19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 12, 2024
June 5, 2024
May 20, 2024
January 4, 2024
January 3, 2024
October 30, 2023
October 18, 2023
October 4, 2023
August 9, 2023
August 7, 2023

സര്‍വ്വകലാശാല നിയമങ്ങളില്‍ ഭേദഗതി; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Janayugom Webdesk
തിരുവനന്തപുരം
November 30, 2022 4:24 pm

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലറുടെ സ്ഥാനത്ത് പ്രശസ്തനായ വിദ്യാഭ്യാസ വിദഗ്ധനെ നിയമിക്കുന്നതിന് സര്‍വകലാശാലാ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തുന്ന നിയമ നിര്‍മ്മാണത്തിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കേരള, മഹാത്മാഗാന്ധി, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, ശങ്കരാചാര്യ, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല, കേരള ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല, കേരള കാര്‍ഷിക സര്‍വകലാശാല, കേരള വെറ്ററിനറി അനിമല്‍ സയന്‍സ് സര്‍വകലാശാല, കേരള ഫിഷറീസ് & ഓഷ്യന്‍ സ്റ്റഡീസ്, കേരള ആരോഗ്യ സര്‍വകലാശാല, എ.പി.ജെ.അബ്ദുള്‍കലാം സര്‍വകലാശാല എന്നീ സര്‍വകലാശാലാ നിയമങ്ങളിലാണ് ഭേദഗതി വരുത്തുക. നിയമിക്കപ്പെട്ടുന്ന ചാന്‍സലർക്കെതിരെ ഗുരുതരമായ പെരുമാറ്റ ദൂഷ്യ ആരോപങ്ങൾ ഉണ്ടായാൽ ചുമതലകളില്‍ നിന്ന് നീക്കം ചെയ്യുന്നതിന് സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്ജായിരുന്ന ഒരാള്‍ നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കുമെന്നും കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്. 

മറ്റ് മന്ത്രി സഭാ തീരുമാനങ്ങള്‍:

യങ്ങ് ഇന്നവേഷന്‍ പ്രോഗ്രം 2022 

കേരള ഡെവലപ്പ്മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്‍റെ (കെ-ഡിസ്ക്) മുന്‍നിര പദ്ധതിയായ യങ്ങ് ഇന്നവേഷന്‍ പ്രോഗ്രം 2022, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സര്‍വ്വകലാശാകളുടെയും മറ്റ് ഏജന്‍സികളുടെയും സമ്പൂര്‍ണ്ണ സഹകരണത്തോടെ സംസ്ഥാനത്ത് നടപ്പാക്കാന്‍ തീരുമാനിച്ചു. 

ഹാന്‍വീവില്‍ ഓഹരി മൂലധനം ഉയര്‍ത്തും

കേരള സംസ്ഥാന ഹാന്‍ഡ്ലൂം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍റെ (ഹാന്‍വീവ്) അംഗീകൃത ഓഹരി മൂലധനം 50 കോടി രൂപയില്‍ നിന്ന് 60 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. 

അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:40

സംസ്ഥാനത്തെ എയ്ഡഡ് ഹൈസ്കൂളുകളില്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 2022–23 അക്കാദമിക വര്‍ഷത്തേക്ക് കൂടി
1:40 ആയി നിലനിര്‍ത്താന്‍ തീരുമാനിച്ചു.

കോഴിക്കോട് ജില്ലയില്‍ ഓര്‍ഗന്‍ & ടിഷ്യൂ ട്രാന്‍സ്പ്ലാന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ തീരുമാനിച്ചു. പോണ്ടിച്ചേരിയിലെ ജിപ്മറില്‍ (Jawa­har­lal Insti­tute Of Post­grad­u­ate Med­ical Edu­ca­tion And Research) സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ററോളജി വിഭാഗം പ്രൊഫസറായ ഡോ.ബിജു പൊറ്റക്കാട്ടിനെ പ്രസ്തുത ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കാന്‍ തീരുമാനിച്ചു. 

