23 November 2024, Saturday
KSFE Galaxy Chits Banner 2

ഏകാധിപത്യമെന്ന് ആരോപണം: പി ടി ഉഷ നിയമിച്ച സിഇഒയെ സസ്പെന്‍ഡ് ചെയ്ത് കമ്മിറ്റി അംഗങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 9, 2024 9:37 pm

ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന്‍ (ഐഒഎ) അധ്യക്ഷ പി ടി ഉഷയുടെ ഏകാധിപത്യ നടപടികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.
ഐഒഎ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി രഘുറാം അയ്യരെ പിടി ഉഷ നിയമിച്ചതോടെയാണ് അംഗങ്ങളും അധ്യക്ഷയും തമ്മിലുള്ള പടലപ്പിണക്കം മറനീക്കി പുറത്തുവന്നത്. തുടര്‍ന്ന് കഴിഞ്ഞ മാസം യോഗം ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ സിഇഒ രഘുറാം അയ്യരെ സസ്പെന്‍ഡ് ചെയ്തു. രഘുറാമിന്റെ നിയമനം അസാധുവാണെന്നും കമ്മിറ്റി അംഗങ്ങള്‍ പ്രസ്താവന ഇറക്കി. കൂടാതെ എക്സിക്യൂട്ടിവ് അസിസ്റ്റന്റ് പദവിയില്‍ പി ടി ഉഷ നിയമിച്ച അജയ് കുമാര്‍ നരങ്ങിനെ കമ്മിറ്റി അംഗങ്ങള്‍ പുറത്താക്കുകയും ചെയ്തു. 

ഐഒഎ സീനിയര്‍ വൈസ് പ്രസിഡന്റ് അജയ് എച്ച് പട്ടേല്‍, ജോയിന്റ് സെക്രട്ടറി കല്യാണ്‍ ചൗബേ എന്നിവരുടെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത യോഗമാണ് അധ്യക്ഷയുടെ ഏകപക്ഷീയ തീരുമാനങ്ങളില്‍ പ്രതിഷേധിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ചേര്‍ന്ന 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം രഘുറാം അയ്യരെ സസ്പെന്‍ഡ് ചെയ്തതോടെയാണ് അസോസിയേഷനില്‍ ഭിന്നതയും പടലപ്പിണക്കവും ആരംഭിച്ചത്.
പ്രതിമാസം 20 ലക്ഷം വേതനത്തില്‍ പി ടി ഉഷ നിയമിച്ച രഘുറാമിനെ നിയമിച്ച നടപടിയില്‍ സൂതാര്യതയില്ലെന്നും വ്യക്തിഗത താല്പര്യത്തിന്റെ പേരിലാണ് നിയമനമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന സമിതിയിലെ ഒമ്പത് അംഗങ്ങള്‍ ഐഒഎ ഓഫിസില്‍ അതിക്രമിച്ച് കടക്കുന്നവരെ പുറത്താക്കുമെന്ന് നോട്ടീസ് പതിപ്പിക്കുകയും ചെയ്തു. രഘുറാം, അജയ് നരങ്ങ് എന്നിവര്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓഫിസില്‍ പ്രവേശിക്കരുതെന്നും നോട്ടീസില്‍ പറയുന്നു. 

അസോസിയേഷനിലെ ചില അംഗങ്ങള്‍ തന്നെ ഒതുക്കാന്‍ കരുതിക്കൂട്ടി നീക്കം നടത്തുന്നതായി പിടി ഉഷ പ്രതികരിച്ചു. താന്‍ നിയമിച്ച ഒഫിഷ്യലിനെ പുറത്താക്കിയ നടപടി ഇതിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു. നേരത്തെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് കായിക താരങ്ങളെ ലൈംഗീകമായി പീഡിപ്പിച്ച വിഷയത്തില്‍ ഉഷ ബ്രിജ് ഭൂഷണെ ന്യായീകരിച്ച് രംഗത്തുവന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 

Eng­lish Sum­ma­ry: Alle­ga­tion of Dic­ta­tor­ship: PT Usha appoint­ed CEO sus­pend­ed by com­mit­tee members

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.