9 January 2026, Friday

Related news

June 27, 2025
June 23, 2025
June 23, 2025
June 23, 2025
June 23, 2025
June 23, 2025
June 22, 2025
June 20, 2025
June 19, 2025
June 19, 2025

ആവേശക്കടലായി അമരമ്പലം

സ്വന്തം ലേഖകൻ
നിലമ്പൂർ
June 9, 2025 10:59 pm

ജനസമുദ്രം പോലെ സ്വീകരണകേന്ദ്രങ്ങൾ. തിരമാലപോലെ അലയടിക്കുന്ന ആവേശം. നിശ്ചയിച്ചതിലും വൈകി സ്ഥാനാർത്ഥി എത്തുമ്പോഴും അങ്ങകലെ അനൗൺസ്‌മെന്റിന് കാതോർത്തിരിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനാവലി. വനാതിർത്തി പങ്കിടുന്ന അമരമ്പലം എന്ന കാർഷിക ഗ്രാമം ഇന്നലെ ഉത്സവപ്രതീതിയിലാണ് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ വരവേറ്റത്. രാവിലെ തുടങ്ങിയ പര്യടനം രാത്രി വൈകി പന്നിക്കുളത്ത് സമാപിച്ചപ്പോഴും രക്തഹാരങ്ങളുടെ തിളക്കം തെല്ലും മങ്ങിയില്ല. ഈമാസം രണ്ടിന് നിലമ്പൂർ നഗരസഭാ പ്രദേശത്ത് ആരംഭം കുറിച്ച പര്യടനത്തിന്റെ ഏഴാം ദിനമാണ് ഇന്നലെ പിന്നിട്ടത്. രാവിലെ എട്ടുമണിയോടെ അമരമ്പലം സൗത്തിൽ സ്വരാജും പ്രവർത്തകരും എത്തിയതോടെ ഉത്സവാന്തരീക്ഷമായി. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിന് വ്യക്തമായ ലീഡ് നൽകിയ അമരമ്പലത്ത് ഗ്രാമപഞ്ചായത്ത് ഭരണത്തിന് ചുക്കാൻ പിടിക്കുന്നതും എൽഡിഎഫ് തന്നെ. ഭദ്രമായ രാഷ്ട്രീയാടിത്തറയുള്ളതിന്റെ പ്രതിഫലനം ആദ്യ സ്വീകരണകേന്ദ്രം മുതല്‍ കാണാനായി.

തുടര്‍ന്ന് പര്യടനം മാമ്പൊയിൽ, പുതിയ കളം, ചെറായി, കൂറ്റന്മാറ, അഞ്ചാം മൈൽ തുടങ്ങിയ കേന്ദ്രങ്ങൾ പിന്നിട്ടതോടെ ഇരുചക്രവാഹനങ്ങളിലും മറ്റും ചെങ്കൊടികളേന്തി അനേകം പ്രവർത്തകർ കൂടി വാഹനവ്യൂഹത്തിൽ കണ്ണികളായി. നാട്ടിടവഴികളിലുടനീളം അഭിവാദ്യം നേരാനെത്തിയവരുടെ തിരക്ക്. നിശ്ചിത സ്വീകരണ കേന്ദ്രങ്ങൾ ഒരുക്കിയിരുന്നെങ്കിലും ഒന്നുരണ്ടിടങ്ങളിൽ വാഹനം നിര്‍ത്തി ആൾക്കൂട്ടത്തിൽ അലിഞ്ഞുചേരാൻ സ്ഥാനാർത്ഥി നിർബന്ധിതനായി.
പതിഞ്ഞ ശബ്ദത്തിൽ, പരിമിതമായ വാക്കുകളിൽ സ്ഥാനാർത്ഥിയുടെ പ്രസംഗം. കാറ്റ് ഇടതുപക്ഷത്തിന് അനുകൂലമാണ്. നാടിന്റെ വികസനമാണ് നമുക്ക് വേണ്ടത്. അപ്പുറത്ത് നില്‍ക്കുന്നവർക്കാകട്ടെ വികസനം വേണ്ടെന്ന സമീപനവും. നിയമസഭയുടെ കാലാവധി ഇനി ഒരു വർഷത്തിൽ താഴെയേ ഉള്ളൂവെങ്കിലും ഉള്ള സമയം കൊണ്ട് നല്ല മാറ്റം വരുത്തുകയാണ് ലക്ഷ്യം. നിറഞ്ഞ കയ്യടിയോടെയും ഹാരമണിയിച്ചും നാട്ടുകാരുടെ വിജയാശംസ. സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്‍ പര്യടനം ഉദ്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് സ്ഥാനാർത്ഥി കവളമുക്കട്ടയിൽ എത്തിയപ്പോൾ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ വസതി സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ കണ്ടു. സ്ഥാനാർത്ഥിയുടെ പര്യടനം ഗ്രാമീണ മേഖലയിൽ തുടർന്നപ്പോൾ സ്വരാജിന്റെ ചിത്രം പതിച്ച പ്ലക്കാർഡുകളേന്തി നൂറുക്കണക്കിന് എഐഎസ്എഫ് പ്രവർത്തകർ നിലമ്പൂർ ടൗണിൽ നടത്തിയ പ്രചരണറാലി ശ്രദ്ധേയമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.