ജമ്മു — കശ്മീരിലെ ശ്രീനഗറിൽ നിന്നും 150 കിലോമീറ്റർ കിഴക്കു ഭാഗത്താണ് അമർനാഥ്. 13,700 അടി ഉയരത്തിലാണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച അമർനാഥ് സ്ഥിതിചെയ്യുന്നത്. സെപ്റ്റംബർ മുതൽ ജൂൺ വരെ മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശമാണിവിടെ. ജൂലായ് — ആഗസ്റ്റ് മാസത്തിലാണ് തീർത്ഥാടകരെത്തുന്നത്. ആഗസ്റ്റ് പകുതിയോടെ തീർത്ഥാടനം അവസാനിക്കും.
ഛന്ദൻ വാടിയിൽ നിന്നും അമർനാഥിലേക്ക് പോയിവരാൻ അഞ്ച് ദിവസങ്ങൾ വേണ്ടിവരും. ഞങ്ങൾ ബാൽക്കാൾ വഴിയാണ് അമർനാഥിലേക്ക് പോയത്. ശ്രീനഗർ — ലെ ഹൈവേയിലാണ് സോനാ മാർഗ്. സോനാ മാർഗ് സമുദ്രനിരപ്പിൽനിന്നും 3000 അടി ഉയരത്തിലാണ്. സോനാ മാർഗിൽ ഇന്ത്യൻ മിലിട്ടറിയുടെ കീഴിലുള്ള High Attitude Warefire School സ്ഥിതിചെയ്യുന്നു. ഇവിടെ നിന്നാണ് ബാലത്താളിലേക്ക് യാത്ര ആരംഭിക്കുന്നത്. ഇവിടേക്കുള്ള യാത്ര ട്രെയിൻവഴി ജമ്മുവരെയെത്താം. അവിടന്നങ്ങോട്ട് മിനിബസേ മലകയറുകയുള്ളൂ. ഇവിടേക്കുള്ള ഏറ്റവും അടുത്ത എയർപോർട്ട് ബഡ്ഗാം ജില്ലയിലാണ്. ബാലത്താളിലേക്കുള്ള യാത്ര മലകളും കയറ്റിറക്കങ്ങളുമെല്ലാം ചേർന്നതാണ്. മലമുകളിൽ എത്തുന്ന ബസിൽ നിന്നും താഴേക്ക് നോക്കിയാൽ, തീപ്പെട്ടിക്കൂടുപോലുള്ള വീടും ഒരു നൂലുപോലെ ഒഴുകുന്ന നദിയും കാണാം. യാത്രികർ പൂർണ ആരോഗ്യവാന്മാരാണെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ അമർനാഥ് തീർത്ഥാടനത്തിന് ജമ്മു — കശ്മീർ സർക്കാർ യാത്രാപെർമിറ്റ് അനുവദിക്കുകയുള്ളൂ. അതിനായി അതത് ജില്ലയിലെ ജമ്മു — കശ്മീർ ബാങ്കിൽ നിന്നും യാത്രാപെർമിറ്റ് വാങ്ങേണ്ടതാണ്. കനത്ത മൂടൽമഞ്ഞും മഴയും, വിരുന്നുകാരായി എത്തുന്ന കാലാവസ്ഥയായതിനാൽ ഇതിനെ പ്രതിരോധിക്കാനുള്ള കമ്പിളിവസ്ത്രം, ബിസ്ക്കറ്റുപോലുള്ള ജലാംശം അധികമില്ലാത്ത ഭക്ഷണം എന്നിവ കരുതുന്നതാണ് ഉത്തമം. തീവ്രവാദി ആക്രമണമുള്ളതിനാൽ സുരക്ഷാ സേന അതീവ ജാഗ്രതയിലാണ് നിൽക്കുന്നത്. എന്തു സഹായവും ചെയ്യാൻ അവർ സന്നദ്ധരാണ്.
