18 January 2026, Sunday

Related news

January 16, 2026
January 13, 2026
December 31, 2025
December 29, 2025
December 28, 2025
December 26, 2025
December 18, 2025
December 7, 2025
December 5, 2025
December 5, 2025

സഖ്യകക്ഷി വിട്ടു; നെതന്യാഹു സര്‍ക്കാര്‍ പ്രതിസന്ധിയില്‍

Janayugom Webdesk
ടെല്‍ അവീവ്
July 16, 2025 10:03 pm

യഥാസ്ഥിതിക കക്ഷിയായ യുണെെറ്റഡ് തോറ ജൂദായിസം പാർട്ടി സഖ്യം വിട്ടതോടെ നെതന്യാഹു സര്‍ക്കാര്‍ പ്രതിസന്ധിയില്‍. നിർബന്ധിത സൈനിക സേവനത്തിലെ ഇളവ് അവസാനിപ്പിച്ച് സർക്കാർ പ്രഖ്യാപിച്ച കരട് സൈനിക നയത്തിൽ പ്രതിഷേധിച്ചാണ് ഏഴംഗ പാർട്ടിയിലെ ആറുപേരും രാജിക്കത്ത് നൽകിയത്. പാർട്ടി ചെയർമാൻ ഒരു മാസം മുമ്പ് രാജി നൽകിയിരുന്നു. ഇതോടെ, 120 അംഗ സഭയിൽ ഭൂരിപക്ഷം 61 ആയി ചുരുങ്ങി. ജൂത വേദഗ്രന്ഥങ്ങൾ പഠിക്കുന്ന ഇസ്രയേലികള്‍ക്ക് നിർബന്ധിത സൈനിക സേവനത്തിൽ ഇളവ് നൽകുന്നതാണ് നിലവിലെ സൈനിക ചട്ടം. എന്നാല്‍ ഗാസയ്ക്കെതിരായ ആക്രമണത്തില്‍ സെെനികശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഇളവ് എടുത്തുകളയാന്‍ നെതന്യാഹു സര്‍ക്കാര്‍ തീരുമാനിച്ചത്. സെമിനാരി വിദ്യാർത്ഥികൾക്കുള്ള ഇളവ് പുനഃപരിശോധിക്കാൻ നേരത്തേ ഇസ്രയേൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

നിയമഭേദഗതി അംഗീകരിക്കില്ലെന്ന് യുണെെറ്റഡ് തോറ ജൂദായിസം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമാന നിലപാടുള്ള ഷാസ് പാർട്ടിയും സഖ്യം വിട്ടേക്കുമെന്നാണ് സൂചന. ഷാസ് രാജിവച്ചാൽ നെതന്യാഹുവിന് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെടും. നെതന്യാഹുവിന്റെ പാർട്ടിയായ ലികുഡ് എല്ലാ ഇസ്രയേലികൾക്കും നിർബന്ധ സൈനിക സേവനം വേണമെന്ന നിലപാടുള്ളവരാണ്. ബന്ദികളെ തിരികെ കൊണ്ടുവരുന്ന കരാറിലൂടെ ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിന് ജനപിന്തുണയുണ്ടെന്ന് സർവേകൾ കാണിക്കുന്നു. വെടിനിർത്തൽ ഉറപ്പാക്കാൻ നെതന്യാഹുവിന് ഇപ്പോഴും പാര്‍ലമെന്റില്‍ മതിയായ പിന്തുണയുണ്ട്. എന്നിരുന്നാലും, നെതന്യാഹുവിന്റെ സഖ്യത്തിലെ രണ്ട് തീവ്ര വലതുപക്ഷ പാർട്ടികള്‍ യുദ്ധം പൂർണമായും അവസാനിപ്പിക്കുന്നതിനെ പിന്തുണയ്ക്കാൻ സാധ്യതയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.