8 April 2025, Tuesday
KSFE Galaxy Chits Banner 2

ബിഎസ്എന്‍എല്ലിനെ തഴഞ്ഞ് കരാര്‍ അംബാനിക്ക്

കെ രംഗനാഥ്
തിരുവനന്തപുരം
May 17, 2023 10:44 pm

പൊതുമേഖലാ വാര്‍ത്താവിനിമയ സ്ഥാപനമായ ബിഎസ്എന്‍എല്ലിനെ കേന്ദ്രം തഴഞ്ഞു. ഇന്ത്യന്‍ റെയില്‍വേയിലെ 11 ലക്ഷം ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ നല്കാനുള്ള കരാര്‍ വന്‍കിട കോര്‍പറേറ്റുകളായ മുകേഷ് അംബാനിക്കും സുനില്‍ മിത്തലിനും നല്‍കി.
കഴിഞ്ഞ വര്‍ഷവും എട്ട് ലക്ഷം റെയില്‍വേ തൊഴിലാളികള്‍ക്ക് ഫോണ്‍ നല്കാനുള്ള കരാര്‍ അംബാനി ഗ്രൂപ്പിന്റെ ജിയോക്കായിരുന്നു. ഇതേത്തുടര്‍ന്ന് ബിഎസ്എന്‍എല്ലിലെ ജീവനക്കാരുടെ സംഘടനകള്‍ വന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. അടുത്ത വര്‍ഷത്തെ കരാര്‍ ബിഎസ്എന്‍എല്ലിനു നല്കാമെന്ന വാഗ്ദാനം നല്കി സമരം തണുപ്പിച്ച കേന്ദ്രം ഇത്തവണയും കരാറുകള്‍ കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് നല്കി കടുത്ത വാഗ്ദാനലംഘനമാണ് നടത്തിയിരിക്കുന്നതെന്ന വിമര്‍ശനമുയരുന്നു.

7.28 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്ക് സിംകാര്‍ഡുകള്‍ നല്കുന്നതിന് 128 കോടിയുടെ കരാറാണ് അംബാനിയുടെ ജിയോക്കു ലഭിച്ചിരിക്കുന്നത്. 4.85 ലക്ഷം പേര്‍ക്കു കണക്ഷന്‍ നല്കാനുള്ള 84 കോടിയുടെ കരാര്‍ സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെല്ലിനും. നേരത്തെ ജിയോക്കു മാത്രം ലഭിച്ച കരാറാണ് ഇപ്പോള്‍ രണ്ട് കമ്പനികള്‍ക്കായി പകുത്തു നല്കിയിരിക്കുന്നത്. ആറു വര്‍ഷം മുമ്പ് ബിഎസ്എന്‍എല്ലിനെ തഴഞ്ഞ് ഭാരതി എയര്‍ടെല്ലിന് കരാര്‍ നല്കിക്കൊണ്ടായിരുന്നു റെയില്‍വേയിലെ വാര്‍ത്താവിനിമയ സംവിധാനം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര നീക്കം തുടങ്ങിയത്. ജീവനക്കാരെ അവരുടെ തസ്തികയ്ക്കനുസരിച്ച് വിവിധ ഗ്രേഡുകളായി തരംതിരിച്ചായിരിക്കും മൊബൈല്‍ കണക്ഷനുകള്‍ നല്കുക.
സബ്സിഡിയോടു കൂടിയ നിരക്കില്‍ കണക്ഷനുകള്‍ നല്കുന്നതിനാല്‍ ഈ മേഖലയിലെ ചെലവില്‍ 30 ശതമാനം കുറവുണ്ടാകുമെന്നാണ് റെയില്‍വേയുടെ അവകാശവാദം. ഫോണ്‍ ചെയ്യുന്നതിനു പുറമേ എസ്എംഎസ്, ഇന്റര്‍നെറ്റ് സൗകര്യങ്ങളും ലഭ്യമാക്കും. ലോക്കോ പൈലറ്റുകള്‍, ഗാര്‍ഡുകള്‍, സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ഈ പദ്ധതിയില്‍ മുന്‍ഗണന നല്കി മൊബൈല്‍ കണക്ഷനുകള്‍ നല്കുക. ഇവര്‍ തമ്മില്‍ വിളിക്കുന്ന കോളുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. ഈ പദ്ധതി നടപ്പാക്കുന്നതിലുള്ള മുഴുവന്‍ ചെലവും റെയില്‍വേ വഹിക്കുമെന്നും കരാറിലുണ്ട്. 

എന്നാല്‍ അംബാനിയുടെ ജിയോ കണക്ഷന്‍ നേടുന്നവരെല്ലാം അവരുടെ ജിയോ ഫോണ്‍ വാങ്ങണമെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ പാലിക്കാന്‍ അംബാനി ഗ്രൂപ്പ് നിര്‍ബന്ധം പിടിച്ചാല്‍ റെയില്‍വേക്ക് അതിനു വഴങ്ങേണ്ടിവരും. കണക്ഷന്‍ നല്കുന്നതിനുള്ള തങ്ങളുടെ വ്യവസ്ഥകളെല്ലാം പാലിക്കണമെന്ന് കരാറില്‍ പറയുന്നുണ്ട്. ആ വ്യവസ്ഥയില്‍ ജിയോ ഫോണുകള്‍ വാങ്ങണമെന്നതും ഉണ്ടാകും. എങ്കില്‍ ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്കു ജിയോ ഫോണുകള്‍ വിറ്റഴിക്കാനുള്ള വിപണിയുമാകും.
ജിയോയുടെ ഈ വ്യവസ്ഥയ്ക്കു വഴങ്ങിയാല്‍ 7000 കോടിയില്‍പ്പരം ജിയോ ഫോണുകളാണ് ജീവനക്കാര്‍ക്കിടയില്‍ വിറ്റഴിക്കപ്പെടുക. ഈ ഫോണുകള്‍ വാങ്ങാന്‍ റെയില്‍വേയോ ജീവനക്കാരോ നിര്‍ബന്ധിതരാവുമെന്നു ചുരുക്കം. എങ്കില്‍ 200 കോടിക്ക് താഴെയുള്ള ഒരു കരാറിന്റെ ഫലമായി 7000 കോടി രൂപയായിരിക്കും അംബാനിയുടെ കീശയിലെത്തുക. കോര്‍പറേറ്റ് പ്രീണനം കേന്ദ്ര നയമായതിനാല്‍ അടുത്ത വര്‍ഷത്തെ പുതുക്കുന്ന കരാറിലും ബിഎസ്എന്‍എല്ലിനെ വേലിക്കു പുറത്തുതന്നെ നിര്‍ത്തുമെന്ന സൂചനയും ശക്തം. 

Eng­lish Sum­ma­ry: Ambani wins the con­tract after beat­ing BSNL

You may also like this video

YouTube video player

TOP NEWS

April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025
April 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.