ഞങ്ങൾ ഉച്ചയോടെ ബാൽതാൾ ടൗണിലെത്തുമ്പോൾ ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു. പ്രതികൂല കാലാവസ്ഥയിലും, വ്യത്യസ്തമായ ആഹാരരീതിയും ഒക്കെ ഞങ്ങളിൽ ചിലർക്കൊക്കെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കി.
ഹിമവാനെ കണികണ്ടുണരാനും, ഹിമവൽ ശൃംഗങ്ങളുടെ അഭൗമസൗന്ദര്യം നുകരാനും ഞങ്ങൾ 56 പേർ അടങ്ങുന്ന തീർത്ഥാടക സംഘം അന്നു രാത്രി ബാല്‍ത്താളിൽ താൽക്കാലിക ടെന്റിൽ കഴിച്ചുകൂട്ടി. വെളുപ്പിന് മൂന്ന് മണിയോടെ ഞങ്ങളെല്ലാവരും തയ്യാറായി. കുറേ പേർ കുതിരപ്പുറത്തും കുറേപേർ ട്രോളിയിലും കുറേപേർ ഹെലികോപ്റ്ററിലും പോകാൻ തീരുമാനിച്ചു. നേരത്തെ തീർത്ഥാടന സംഘത്തിലെ മാനേജർ തന്നിരുന്ന യാത്രാ പെർമിറ്റ് ചെക്ക് പോസ്റ്റിൽ കാണിച്ച് ദേഹപരിശോധനയും കടന്നു വേണം യാത്ര തുടരാൻ. ഞങ്ങളുടെ കുതിരയേയും വലിച്ച് കുതിരക്കാരൻ നടന്നു തുടങ്ങി.
വഴിയോരങ്ങളിൽ ധാരാളം സൗജന്യ ഭക്ഷണശാലകൾ (അതിന് ഹിന്ദിയിൽ പറയുന്നത് ലങ്കറുകൾ എന്നാണ്) കണ്ടു. ഇന്ത്യയിലെ കോടീശ്വരന്മാർ നടത്തുന്നതാണെന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. ജലദോഷത്തിനും മറ്റുമുള്ള ഗുളികകളും ഞങ്ങൾ കരുതിയിരുന്നു. ഞങ്ങളോടൊപ്പം ഡോ. വേലായുധൻ പിള്ളയും ഉള്ളതുകൊണ്ട് അദ്ദേഹവും അത്യാവശ്യത്തിനുള്ള ഗുളികകളും കരുതിയിരുന്നു. ബാൽതാളിൽ നിന്നും കുതിരപ്പുറത്ത് ആറ് മണിക്കൂർ വേണം അമർനാഥ് ഗുഹയിലെത്താൻ. വഴിയിൽ നല്ല തിരക്ക്. കഷ്ടിച്ച് മൂന്നും നാലും, ചിലയിടത്ത് അഞ്ചും ഒക്കെ അടി വീതിയുള്ള നടപ്പാത. ചിലയിടത്ത് കുത്തിറക്കം, ചിലയിടത്ത് കുത്തനേയുള്ള കയറ്റം. ഓക്സിജൻ കിട്ടാൻ പ്രയാസം. എല്ലായിടത്തും ഒരു വശത്ത് മഞ്ഞണിഞ്ഞ ഹിമവൽ ശൃംഗം. മറുവശത്ത് തൂക്കായ ആഴത്തിലുള്ള നദി. നോക്കുവാൻ പോലും ധൈര്യപ്പെടാത്തത്ര ആഴം. പലയിടത്തും സൈനികർ യാത്രക്കാരെ കർശനമായി നിയന്ത്രിക്കുന്നുണ്ടായിരുന്നു. യാത്രാ പാതകളിൽ ലിസാ നദി പിൻതുടർന്നു.
