19 December 2024, Thursday
KSFE Galaxy Chits Banner 2

ആമസോണിലെ അത്ഭുത ബാല്യങ്ങള്‍

എ ജി വെങ്കിടേഷ്
June 12, 2023 4:45 am

മറ്റെല്ലായിടത്തുമെന്നതുപോലെ ആമസോൺ മഴക്കാടുകളെ നാമറിഞ്ഞിരുന്നത് അസാധാരണമായ ജൈവവൈവിധ്യങ്ങളുടെ കലവറയും ലോകത്തെ തന്നെ വൻകിട വനപ്രദേശമെന്നുമുള്ള നിലയിലായിരുന്നു. അതുകൊണ്ടുതന്നെ കയ്യേറ്റക്കാരുടെ ഇഷ്ടഭൂമി കൂടിയായിരുന്നു ആമസോൺ മഴക്കാടുകൾ. അപൂർവ ഇനങ്ങളിൽപ്പെട്ട ജീവിവിഭാഗങ്ങളുടെയും സസ്യലതാദികളുടെയും വിളനിലവും അതേസമയം ആദിമഗോത്ര ജനതയുടെ അധിവാസഭൂമി എന്ന നിലയിലും ആമസോണിനെ കുറിച്ച് നാം കേൾക്കുകയും വായിക്കുകയും കാണുകയും ചെയ്തുകൊണ്ടിരുന്നു. പല രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ആമസോണിനെ കഴിഞ്ഞ ദിവസങ്ങളില്‍ അത്ഭുതാദരങ്ങളോടെ വായിച്ചത്, 40 നാള്‍ മുമ്പ് കാണാതായ നാലു കുട്ടികളെ തിരിച്ചുകിട്ടിയെന്ന വാര്‍ത്തയ്ക്കൊപ്പമായിരുന്നു. മേയ് ഒന്നിന് പറന്നുയര്‍ന്ന് അധിക നേരമാകുന്നതിന് മുമ്പ് തകര്‍ന്നുപോയ വിമാനത്തില്‍ യാത്രക്കാരായിരുന്നു അവര്‍ നാലുപേരും. ആമസോണസ് പ്രവിശ്യയിലെ അരരാകുവാരയിൽ നിന്ന് അമ്മയ്ക്കും ബന്ധുവിനുമൊപ്പം സാൻ ജോസ് ഡെൽ ഗ്വാവിയറിലേക്ക് പോകുകയായിരുന്നു അവര്‍ നാലുപേരും. എന്‍ജിന്‍ തകരാര്‍ കാരണം മുന്നറിയിപ്പ് ലഭിച്ചുവെങ്കിലും അതിന് മുമ്പ് അപകടം സംഭവിച്ചിരുന്നു. പൈലറ്റുള്‍പ്പെടെ മൂന്ന് മുതിർന്നവരുടെയും മൃതദേഹങ്ങൾ അപകടസ്ഥലത്ത് നിന്ന് വിമാന അവശിഷ്ടങ്ങള്‍ക്കൊപ്പം കണ്ടെത്തിയെങ്കിലും കുട്ടികളെ കാണാതാവുകയായിരുന്നു.

