21 November 2024, Thursday
KSFE Galaxy Chits Banner 2

ഓള്‍ട്ടോ കെ 10 വീണ്ടും വരുന്നു

Janayugom Webdesk
July 7, 2022 1:17 pm

മാരുതി സുസുക്കി ഓള്‍ട്ടോ കെ 10 വീണ്ടും അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. 2020 മാര്‍ച്ചിലാണ് മാരുതി സുസുക്കി ഓള്‍ട്ടോ കെ 10 വിപണിയില്‍ നിന്നും പിന്‍വലിച്ചത്. എന്‍ട്രി ലെവല്‍ കാറുകളുടെ കൂട്ടത്തില്‍ കാര്യമായ വെല്ലുവിളികള്‍ ഇല്ലെന്നതും ഈ കാറുകള്‍ക്ക് വലിയ വിപണിയാണ് രാജ്യത്തുള്ളതെന്നുമുള്ള തിരിച്ചറിവാണ് മാറി ചിന്തിക്കാന്‍ മാരുതി സുസുക്കിയെ പ്രേരിപ്പിക്കുന്നത്.

മാരുതി സുസുക്കിയുടെ തന്നെ എസ്പ്രസോയും റെനോ ക്വിഡുമാണ് രാജ്യത്തെ പ്രധാന എന്‍ട്രി ലെവല്‍ ചെറുകാറുകള്‍. എന്നാല്‍ രാജ്യത്തെ കാര്‍ വിപണിയുടെ 7.8 ശതമാനം ഈ വിഭാഗത്തിനാണെന്നതും മാരുതി സുസുക്കിയുടെ നീക്കത്തെ ശരിവയ്ക്കുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഓള്‍ട്ടോയും എസ്പ്രസോയും ചേര്‍ത്ത് 2,11,762 വാഹനങ്ങള്‍ മാരുതി സുസുക്കി വിറ്റിരുന്നു. റെനോ 26,535 ക്വിഡുകളും ഇതേ കാലയളവില്‍ വിറ്റിട്ടുണ്ട്. ഏതാണ്ട് 2.50 ലക്ഷം കാറുകള്‍ വില്‍ക്കുന്ന വിഭാഗമെന്നത് ശക്തമായ വിപണി വിഹിതം തന്നെയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട കാറെന്ന പേര് മാരുതി സുസുക്കിയുടെ ഓള്‍ട്ടോക്ക് സ്വന്തമാണ്. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ 43 ലക്ഷം ഓള്‍ട്ടോ കാറുകളാണ് ഇന്ത്യയില്‍ വിറ്റിട്ടുള്ളത്. 2012 വരെ ആദ്യ തലമുറ ഓള്‍ട്ടോ കാറുകള്‍ വിറ്റിരുന്നു. 18 ലക്ഷം ആദ്യ തലമുറ ഓള്‍ട്ടോ കാറുകളാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ ഓള്‍ട്ടോ പുറത്തിറക്കിയിരുന്നത്. 1061 സിസിയുടേയും 796 സിസിയുടേയും എന്‍ജിന്‍ ഓപ്ഷനുകളായിരുന്നു ഉപഭോക്താക്കള്‍ക്കുണ്ടായിരുന്നത്. 2005 ആകുമ്പോഴേക്കും മാരുതി 800ന്റെ മറികടന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കാറെന്ന പെരുമ ഓള്‍ട്ടോ സ്വന്തമാക്കി. 2018ല്‍ ഡിസെയര്‍ മറികടക്കും വരെ ഈ സ്ഥാനത്ത് ഓള്‍ട്ടോ തുടരുകയും ചെയ്തു.

998 സിസി എന്‍ജിന്‍ ശേഷിയുമായി 2010ലാണ് ഓള്‍ട്ടോ കെ10 അവതരിപ്പിക്കുന്നത്. 2020 മാര്‍ച്ചില്‍ പിന്‍വലിക്കും വരെ 8.80 ലക്ഷം ഓള്‍ട്ടോ കെ10 വില്‍ക്കുകയും ചെയ്തു. ഓള്‍ട്ടോ 800 എന്ന പേരില്‍ 2012ല്‍ രണ്ടാം തലമുറയില്‍ പെട്ട ഓള്‍ട്ടോ കാറുകളെ അവതരിപ്പിക്കുകയും ചെയ്തു. 16 ലക്ഷത്തിലേറെ ഓള്‍ട്ടോ 800 കാറുകള്‍ ഇന്ത്യന്‍ നിരത്തുകളിലെത്തുകയും ചെയ്തു.

വില്‍പന കൂടി കണക്കാക്കിയാണ് കെ 10 ഒഴിവാക്കുകയും ഓള്‍ട്ടോ 800 നിലനിര്‍ത്തുകയും ചെയ്തത്. അതിന് മാരുതി സുസുക്കിക്ക് വ്യക്തമായ കാരണവും ഉണ്ടായിരുന്നു. ഓള്‍ട്ടോ 800 നും സ്വിഫ്റ്റ് പോലുള്ള വലിയ കാറുകള്‍ക്കും ഇടയിലായിരുന്നു കെ 10ന്റെ വില. ബജറ്റിന്റെ കാര്യത്തില്‍ പരിമിതികളുള്ള ഉപഭോക്താവ് ഓള്‍ട്ടോ 800 തിരഞ്ഞെടുക്കുകയും പണം ബുദ്ധിമുട്ടില്ലാത്തവര്‍ സ്വിഫ്റ്റോ എന്‍ട്രി ലെവല്‍ എസ്യുവിയായ ബ്രെസയോ തിരഞ്ഞെടുക്കുകയും ചെയ്തു. ഇതോടെ കെ 10ന്റെ വില്‍പന ഇടിയുകയായിരുന്നു.

Eng­lish sum­ma­ry; Alto K10 is back

You may also like this video;

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.