കുതിരപ്പുറത്തിരുന്ന് തെല്ല് പതറിയാൽ താഴെ മഞ്ഞുറഞ്ഞ നദിയിൽ പതിക്കുകതന്നെ. ചില സ്ഥലത്ത് ആർച്ച് രൂപത്തിൽ തീർത്ത പാലം പോലുള്ള മഞ്ഞു പാലങ്ങൾ കണ്ടു. മേഞ്ഞു നടക്കുന്ന യാക്കു മൃഗങ്ങളെ കണ്ടു. പകുതി ദൂരം കഴിയുമ്പോൾ സംഗം എന്നൊരു സ്ഥലമുണ്ട്. ഇവിടെ ധാരാളം സൈനിക ക്യാമ്പുകളും. പഹൽ ഗാം, ചന്ദ്രൻ വാടി പാതവഴി വരുന്ന അമർനാഥ് യാത്രക്കാരും ബാൽതാൾ വഴിവരുന്ന യാത്രക്കാരും ഇവിടെ ഒന്നിക്കുന്നു.
തീവ്രവാദികളും ഇവരുടെ കൂട്ടത്തിലുണ്ടെന്ന് അധികാരികൾ വിശ്വസിക്കുന്നതായി സംസാരം. മതവികാരമെന്ന മയക്കുമരുന്നു കൂടി ഈ തീവ്രവാദികൾ ഈ ദരിദ്ര ജനതയ്ക്കുമേൽ അടിച്ചേൽപ്പിക്കുന്നു. കുതിരകൾ നടന്നും നിന്നും ഒക്കെ ഉറുമ്പുകളെപ്പോലെ മലയിടുക്കുകളെ പ്രദക്ഷിണം വച്ച് അമർനാഥ് ഗുഹ ലക്ഷ്യമിട്ട് മുന്നേറുന്നു.
മല ഏകദേശം 10,000 അടി ഉയരത്തിലെത്തിയാൽ ശ്വാസം മുട്ടൽ അനുഭവപ്പെടാം. അന്തരീക്ഷ വായുവിൽ ഓക്സിജന്റെ അളവ് കുറയുന്നതാണിതിനു കാരണം.
വഴിയിൽ സൈനികരുടെ മെഡിക്കൽ ക്യാമ്പുകൾ. വഴിയോരങ്ങളിൽ പെപ്സിയും കൊക്കകോളയും മിറാൻഡയും ഇരട്ടി വിലയ്ക്കാണ് ഇവിടെ വിൽക്കുന്നത്. മെഷിൻ ഗൺ ഉന്നം പിടിച്ച് ജാഗരൂകരായി നിൽക്കുന്ന സൈനികരെ എവിടെ നോക്കിയാലും കാണാം. മഞ്ഞിലും, മഴയിലും ശീതകാറ്റിലുമൊക്കെ, സ്വന്തം ജീവിതം പണയപ്പെടുത്തി നാടിനുവേണ്ടിയും തീവ്രവാദികളുടെ ആക്രമണത്തേയും വെല്ലുവിളിച്ചു കൊണ്ട് അവരുടെ സേവനം എത്ര അർത്ഥവത്താണെന്ന് നമുക്ക് മനസിലാകും. അവരോടുള്ള ആദരവും ബഹുമാനവും നമ്മുടെ മനസ്സിൽ നിറഞ്ഞുനിൽക്കും. അവരുടെ പാദം നമിക്കണം. ജയ് ജവാൻ.