70 ലക്ഷം ചതുരശ്രകിലോമീറ്റര്‍ വ്യാപ്തിയുള്ള പ്രദേശത്ത് 55 ലക്ഷം ചതുരശ്ര കിലോമീറ്ററിലാണ് ആമസോണ്‍ മഴക്കാടുകള്‍ വ്യാപിച്ചുകിടക്കുന്നത്. വലിയൊരു ഭാഗം (60 ശതമാനം) ബ്രസീലിലും അവശേഷിക്കുന്നവ പെറു, കൊളംബിയ, വെനസ്വേല, ഇക്വഡോർ, ബൊളീവിയ, ഗയാന, സുരിനാം, ഫ്രഞ്ച് ഗയാന ഉൾപ്പെടെ രാജ്യങ്ങളിലുമായാണ് പരന്നു കിടക്കുന്നത്. ലോകത്ത് അവശേഷിച്ചിട്ടുള്ള മഴക്കാടുകളുടെ പകുതിയും ആമസോണിലാണ്. ഉഷ്ണമേഖലാ മഴക്കാടുകളിലെ ഏറ്റവും ജൈവവൈവിധ്യമേറിയതും വലുതുമായ മഴക്കാടും ഇതുതന്നെ. 16,000 കോടി ഇനങ്ങളില്‍പ്പെടുന്ന 40,000ത്തോളം കോടി മരങ്ങള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. പ്രാണികളുടെ 25 ലക്ഷം ഇനങ്ങളും പതിനായിരക്കണക്കിന് സസ്യങ്ങള്‍, 2,000 പക്ഷികള്‍, സസ്തനികള്‍ എന്നിവയുടെ വിഭാഗങ്ങളുമുണ്ട്. 2,200 തരം മീനുകൾ, ഉഭയജീവികൾ, ഉരഗങ്ങൾ എന്നിവയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഒരു ഹെക്ടറിൽ ശരാശരി 365 ടണ്ണോളമാണ് ആമസോൺ പ്രദേശത്തെ സസ്യാവശിഷ്ടം. മഴക്കാട്ടിലെ മരങ്ങളുടെ പച്ചയിലകളുടെ അളവ് കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ധാരാളം അപകടങ്ങള്‍ പതിയിരിക്കുന്ന ഇടമായ ഇവിടെ ഇരപിടിയന്മാരിൽ വലിയവരായ കറുത്ത ചീങ്കണ്ണി, കടുവകള്‍, അനാക്കൊണ്ട എന്നിവയും മനുഷ്യനെ കടിച്ച് കൊല്ലാനും തിന്നാനും കഴിവുള്ള പിരാനകളുമുണ്ട്. ഇത്രയധികം വന‑ജൈവ സമ്പത്തുള്ള പ്രദേശമെന്ന നിലയില്‍ ഈ രാജ്യങ്ങളുടെ രാഷ്ട്രീയ‑സാമൂഹ്യ വ്യവഹാരങ്ങളില്‍ ആമസോണ്‍ വനത്തിന് വലിയ പങ്കുണ്ട്. എല്ലാ രാജ്യങ്ങളിലും ഈ വനസമ്പത്ത് കൊള്ളയടിക്കുന്നതിനായി വലിയ മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അടുത്തിടെ കൊളംബിയയിലും ബ്രസീലിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ആമസോണിനെ വെട്ടിവെളുപ്പിക്കുന്ന മാഫിയകളും അവരെ പിന്തുണയ്ക്കുന്ന ഭരണാധികാരികളും തമ്മിലായിരുന്നു പ്രധാന മത്സരമെന്നതും പ്രാധാന്യമര്‍ഹിക്കുന്നു.


