10 January 2026, Saturday

കന്നഡയ്ക്കൊപ്പം മലയാളത്തെയും നെഞ്ചോടുചേർത്ത് പാർവതി

കെ കെ ജയേഷ് 
കോഴിക്കോട്
November 9, 2025 11:23 pm

എഴുത്തിന്റെ ലോകത്ത് കന്നഡയ്ക്കൊപ്പം മലയാളത്തെയും നെഞ്ചോടുചേർത്ത് മുന്നോട്ടുപോവുകയാണ് പാർവതി ജി ഐതാൾ. അതിരുകൾ മായ്ച്ച് മലയാളഭാഷയെയും സാഹിത്യത്തെയും എഴുത്തുകാരെയും കന്നഡയിൽ പരിചയപ്പെടുത്തുന്നത് ഇവരുടെ ജീവിതലക്ഷ്യമാണ്. എം ടി വാസുദേവൻ നായരുടെ നാല്പത് പുസ്തകങ്ങൾ അടക്കം നിരവധി മലയാളം കൃതികളാണ് കർണാടകയിലെ കുന്ദാപുര സ്വദേശിയായ മുൻ കോളജ് അധ്യാപിക ഡോ. പാർവതി ജി ഐതാൾ കന്നഡയിലേക്ക് വിവർത്തനം ചെയ്തിട്ടുള്ളത്. കാസർകോടുള്ള കോളജിൽ ബിഎ പഠിക്കാനെത്തിയപ്പോഴാണ് മലയാളം പാർവതിയുടെ ഹൃദയത്തിൽ പതിഞ്ഞത്. സഹപാഠികളായ കുട്ടികളുടെ സഹായത്തോടെ മലയാളം എഴുതാനും വായിക്കാനും പഠിച്ചു. പിന്നീട് മലയാള സാഹിത്യ കൃതികൾ ധാരാളമായി വായിക്കാൻ തുടങ്ങിയെന്ന് പാർവതി ജി ഐതാൾ പറഞ്ഞു. രണ്ടു ഭാഷകളും അറിയാവുന്നതുകൊണ്ട് വിവർത്തനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഉറൂബിന്റെ നനഞ്ഞ രാത്രികൾ എന്ന കഥയാണ് ആദ്യമായി വിവർത്തനം ചെയ്തത്. കഥ കന്നഡയിലെ പ്രമുഖ മാസികയിൽ പ്രസിദ്ധീകരിച്ചു. 

രണ്ടാമതായി വെട്ടൂർ രാമൻ നായരുടെ ജീവിക്കാൻ മറന്നുപോയ സ്ത്രീ എന്ന നോവലാണ് വിവർത്തനം ചെയ്തത്. വധുകലു മരൈദ സ്ത്രീ എന്ന പേരിൽ ഇതേ മാസികയിൽ നോവൽ പ്രസിദ്ധീകരിച്ചു. നോവൽ പുസ്തകമാക്കിയപ്പോൾ തൃശൂരിൽവച്ച് എംടിയായിരുന്നു പ്രകാശനം നിർവഹിച്ചത്. എംടിയുമായുള്ള സൗഹൃദം എംടി കൃതികൾ വിവർത്തനം ചെയ്യുന്നതിലേക്ക് നയിച്ചു. എംടിയെക്കുറിച്ച് കന്നഡയിൽ ഒരു പുസ്തകവും പാർവതി രചിച്ചിട്ടുണ്ട്. മാധവിക്കുട്ടി, വൈക്കം മുഹമ്മദ് ബഷീർ, സക്കറിയ, മലയാറ്റൂർ, സുകുമാർ അഴീക്കോട്, സി രാധാകൃഷ്ണൻ, സാറാ ജോസഫ്, എൻ പി മുഹമ്മദ് എന്നിവരുടെയെല്ലാം രചനകൾ കന്നഡയ്ക്ക് പരിചയപ്പെടുത്തിയതും പാർവതിയാണ്.
അസുരവിത്ത് ധുർവിച എന്ന പേരിലും ആലാഹയുടെ പെൺമക്കൾ ആലാഹള എണ്ണുമക്കളു എന്ന പേരിലും കന്നഡയിൽ വിവർത്തനം ചെയ്തു. മഞ്ഞ്, നീർമാതളം പൂത്ത കാലം, തത്വമസി, ഇനിയൊരു നിറകൺ ചിരി, ദൈവത്തിന്റെ കണ്ണ്, ശബ്ദങ്ങൾ, മലയാറ്റൂരിന്റെ ചെറുകഥകൾ, എംടിയുടെ ചെറുകഥകൾ എന്നിവയെല്ലാം ഇതിനകം കന്നഡയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 

കന്നഡയിലെ ശ്രദ്ധേയ കൃതികൾ മലയാളത്തിലേക്കും ഇവർ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കന്നഡയിലെ 12 വനിതാ എഴുത്തുകാരുടെ കഥകളായിരുന്നു ആദ്യം വിവർത്തനം ചെയ്തത്. പ്രശസ്ത കന്നഡ കവി കെ എസ് നിസാർ അഹമ്മദിന്റെ കവിതകൾ ഉൾപ്പെടെ മലയാളത്തിലെത്തിച്ചു. ശിവരാമ കാരന്തിനെക്കുറിച്ച് മലയാളത്തിൽ പുസ്തകം രചിച്ചിട്ടുമുണ്ട് പാർവതി. ഡോ. ഡി ആർ നാഗരാജിന്റെ നാടകമാണ് ഭ്രാന്താലയം എന്ന പേരിൽ അവസാനമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുള്ളത്. മലയാളത്തിൽ നിന്ന് കന്നഡയിലേക്ക് വിവർത്തനം ചെയ്യുന്നതിനേക്കാൾ കന്നഡയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനാണ് പ്രയാസമെന്ന് ഇവർ പറയുന്നു. കവി പി കെ ഗോപി ഉൾപ്പെടെ പലരും വിവർത്തനത്തിന് സഹായിച്ചിട്ടുണ്ട്. 2012ൽ കാളിയത്ത് ദാമോദരൻ സ്മാരക പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. പാർവതിയുടെ അഞ്ച് കഥകൾ അടുത്തിടെ മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് പുസ്തകമാക്കാനുള്ള ശ്രമത്തിലാണ് ഇവരിപ്പോൾ. അധ്യാപകനായിരുന്ന പരേതനായ ഗംഗാധരൻ ഐതാളാണ് ഭർത്താവ്. ഡോക്ടറായ രമ്യത ഐതാളും എന്‍ജിനീയറായ സുസ്മിത ഐതാളുമാണ് മക്കൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.