രമന്ത്രിതന്നെ സംഭവത്തെ ‘ഹമാസ്, ജിഹാദ്’ എന്നിവയുമായി ബന്ധപ്പെടുത്തി ‘നിരപരാധികളായ ക്രിസ്ത്യാനികൾക്കെതിരായ സ്ഫോടനമായി’ സമൂഹ മാധ്യമങ്ങളിൽ വ്യാഖ്യാനിക്കാൻ മുതിർന്നു. ഇത് അങ്ങേയറ്റം അപലപനീയം മാത്രമല്ല കേന്ദ്രമന്ത്രി പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ വർഗീയ അജണ്ടയുടെ ഭാഗവുമാണ്. ഹമാസിന്റെ പേരിൽ പലസ്തീൻ ജനതയ്ക്കു നേരെ ഇസ്രയേൽ നടത്തിവരുന്ന ഉന്മൂലനയുദ്ധത്തെ ഭരണ പ്രതിപക്ഷ ഭേദമന്യേ കേരളത്തിലെ രാഷ്ട്രീയപാർട്ടികളും പൊതുസമൂഹവും അപലപിക്കാനും ഇരകളാക്കപ്പെടുന്ന പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മുന്നോട്ടുവന്നിട്ടുണ്ട്. കേരളവും രാജ്യവും ചരിത്രത്തിലുടനീളം സ്വീകരിച്ചിരുന്ന ഈ നിലപാടിന് കടകവിരുദ്ധമാണ് ബിജെപിയും സംഘ്പരിവാറും ഇപ്പോൾ അവലംബിക്കുന്നത്. രാഷ്ട്രീയ നിലപാടിലെ ഈ വൈരുദ്ധ്യത്തെ അധികാരരാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ദുരുപയോഗം ചെയ്യാനാണ് കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിയും ബിജെപിയും ശ്രമിച്ചത്.


ഇതുകൂടി വായിക്കൂ: മതേതരത്വം ഹിന്ദു വിരുദ്ധമല്ല


കളമശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യഹോവാ സാക്ഷികളുടെ ഒരു മുൻവിശ്വാസി പൊലീസിൽ കീഴടങ്ങുകയും അയാൾ സ്വയം ഹാജരാക്കിയ തെളിവുകളുടെയും തുടരന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ ഞായറാഴ്ച തന്നെ കസ്റ്റഡിയിലാവുകയും ചെയ്തു. കുറ്റകൃത്യത്തിൽ ഏതെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ അന്വേഷണങ്ങൾ കേരളാ പൊലീസും കേന്ദ്ര ഏജൻസികളും തുടരുകയാണ്. സംഭവത്തിൽ ഉത്തരവാദികളായ മുഴുവൻപേരെയും നിയമത്തിന് മുന്നിലെത്തിച്ച് മാതൃകാപരമായി ശിക്ഷിക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുമുണ്ട്. സ്ഫോടനം നടന്നയുടൻതന്നെ ഡിജിപി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരും സ്ഥലത്തെത്തി അന്വേഷണത്തിനും പരിക്കേറ്റവർക്ക് ചികിത്സയ്ക്കും ആവശ്യമായ നേതൃത്വം നൽകിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയും കേന്ദ്ര അന്വേഷണ ഏജൻസികളും സമയോചിതമായ ഇടപെടലിന് സന്നദ്ധമായി. അതിനിടെ കളമശേരി സ്ഫോടനത്തെ ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന മനുഷ്യത്വരഹിതമായ യുദ്ധവുമായി കൂട്ടിക്കെട്ടാൻ കേന്ദ്രമന്ത്രി നടത്തിയ ഹീനശ്രമം ഗൂഢോദ്ദേശത്തോടെയാണ്. അത് കേരളം കരുതലോടെ കാത്തുസൂക്ഷിക്കുന്ന മതസൗഹാർദാന്തരീക്ഷം തകർക്കാൻ ലക്ഷ്യംവച്ചുള്ളതാണ്. കേരളം എക്കാലത്തും ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചുപോന്നിട്ടുള്ള മതനിരപേക്ഷ മൂല്യത്തെയാണ് അത് ഉന്നംവയ്ക്കുന്നത്.


ഇതുകൂടി വായിക്കൂ:  മതേതര ഇന്ത്യ ബ്രാഹ്മണഭാരത്!


പലസ്തീൻ ജനതയുടെ പേരിൽ ചില യാഥാസ്ഥിതിക, തീവ്ര സംഘടനകൾ നടത്തിയ സമ്മേളനത്തിന്റെയും അതിനെ ഓൺലൈനായി ഒരു പ്രവാസി ഹമാസ് നേതാവ് അഭിസംബോധന ചെയ്തതിന്റെയും പശ്ചാത്തലത്തിൽ കേരളത്തിലെ മുസ്ലിം ന്യൂനപക്ഷമാകെ തീവ്രവാദ പക്ഷത്താണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ബിജെപി, സംഘ്പരിവാർ വൃത്തങ്ങൾ നടത്തിവരുന്നത്. ഒരു മതത്തെയും അതിൽ വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളെയും ഭീകരവാദികളായി ചിത്രീകരിക്കാൻ ബിജെപിയും സംഘ്പരിവാറും നടത്തുന്ന ശ്രമം പുതുമയില്ലാത്തതും ദുരുപദിഷ്ടിതവുമാണ്. ഹമാസിന്റെ സൈനിക വിഭാഗം ഇസ്രയേലിന്റെ തെക്കനതിർത്തി അതിക്രമിച്ചുകടന്ന് അവിടെനടത്തിയ കൂട്ടക്കൊലയെ ലോകമെങ്ങും ജനാധിപത്യ വിശ്വാസികൾ നിശിതമായി അപലപിച്ചിരുന്നു. അതിന്റെ പ്രതികാരമായി ആയിരക്കണക്കിന് കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നിരപരാധികളായ പലസ്തീനികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനെയും ഒരു ജനതയെയാകെ വെള്ളവും വൈദ്യുതിയും ഇന്ധനവും ഔഷധങ്ങളും ഭക്ഷണവും നിഷേധിച്ച് കൂട്ടത്തോടെ കഠിനശിക്ഷക്ക് വിധേയമാക്കുന്നതിനെയും മനുഷ്യത്വം നശിച്ചിട്ടില്ലാത്ത ആർക്കും അംഗീകരിക്കാനാവില്ല. അത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ്. അത് ലോകവും ഇന്ത്യയും അംഗീകരിക്കുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. പലസ്തീൻ ജനതയോട് കേരളവും ഇന്ത്യയും പ്രകടിപ്പിക്കുന്ന ഐക്യദാര്‍ഢ്യത്തിന്റെ അന്തഃസത്ത അതാണ്. അത് അംഗീകരിക്കാത്തവരുടെ ലക്ഷ്യം പലസ്തീൻ പ്രശ്നത്തിന്റെ പേരിൽ മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ്. കളമശേരി സംഭവത്തെ അവരുടെ വിദ്വേഷ രാഷ്ട്രീയത്തിനുള്ള ആയുധമാക്കാനുള്ള ശ്രമാണ് നടന്നത്. സർവകക്ഷി യോഗത്തിന്റെ ഏകകണ്ഠമായ നിലപാടിലൂടെ അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞു. എങ്കിലും, വിദ്വേഷ രാഷ്ട്രീയത്തിനെതിരെ നിതാന്ത ജാഗ്രത കൂടിയേതീരൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.