ഇതുകൂടി വായിക്കൂ:വന്യജീവി ശല്യം രാഷ്ട്രീയവല്‍ക്കരിക്കരുത്


ഇത്തരത്തില്‍ ഒരേ സമയം വിസ്മയവും ഭയാനകവുമായ രാഷ്ട്രീയ‑സാമൂഹ്യ വിഷയവുമായി നാമറിയുന്ന ആമസോണ്‍ കാടുകളില്‍ നിന്ന് 13 വയസില്‍ താഴെയുള്ള നാലു കുട്ടികളെ 40 ദിവസത്തിനുശേഷം വലിയ പരിക്കുകളേല്‍ക്കാതെ തിരിച്ചു കിട്ടി എന്നത് അത്ഭുതമല്ല, മഹാത്ഭുതമാണ്. കുട്ടികളെ കണ്ടെത്തിയുള്ള അറിയിപ്പ് ലോകത്തെ അറിയിച്ച കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ അത്ഭുതം, അത്ഭുതം എന്ന് കുറിച്ചാണ് ആ വിവരം പങ്കുവച്ചത്. ലെസ്‌ലി ജാക്കബോംബയെർ മക്കറ്റൈ(13), സോളിനി ജാക്കബോംബയെർ മക്കറ്റൈ(ഒമ്പത്), ടിയൻ നോറിയൽ റോണോഖ് മക്കറ്റൈ (നാല്), ഒരു വയസുള്ള നെരിമാൻ റോണോഖ് മക്കറ്റൈ എന്നിവരായിരുന്നു ആ അത്ഭുത കുട്ടികള്‍. വിമാനാപകടത്തില്‍പ്പെട്ട് വനത്തിലേക്ക് പതിക്കുമ്പോള്‍ ഇളയകുട്ടിക്ക് പത്തു മാസമായിരുന്നു പ്രായം. മുതിര്‍ന്നവര്‍ തോളിലേന്തി കാട്ടിലലയുന്നതിനിടെയായിരുന്നു അവന്റെ ആദ്യ ജന്മവാര്‍ഷികമെത്തിയത്. കുട്ടികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടങ്ങുമ്പോള്‍തന്നെ ഗോത്ര വിഭാഗത്തില്‍പ്പെട്ടവരായിരുന്നതിനാല്‍ അതിജീവിക്കുമെന്ന നിഗമനത്തിലായിരുന്നു എല്ലാവരും. അന്വേഷണം തുടങ്ങി അല്പദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ കുട്ടികള്‍ ജീവിച്ചിരിക്കുന്നുവെന്നതിന്റെ തെളിവുകള്‍ കിട്ടിയത് പ്രതീക്ഷ വര്‍ധിപ്പിച്ചു. മാഞ്ഞുതുടങ്ങിയ ഇളംകാല്പാടുകളാണ് ആദ്യം കണ്ടെത്തിയത്. മൂന്ന് ഹെലികോപ്റ്ററുകളും നൂറോളം സൈനികരും അതീവ ഘ്രാണശേഷിയുള്ള നായ്ക്കളും ചേര്‍ന്ന സംഘം കാല്പാടുകള്‍ക്ക് പിറകേ കടുവകളുള്‍പ്പെടെയുള്ള ഹിംസ്ര ജന്തുക്കളും പാമ്പുകളും വേട്ടക്കാരും വിഹരിക്കുന്ന കാട്ടില്‍ തിരച്ചില്‍ തുടര്‍ന്നു. മേയ് 18 ന് കാട്ടിലൊരിടത്ത് ഏറുമാടം കണ്ടെത്തിയതും കുട്ടികള്‍ കൈപ്പാടകലെയെന്നുമുള്ള കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ ആദ്യ ട്വീറ്റ് നാട്ടുകാര്‍ വായിച്ചു. (കുട്ടികളെ കണ്ടെത്തിയെന്നായിരുന്നു അദ്ദേഹം ആദ്യം ട്വീറ്റ് ചെയ്തത്. ഇതിനെതിരെ വിമര്‍ശനമുണ്ടായി.) പിന്നീട് കുട്ടികള്‍ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന പാല്‍ക്കുപ്പികളും മറ്റും കണ്ടെത്തിയതോടെ അവര്‍ ജീവിച്ചിരിക്കുന്നുവെന്നതിന് കൂടുതല്‍ തെളിവുകളായി. അവയുടെ ചിത്രങ്ങളും പുറത്തുവന്നു. അങ്ങനെ പ്രതീക്ഷയോടെ ഒരു രാജ്യവും ലോകവും കാത്തിരിക്കേ, ആ സന്തോഷ വാര്‍ത്തയെത്തി. സൈന്യം അവര്‍ക്കരികിലെത്തിയിരിക്കുന്നുവെന്ന്. ഓപ്പറേഷൻ ഹോപ്പ് എന്ന പേരിലാണ് കുട്ടികൾക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചത്. കാട്ടില്‍ അഭയം തേടി സഞ്ചരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു കുട്ടികള്‍ നാലുപേരും.

