26 June 2024, Wednesday
KSFE Galaxy Chits

Related news

June 23, 2024
May 27, 2024
May 21, 2024
May 21, 2024
May 19, 2024
May 10, 2024
April 22, 2024
March 27, 2024
March 25, 2024
March 20, 2024

സ്വാതി മലിവാളിനെ മര്‍ദിച്ചെന്ന ആരോപണം; ലഫ്.ഗവര്‍ണറും രംഗത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
May 21, 2024 10:47 pm

സ്വാതി മലിവാള്‍ എംപിയെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സഹായി മര്‍ദിച്ചെന്ന ആരോപണത്തില്‍ ലഫ്റ്റനന്‍റ് ഗവര്‍ണറും കളത്തിലിറങ്ങി. സ്വാതി മലിവാള്‍ തന്നെ വിളിച്ചെന്നും സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഏല്‍ക്കേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് പറഞ്ഞെന്നും ഗവര്‍ണര്‍ വി കെ സക്‌സേന പ്രസ്താവനയില്‍ അറിയിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിശബ്ദത സ്ത്രീസുരക്ഷയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടാണെന്നും ആരോപിച്ചു. 

സ്വാതിക്ക് പിന്തുണയുമായി ഗവര്‍ണര്‍ കളത്തിലിറങ്ങിയതോടെ മലിവാള്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് വ്യക്തമായതായി എഎപി തിരിച്ചടിച്ചു. ഇതോടെ വോട്ടെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ ബിജെപി പ്രതിരോധത്തിലായി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഭയത്താല്‍ ഓരോ ദിവസവും പുതിയ ഗൂഢാലോചനകളുമായി വരികയാണ് ബിജെപി. മോഡിയുടെ മുങ്ങുന്ന ബോട്ടിനെ സ്വാതി മലിവാൾ പിന്തുണയ്ക്കുകയാണെന്നും എഎപി പറഞ്ഞു.

“രാജ്യത്തിനു വേണ്ടി മെഡലുകൾ നേടിയ വനിതാ ഗുസ്തി താരങ്ങൾ ഡൽഹിയിലെ ജന്തർ മന്ദറിൽ ധർണ നടത്തിയത് നിങ്ങൾ മറന്നിട്ടുണ്ടാകാം. അവർ വെയിലത്തും മഴയത്തും സമരമിരുന്നു. ബിജെപി എംപി ബ്രിജ്ഭൂഷൺ തങ്ങളെ തുടർച്ചയായി ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് അവര്‍ കേസ് കൊടുത്തു. അന്ന് നിങ്ങളുടെ കീഴിലുള്ള ഡൽഹി പൊലീസ് എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തില്ല. അതെന്തുകൊണ്ടാണെന്ന് പറയൂ? ” എന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് എക്സിലൂടെ ലഫ്റ്റനന്റ് ഗവര്‍ണറെ വെല്ലുവിളിച്ചു.
അതേസമയം കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബെെഭവ് കുമാറിനെ തെളിവെടുപ്പിനായി മുംബൈയിലെത്തിച്ചു. കേസുമായി ബന്ധപ്പെട്ട് ഫോർമാറ്റ് ചെയ്ത ഫോണിന്റെ ഡാറ്റ വീണ്ടെടുക്കാനാണ് കുമാറിനെ മുംബൈയില്‍ എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ ബെെഭവ് അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 

മലിവാളിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. നോർത്ത് ഡൽഹി അഡീഷണൽ പൊലീസ് കമ്മിഷണർ അഞ്ജിത ചെപ്‍യാല, മൂന്ന് ഇൻസ്പെക്ടര്‍ റാങ്കിങ്ങിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം പൂർത്തിയാക്കി ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിക്കും.
സ്വാതി മലിവാളിനെ കെജ്‌രിവാളിന്റെ വസതിയിൽവച്ച് ബെെഭവ് കുമാർ ആക്രമിച്ചുവെന്നാണ് പരാതി. തുടർന്ന് പൊലീസ് കേസെടുക്കുകയും ബെെഭവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. നേരത്തെ ബെെഭവിനെ കെജ്‌രിവാളിന്റെ വസതിയിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.

Eng­lish Summary:Allegation of beat­ing Swati Mali­w­al; Lt. Gov­er­nor is also present

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.