
ഇന്ത്യക്ക് മേല്‍ യുഎസ് ചുമത്തിയ 50% താരിഫ് പ്രാബല്യത്തിന് വന്നതിന് പിന്നാലെ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട് രൂപ. ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം ഒരു ഡോളറിന് 88 രൂപ എന്ന നിലയില്‍ എത്തി. വെള്ളിയാഴ്ച 87.69 രൂപയില്‍ വ്യാപാരം തുടങ്ങിയ രൂപ 88.29ലേക്ക് ഇടിഞ്ഞു. 61 പൈസയുടെ ഇടിവ് രേഖപ്പെടുത്തി. ട്രംപ് ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഓഹരി വിപണിയിൽ നിന്നുമുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയുടെ തകർച്ചയ്‌ക്ക് കാരണമായി. മാസാവസാനമായതിനാല്‍ ഡോളറിന്റെ ആവശ്യകത ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിയാൻ കാരണമായെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ഫെബ്രുവരിയിലാണ് ഇതിന് മുമ്പ് രൂപയുടെ മൂല്യം റെക്കോഡ് ഇടിവ് നേരിട്ടത്. ഒരു ഡോളറിന് എതിരെ 87.95 എന്നതായിരുന്നു ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്. വ്യാഴാഴ്ച 87.62 എന്ന നിലയില്‍ ക്ലോസ് ചെയ്ത വ്യാപാരമാണ് വെള്ളിയാഴ്ച 88.29ലേക്ക് ഇടിഞ്ഞത്. വിദേശ നാണയ ശേഖരത്തില്‍ നിന്ന് വന്‍തോതില്‍ ഡോളര്‍ വില്പന നടത്തി റിസര്‍വ് ബാങ്ക് നടത്തിയ ഇടപെടല്‍ ആണ് രൂപയുടെ വലിയ ഇടിവിനെ തടഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചൈനീസ് കറന്‍സിയായ യുവാനെതിരെയും രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. ഒരു യുവാന് 12.3862 എന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ജിസിസി കറന്‍സികളായ യുഎഇ ദിര്‍ഹം, സൗദി റിയാല്‍, ഖത്തര്‍ റിയാല്‍ തുടങ്ങിയവയുടെ മൂല്യവും രൂപയ്‌ക്കെതിരെ ഉയര്‍ന്നു. യുഎഇ ദിർഹത്തിനെതിരെ ആദ്യമായി 24 എന്ന റെക്കോഡ് സംഖ്യയിലേക്കും രൂപ വീണു.
രൂപ തളരുന്നത് ഇറക്കുമതിക്ക് തിരിച്ചടിയാകും. ക്രൂഡ് ഓയില്‍, സ്വര്‍ണം, ഇലക്ട്രോണിക്‌സ്, അസംസ്‌കൃതവസ്തുക്കള്‍ തുടങ്ങി ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്ന വസ്തുക്കള്‍ക്ക് ഇനി കൂടുതല്‍ പണം നല്‍കേണ്ടി വരും. ഇതുമൂലം രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകും. കറന്റ് അക്കൗണ്ട് കമ്മി, വ്യാപാരകമ്മി എന്നിവ വർധിക്കും. ഇതും സമ്പദ്‌വ്യവസ്ഥയ്‌ക്ക് ദോഷം ചെയ്യും. ടെക്‌സ്റ്റൈൽസ്, തുകൽ, ആഭരണം, സമുദ്രോല്പന്നം തുടങ്ങി പ്രധാന കയറ്റുമതി മേഖലകളിലായി ലക്ഷക്കണക്കിന് തൊഴിൽ നഷ്‌ടമാകാനും ജിഡിപി ഇടിവിനും ഉയര്‍ന്ന തീരുവ കാരണമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.