16 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 1, 2025
December 23, 2024
December 22, 2024
December 16, 2024
December 13, 2024
December 13, 2024
December 9, 2024
December 9, 2024
December 9, 2024

അമേരിക്ക 10 മില്ല്യണ്‍ ഡോളര്‍ തലക്ക് വിലയിട്ട ഭീകരൻ; ആരാണ് സിറിയൻ ഭരണം അട്ടിമറിച്ച ജൂലാനി?

Janayugom Webdesk
ദമാസ്കസ്
December 9, 2024 8:02 pm

സിറിയയിലെ പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ ഭരണം അവസാനിപ്പിച്ച് നാടുകടത്താൻ മുന്നിൽ നിന്ന് പ്രവർത്തിച്ചത് ഒരു 42കാരൻ ആയിരുന്നു.
സിറിയയിൽ അധികാരം പിടിച്ചെടുത്ത വിമതസംഘമായ ഹയാത്ത് തഹ്‌രീർ അൽഷാം അഥവാ എച്ച്ടിഎസിന്റെ നായകൻ അബു മുഹമ്മദ് അൽജുലാനിയാണ് . ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ഇപ്പോൾ ജൂലാനിയിലാണ് . ആരാണ് ജുലാനി?. സിറിയയിൽ ബഷാർ അൽ അസദിന്റെ പിതാവായ ഹാഫിസ് അൽ അസദിന്റെ ഭരണകാലത്ത് ജയിൽ അടയ്ക്കപ്പെടുകയും പിന്നീട് സൗദിയിൽ അഭയം തേടുകയും ചെയ്ത അറബ് ദേശീയവാദിയായ ഹുസൈൻ അൽ ഷറായുടെ മകനാണ് അബു മുഹമ്മദ് അൽ ജുലാനി എന്നു വിളിപ്പേരുള്ള അഹമദ് ഹുസൈൻ അൽഷറാ. 1982‑ൽ സൗദിയിലെ റിയാദിൽ ജനിച്ച ജുലാനി ഏഴാം വയസ്സിൽ കുടുംബത്തിനൊപ്പം സിറിയയിലെ ദമാസ്‌ക്കസിലേക്ക് തിരിച്ചെത്തുകയായിരുന്നു.

2003ൽ അമേരിക്ക ഇറാഖിനെ ആക്രമിച്ചതിനെ തുടർന്ന് ജുലാനി അവിടെയെത്തി അൽ ഖ്വയ്ദയിൽ ചേർന്നു. 2006ൽ അമേരിക്കയുടെ പിടിയിലായ ജുലാനി അഞ്ചു വർഷക്കാലം ജയിലായിരുന്നു. 2011 മാർച്ചിൽ സിറിയയിൽ ബഷാർ അൽ അസദിനെതിരെയുള്ള പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോൾ ജുലാനി സിറിയയിലേക്ക് മടങ്ങി, ജബത്ത് അൽ നുഷ്‌റ എന്ന പേരിൽ അൽ ഖ്വയ്ദയുടെ ഘടകം സ്ഥാപിച്ചു .അബു ബകർ അൽ ബാഗ്ദാദിയുമായി യോജിച്ച് പ്രവർത്തിച്ചെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരണത്തെ തുടർന്ന് 2013ൽ ബന്ധം ഉപേക്ഷിച്ച് അൽ ഖ്വയ്ദയുടെ അയ്മാൻ അൽ സവാഹിരിയിൽ ചേർന്നു . 2016ൽ ഗ്രൂപ്പിനെ ജബത് ഫത്തേ അൽ ഷാം എന്ന് പുനർനാമകരണം ചെയ്യുകയും 2017ൽ പല വിഭാഗങ്ങളുമായി ചേർന്ന് എച്ച് ടി എസ് രൂപീകരിക്കുകയും ചെയ്തു. തുടർന്ന് അൽ ഖ്വയ്ദയിൽ നിന്ന് അകന്ന് മിതവാദി പ്രതിച്ഛായയിലേക്ക് മാറിയ ജുലാനി ഒരു രാഷ്ട്രീയ നേതാവിന്റെ കുപ്പായം അണിയുകയായിരുന്നു. നീളൻ കുപ്പായവും താടിയും ഉപേക്ഷിച്ചു. സ്ത്രീകൾക്ക് ശിരോവസ്ത്രം നിർബന്ധം അല്ലെന്നും ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്നും പറയുന്നുണ്ടെങ്കിലും ആത്യന്തികമായി ജുലാനിയുടെ ലക്ഷ്യം അൽ ഖ്വയ്ദയുടേത് തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോവിഡ് 19, ഉക്രെയ്ന്‍ യുദ്ധം, ഇഡ്‌ലിബിലെ പ്രശ്‌നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അഞ്ച് വര്‍ഷത്തോളം എച്ച്ടിഎസിന്റെ പ്രവര്‍ത്തനം അത്ര സജീവമല്ലായിരുന്നു. ലെബനനിലെ മാധ്യമസ്ഥാപനമായ അല്‍-മനാറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തിന്റെ ഭരണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് അവര്‍ സിറിയയില്‍ വേരുറപ്പിച്ചത്. എച്ച്ടിഎസിന്റെ പുനരുജ്ജീവനം ചില വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. അസദിന്റെ പതനം ഐഎസുമായും അൽ ഖ്വയ്ദയുമായും ബന്ധമുള്ള ഗ്രൂപ്പുകളെ ശാക്തീകരിക്കുമെന്ന് ചിലർ മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍ സിറിയയിലെ ഏറ്റവും ശക്തമായ സായുധ പ്രതിപക്ഷ സേനയാണ് എച്ച്ടിഎസ്. ഇറാഖില്‍ നിന്ന് ആറുപേരുമായാണ് ജുലാനി തന്റെ സംഘടനയ്ക്ക് രൂപം കൊടുത്തത്. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അംഗസംഖ്യ 5000 ആയി ഉയര്‍ന്നു. 2022ല്‍ വടക്കുപടിഞ്ഞാറന്‍ സിറിയന്‍ പ്രവിശ്യയായ ഇഡ്‌ലിബില്‍ എച്ച്ടിഎസ് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. സാല്‍വേഷന്‍ ഗവണ്‍മെന്റ് എന്ന പേരില്‍ ഒരു സിവിലിയന്‍ ഭരണകൂടത്തിന് ജുലാനി രൂപം നല്‍കി. വിമത സേന ഡമാസ്‌കസിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ സിറിയയിലെ വിശ്വസനീയമായ ഭരണകൂടമായും ആഗോള തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയായി എച്ച്ടിഎസിനെ മാറ്റുവാനാണ് ജുലാനി ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.