അമർനാഥ് ഗുഹയുടെ പ്രഥമ ദർശനം വാക്കുകളിലൊതുങ്ങാത്ത ഒരു ആത്മാനുഭൂതിയാണ് സങ്കല്പത്തിനേക്കാൾ വിഭിന്നം. ഹിമവൽ ശൃംഗത്തിന്റെ കൊടുമുടിയിലല്ല, ഏറെക്കുറെ താഴ്വാരത്തിലാണ് അമർനാഥ് ഗുഹാമുഖം. മഞ്ഞിൽ പുതച്ചു നിൽക്കുന്ന പർവതനിരകൾ; തൊട്ടടുത്ത് മേഘങ്ങൾ തട്ടിയുരുമ്മിയ ഒരു ഗിരി ശൃംഗം. ഗുഹാമുഖത്ത് ഏകദേശം മൂന്നു കിലോ മീറ്റർ എത്തിയപ്പോൾ കുതിരക്കാരൻ വിടപറഞ്ഞു. അതുവരേയുള്ളു കുതിരയുടെ പ്രവേശനം. മഞ്ഞുറഞ്ഞ സമതലത്തിലാണ് കുതിരയിൽ നിന്നിറങ്ങിയത്. മഞ്ഞിൽ കുത്തി നടക്കാൻ പ്രത്യേകതരമായ മുന കൂർപ്പിച്ച വടി ലഭ്യമാണ്. അക്ഷരാർത്ഥത്തിൽ ഈ മഞ്ഞുറഞ്ഞ താഴ്‌വാരം കണ്ട് ഞാൻ പേടിച്ചു. മഞ്ഞുറഞ്ഞ സമതലത്തിൽ ഞാൻ കുറേ നേരം ഇരുന്നു. ജീവിതത്തിൽ ഇതുവരേയും കണ്ടിട്ടില്ലാത്ത സ്ഥലം. ജവാൻമാർ പകർന്നു തന്നെ വെള്ളം കുടിച്ചു. കുറച്ചുനേരം വിശ്രമിച്ചു. നൈലോൺ കയറിൽ വലിച്ചു കെട്ടിയ താല്‍ക്കാലിക ഷെഡ്ഡുകളുടെ നീണ്ട നിര. പൂജാദ്രവ്യങ്ങൾ വിൽക്കുന്ന കടകളാണ് മിക്കവയും.
ദർശനത്തിനായി നീണ്ട ക്യൂ തന്നെയുണ്ട്. ഞാൻ ക്യൂവിൽ ഇടം പിടിച്ചു. എന്റെ സഹപ്രവർത്തകരെല്ലാം വരുന്നതേയുള്ളൂ. ഏകദേശം ഒന്നര മണിക്കൂർ ക്യൂവിൽ നിൽക്കേണ്ടിവന്നു. ഗുഹാമുഖത്ത് മന്ത്രത്തിന്റേയും മണിയടിയൊച്ചയുടേയും ഭയങ്കര ഒച്ച. ക്യൂ ഏകദേശം മുകളിലെത്തി.
ആറരയടി പൊക്കമുള്ള മഞ്ഞുറഞ്ഞുനിൽക്കുന്ന ശിവലിംഗം കൺകുളിർക്കേ കണ്ടു. ശിവ ചൈതന്യം നിറഞ്ഞുനിൽക്കുന്നു. ആ പ്രദേശമാകെ പ്രത്യേകമായ ഒരു ചൈതന്യം. ഞാൻ കൈയുയർത്തി ശിവലിംഗത്തിനെ പ്രണാമം ചെയ്തു. ഏകദേശം ഒരു മണിക്കൂർ ഗുഹാമുഖത്ത് ചെലവിട്ടു. രണ്ടു പ്രാവുകൾ ഗുഹാമുഖത്ത് അങ്ങോട്ടുമിങ്ങോട്ടും പറക്കുന്നത് കാണാമായിരുന്നു.
മഞ്ഞുറഞ്ഞ സമതലത്തിലെത്തിയപ്പോൾ കുതിരക്കാരൻ കാത്തു നിൽക്കുന്നു. ഞങ്ങളെല്ലാവരും കുതിരപ്പുറത്ത് കയറി. ഏകദേശം രാത്രി എട്ട് മണിയോടെ ബേസ് ക്യാമ്പായ ബാൽത്താളിലെത്തി.
