25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

August 23, 2024
June 19, 2024
September 21, 2023
June 4, 2023
June 1, 2023
May 20, 2023
May 20, 2023
January 5, 2023
November 30, 2022
November 28, 2022

ചെലവ് കുറയ്ക്കാന്‍ പിരിച്ചുവിടല്‍ തുടങ്ങി ആമസോണ്‍

Janayugom Webdesk
സാന്‍ഫ്രാന്‍സിസ്‌കോ
November 17, 2022 10:14 pm

ഇ കൊമേഴ്‌സ് കമ്പനിയായ ആമസോണില്‍ കൂട്ടപ്പിരിച്ചുവിടല്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ ആഴ്ചയോടെ 10,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ നീക്കം. ‘ചില വിഭാഗങ്ങളും പദ്ധതികളും ഏകീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആഴത്തിലുള്ള അവലോകനങ്ങള്‍ക്ക് ശേഷമാണ് തീരുമാനം. ചിലയാളുകളുടെ സേവനങ്ങള്‍ ഇനി ഇവിടെ ആവശ്യമില്ല’ ഹാര്‍ഡ്‌വേര്‍ മേധാവി ഡേവ് ലിംപ് ബുധനാഴ്ച തൊഴിലാളികള്‍ക്ക് നല്‍കിയ മെമ്മോയില്‍ എഴുതി. ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലില്‍ റീട്ടെയില്‍, ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗങ്ങള്‍ക്കൊപ്പം അലക്‌സ വോയ്‌സ് അസിസ്റ്റന്റിന്റെ ഉത്തരവാദിത്തം ഉള്‍പ്പെടെയുള്ള ഗ്രൂപ്പിനെയും വെട്ടിക്കുറയ്ക്കുന്നുണ്ട്. 

പിരിച്ചുവിട്ട നിരവധി ജീവനക്കാര്‍ അവരുടെ വിവരണങ്ങള്‍ ലിങ്ക്ഡ് ഇന്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാനും ജോലി അന്വേഷിക്കാനും തുടങ്ങിയിട്ടുണ്ട്. ഇതില്‍ നിരവധി എച്ച് 1 ബി വിസ ഉടമകളും ഉള്‍പ്പെടുന്നു. വിസ കാലഹരണപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യുന്നതിനു മുമ്പ് ഒരു സ്‌പോണ്‍സറെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പലരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിദഗ്ധ തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ താല്ക്കാലികമായി നിയമിക്കാന്‍ യുഎസ് തൊഴിലുടമകളെ അനുവദിക്കുന്ന വിസയാണ് എച്ച് 1 ബി. ട്വിറ്റര്‍, മെറ്റാ തുടങ്ങിയ വന്‍കിട ടെക് കമ്പനികളിലെ പിരിച്ചുവിടലുകളിലും നിരവധി എച്ച്1 ബി വിസ ഉടമകള്‍ക്ക് ജോലി നഷ്ടമായിരുന്നു. അതേസമയം 11,000 തൊഴിലാളികളെ പിരിച്ചുവിട്ട മെറ്റ ജോലി നഷ്ടമായ എല്ലാ വിദേശ പൗരന്മാര്‍ക്കും ഇമിഗ്രേഷന്‍ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആമസോണ്‍ പിരിച്ചുവിടല്‍ നോട്ടീസ് മാത്രം നല്‍കി കയ്യൊഴിയുന്ന ഉദാസീന സമീപനമാണ് കൈക്കൊള്ളുന്നതെന്നും ജീവനക്കാര്‍ പറയുന്നു. 

Eng­lish Summary:Amazon begins lay­offs to cut costs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.