രണ്ടു തവണയെങ്കിലും അന്വേഷണ സംഘം അമ്പത് മീറ്ററോളം അരികിലെത്തിയിരുന്നുവെങ്കിലും നിബിഢ വനത്തില്‍ പിന്നെയും കാണാതാവുകയായിരുന്നു. ഇളംപ്രായത്തിലുള്ള കുട്ടികള്‍ ക്ഷീണിച്ചിരുന്നുവെങ്കിലും കൃത്യമായി ശ്വസിക്കുവാന്‍ കഴിഞ്ഞതും ഭക്ഷിക്കുവാന്‍ പഴങ്ങള്‍ കിട്ടിയതുമാണ് അവരെ നിലനിര്‍ത്തിയതെന്ന് അന്വേഷണ സംഘത്തിന്റെ തലവന്‍ ജനറല്‍ പെഡ്രോ സാഞ്ചേസ് പറഞ്ഞു. ഇഷ്ടഭക്ഷണം കഴിക്കാത്തതിന്റെ ആരോഗ്യ പ്രശ്നങ്ങളും ദിവസങ്ങള്‍ അലഞ്ഞതിന്റെ ക്ഷീണവും ചെറുപ്രാണികളുടെ കടിയേറ്റതിന്റെ പാടുകളുമുണ്ടായിരുന്നുവെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലാതെയാണ് കുട്ടികളെ കണ്ടെത്തിയത്. ഹുയിറ്റൊട്ടോ എന്ന ഗോത്ര വിഭാഗത്തില്‍പ്പെട്ടവരായിരുന്നു എന്നതിനാല്‍ത്തന്നെ ജനിതകമായി കാട്ടിനകത്ത് ഒറ്റപ്പെട്ടാലും അതിജീവിക്കാനാകുമെന്ന അവസ്ഥയാണ് നാലു കുട്ടികളെയും നിലനിര്‍ത്തിയത്. കാട്ടു കിഴങ്ങുകളും പഴങ്ങളും കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തിയതെന്ന് ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന കുട്ടികളുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. നാലു കുട്ടികള്‍ക്കുവേണ്ടി ഒരു രാജ്യം നടത്തിയ തിരച്ചിലാണ് പരിസമാപ്തിയിലെത്തിയതെന്ന് ആമസോണ്‍ കാടുകളില്‍ നിന്ന് ആ കുട്ടികള്‍ തിരികെയെത്തുമ്പോള്‍ തീര്‍ച്ചയായും പറയാവുന്നതാണ്. രാജ്യത്തെ ഓരോ പൗരനും വിലമതിക്കാനാവാത്തതാണ് എന്ന വലിയ സന്ദേശമാണ് ആമസോണില്‍ നിന്നുള്ള ഈ അതിജീവന വാര്‍ത്ത നല്കുന്നത്. കണ്ണിലെണ്ണയൊഴിച്ചെന്നതുപോലെ ഒരു രാജ്യത്തെ പ്രധാന ഭരണാധികാരി പോലും കുട്ടികളെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ക്കുവേണ്ടി കാത്തിരുന്നു എന്നിടത്തും ഈ സംഭവത്തിന് പ്രത്യേക തലമുണ്ടാകുന്നു. അസാധാരണമായ ത്വരയോടെ കൊടുംകാട്ടിലേക്ക് കുട്ടികളെ തേടിപ്പോയ അന്വേഷണ സംഘത്തിന്റെ ധീരതയാര്‍ന്ന ചുവടുവയ്പുകളും ഇവിടെ നാം പ്രകീര്‍ത്തിക്കണം. പുതിയ കാലത്ത് ആമസോണിലെ ആ അത്ഭുത ബാലന്മാരുടെ അതിജീവനത്തില്‍ നിന്ന് നമുക്കും പലതും പഠിക്കാനുണ്ട്. പ്രത്യേകിച്ച് ഉക്രെയ്ന്‍ യുദ്ധാരംഭത്തില്‍ സുരക്ഷിതസ്ഥാനങ്ങളില്‍ കഴിഞ്ഞോളു എന്ന് സ്വന്തം പൗരന്മാരോട് പറഞ്ഞ് കെെകഴുകാന്‍ നോക്കിയ ആസുരമായ നമ്മുടെ ഭരണാധികാരികളുടെ ഈ കാലത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.