ജമ്മുവിലെ വൈഷ്ണവി ദേവീ ക്ഷേത്രം
സമുദ്ര നിരപ്പിൽ നിന്നും 3800 അടി ഉയരത്തിലാണ് കുന്നിൻ മുകളിലുള്ള വൈഷ്ണവി ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെത്താൻ കാൽനടയായി പോകണമെങ്കിൽ അഞ്ച് മണിക്കൂർ വേണം. കുതിരപ്പുറത്ത് നാല് മണിക്കൂർ മതിയാകും. സരസ്വതി, ലക്ഷ്മി, പാർവതി എന്നീ ദേവിമാരുടെ സമന്വയമാണ് വൈഷ്ണവി ദേവി. ചെറിയ ഗുഹയിലൂടെ സന്ദർശിച്ചു വേണം ക്ഷേത്രത്തിലെത്താൻ. പൂജാദ്രവ്യങ്ങളെല്ലാം അവിടെ ലഭിക്കും.
ശ്രീനഗർ
സമുദ്ര നിരപ്പിൽ നിന്നും ആറായിരം അടി ഉയരത്തിലാണ് ശ്രീനഗർ. നഗരം നിർമ്മിച്ചത് പ്രവാരസേനൻ എന്ന രാജാവ്. ഝലം നദിക്കരയിൽ ഒരുപാട് പ്രശ്നങ്ങൾക്കും ഭീഷണികൾക്കും നടുവിൽ നിൽക്കുന്ന ഒരു സർപ്പസുന്ദരിയാണ് ശ്രീനഗർ. ദൈവം കനിഞ്ഞനുഗ്രഹിച്ച്, പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാശ്മീരിലെ ദാൽ തടാകവും മുഗൾ ഗാർഡനുമെല്ലാം ഓരോ ഭാരതീയന്റെയും അഭിമാനത്തിന്റെ പ്രതീകം കൂടിയാണ്.
ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് 300 കിലോ മീറ്ററുണ്ട്. ജമ്മു — ശ്രീനഗർ യാത്ര വ്യത്യസ്തമായ അനുഭവമാണ്. കശ്മീരിൽ ഏഴുലക്ഷം സൈനികരുണ്ട്. ജമ്മുവിലേക്കും ശ്രീനഗറിലേക്കും സദാ മിലിട്ടറി വണ്ടികൾ ഓടിക്കൊണ്ടിരിക്കും. വാഹനം തടഞ്ഞുനിർത്തി സുരക്ഷാഭടന്മാരുടെ കർശന പരിശോധന കൂടെക്കൂടെയുണ്ടാകും.
രണ്ടര കിലോമീറ്റർ ജവഹർ തുരങ്കം കടന്നാൽ താഴ്‌വരയായി. ഇരട്ട തുരങ്കത്തിലൂടെ വാഹനങ്ങൾക്ക് അങ്ങോട്ടുമിങ്ങോട്ടും പോകാം. ഇത്രയും നീണ്ട തുരങ്കം ഇന്ത്യയിൽ വേറെയില്ല. വലിയ മഞ്ഞു വീഴ്ചയുണ്ടാകുമ്പോൾ ഈ തുരങ്കം തന്നെ മൂടിപ്പോകും. 1995‑ൽ ആദ്യം ഈ ഭാഗത്ത് മഞ്ഞ് വീഴ്ചയുണ്ടായി അനേകം പേർ കൊല്ലപ്പെട്ടിരുന്നു. എല്ലായിടത്തും മുഖം പാതി മറച്ച് സൈനികർ യന്ത്രത്തോക്കുമായി നിൽക്കുന്നത് കാണാം.