2022ലെ പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബില്‍ അംഗീകരിച്ചു. 

കേരള സഹകരണ സംഘം നിയമം, 1969 സമഗ്രമായി പരിഷ്ക്കരിച്ച് ഭേദഗതി ചെയ്യുന്നതിനുള്ള നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. നിയമ ഭേദഗതി നിര്‍ദേശങ്ങള്‍ ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു.

കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ കീഴില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് 1515 കോടി രൂപയുടെ എസ്റ്റിമേറ്റ് ചെലവില്‍ 1175 കോടി രൂപ കിഫ്ബി ഫണ്ടിങ്ങിലൂടെയും (ബജറ്റ് പ്രഖ്യാപനത്തിനുള്ള തുകയില്‍ പരിമിതപ്പെടുത്തേണ്ടതാണെന്ന നിബന്ധനയോടെ) ബാക്കി തുക വ്യവസായ പങ്കാളികളുള്‍പ്പെടെയുള്ള മറ്റ് സ്രോതസുകളില്‍ നിന്നും കണ്ടെത്തിയും സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു. 

രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയിലെ സ്ഥിരം തസ്തികകള്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ശമ്പള പരിഷ്ക്കരണം നല്‍കാന്‍ തീരുമാനിച്ചു. 

കോവളം ബേക്കല്‍ ജലപാത വികസനത്തിന്‍റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം നദിയെയും ചിത്താരി നദിയെയും ബന്ധിപ്പിച്ചു കൊണ്ട് കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കൃത്രിമ കനാലിനും നമ്പിയാരിക്കല്‍ ഭാഗത്ത് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന നാവിഗേഷന്‍ ലോക്കിനും വേണ്ടി ആകെ 44.156 ഹെക്ടര്‍ ഭൂമി കിഫ്ബി ധനസഹായത്തോടെ ഏറ്റെടുക്കുന്നതിനും, അതിനായി ഫെയര്‍വാല്യുവിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ 178,15,18,655/രൂപയുടെ എസ്റ്റിമേറ്റിനും ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.

1963 ലെ കെജിഎസ്ടി നിയമത്തിലെ സെക്ഷന്‍ 10 പ്രകാരം ഡിസ്റ്റിലറികള്‍ക്ക് ഈടാക്കുന്ന ടേണ്‍ ഓവര്‍ ടാക്സ് ഒഴിവാക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനും തുടര്‍ന്ന് കെജിഎസ്ടി നിരക്ക് 4 ശതമാനം വര്‍ധിപ്പിക്കുന്നതിനുള്ള കെജിഎസ്ടി നിയമ ഭേദഗതിക്കായുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിക്കാനും തീരുമാനിച്ചു. 

ധനസഹായങ്ങള്‍

Acute Lym­phoblas­tic Leukemia (BALL) എന്ന ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം ജില്ലയില്‍ ആര്‍ വി ഭവനില്‍ വിമുക്തഭടനായ വിജയകുമാര്‍ .വി. യുടെ മകന്‍ വിമല്‍ ആര്‍ വി യുടെ ചികിത്സയ്ക്കായി വാര്‍ഷിക വരുമാന പരിധി സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥയില്‍ ഇളവ് നല്‍കിക്കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 1 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു. കേരള സര്‍ക്കാരിന്‍റെ കാരൂണ്യ ബെനവലന്‍റ് ഫണ്ടില്‍ നിന്നും 2 ലക്ഷം രൂപ നേരത്തെ അനുവദിച്ചതിന് പുറമെയാണിത്. 

ദുരഭിമാക്കൊലപാതകം മൂലം ഭര്‍ത്താവ് മരണപ്പെട്ട പാലക്കാട് തേങ്കുറിശ്ശി വിലേജില്‍ എളമന്ദം ആനന്ദ് നിവാസില്‍ പി ഹരിതയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനിച്ചു.

Eng­lish Sum­ma­ry: Amend­ment of Uni­ver­si­ty Rules; Cab­i­net approved the draft bill

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.