ശ്രീനഗർ പകൽ നേരങ്ങളിൽ സജീവമാണ്. എന്നാൽ ഏതു നേരവും തീവ്ര വാദി ആക്രമണം ഉണ്ടാകാം. പെട്ടെന്നായിരിക്കും കടകൾക്ക് ഷട്ടറുകൾ വീഴുക. ശ്രീനഗറിലെ പ്രസിദ്ധമായ ഡാൽ തടാകത്തിലെ ഹൗസ് ബോട്ടുകൾ സഞ്ചാരികളുടെ പ്രധാന ആകർഷണമാണ്. ജൂൺ മുതൽ ഹൗസ് ബോട്ടുകളിൽ തിരക്കാണ്. പല നിറങ്ങളിലും വലിപ്പത്തിലും മനോഹരങ്ങളായ പേരുകളോടു കൂടിയ നൂറുകണക്കിന് ഹൗസ് ബോട്ടുകൾ തടാകത്തിലുണ്ട്. ഷിക്കാര എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഭംഗിയായി അലങ്കരിച്ച ചെറിയ തോണികളിൽ കയറിവേണം ഹൗസ് ബോട്ടിലെത്താൻ. അഞ്ചു മുറികളും അടുക്കളയും സിറ്റൗട്ടും ആവശ്യത്തിനുള്ള ഫർണിച്ചറുകളുമടക്കമുള്ള ഒരു ഹൗസ് ബോട്ടിന് ഏകദേശം ഒരു കോടിയോളം നിർമ്മാണച്ചെലവ് വരും. ടൂറിസ്റ്റുകളെ മാത്രം ആശ്രയിക്കുന്നവരാണ് കാശ്മീരികൾ. ഒരു ദിവസം ആയിരത്തി അഞ്ഞൂറു മുതൽ രണ്ടായിരത്തി അഞ്ഞൂറു രൂപാവരെ വാടക കൊടുക്കണം.
കുന്നിൻ മുകളിലാണ് ശങ്കരാചാര്യ ക്ഷേത്രം. സന്ദർശകരുടെ തിരക്കാണ് എന്നും, സുരക്ഷാ സൈനികരുടെ പരിശോധന കഴിഞ്ഞ് 200-ഓളം പടികൾ ചവിട്ടി വേണം ക്ഷേത്രത്തിലെത്താൻ. ഒരു ചെറിയ ഗുഹയ്ക്കകത്താണ് ക്ഷേത്രം. പ്രതിഷ്ഠ ശിവലിംഗമാണ്. ശങ്കരാചാര്യൻ തപസ്സ് ചെയ്തിരുന്ന സ്ഥലവും കുന്നിൻ മുകളിലുണ്ട്. കുന്നിൻ മുകളിലിരുന്ന് അര മണിക്കൂർ ധ്യാനത്തിലിരുന്നാൽ വല്ലാത്തൊരു അനുഭൂതിയാണ് നമുക്ക് അനുഭവപ്പെടുന്നത്.
ഗുൽമാർഗ്
സമുദ്രനിരപ്പിൽ നിന്നും 2650 അടി ഉയരത്തിലാണ് ഗുൽമാർഗ്. പൂക്കളുടെ താഴ്‌വര എന്നർത്ഥം. ശ്രീനഗറിൽ നിന്നും 50 കിലോമീറ്റർ ദൂരമുണ്ട് ഗുൽമാർഗിലെത്താൻ. വസന്തകാലത്ത് പൂക്കൾകൊണ്ട് നിറയുന്ന ഗുൽമാർഗ് മഞ്ഞുകാലത്ത് ഉറഞ്ഞുപോകുന്നു. താഴ്‌വരയിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണെന്ന് ഗുൽമാർഗിനെ വിശേഷിപ്പിക്കാം.
മഞ്ഞുമൂടിയ കുന്നിൻ ചരിവുകൾ തലയുയർത്തി നിൽക്കുന്ന ദേവദാരു മരങ്ങൾ. ജഹാംഗിർ ചക്രവർത്തിയുടെ ഇഷ്ടവിനോദകേന്ദ്രമായിരുന്നത്രെ ഗുൽമാർഗ്. ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് ഇതാണെന്ന് ജവഹർലാൽ നെഹ്റു കാശ്മീരിനെ വിശേഷിപ്പിച്ചത്. ഡിസംബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാലത്ത് മഞ്ഞുവീഴ്ച കാരണം ഗതാഗത തടസം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എത്ര വിദേശ രാജ്യങ്ങൾ സന്ദർശിച്ചാലും കശ്മീർ സന്ദർശിച്ച അനുഭൂതി ഒരിക്കലും ജീവിതത്തിൽ കിട്ടില്ല. കശ്മീരിന് സ്തുതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.