22 December 2024, Sunday
KSFE Galaxy Chits Banner 2

ഒരു അമേരിക്കന്‍ കാന്തല്ലൂർ പ്രണയം

ബിനോയ് ജോർജ് പി
March 5, 2023 7:04 pm

അമേരിക്കയിലെ ന്യൂയോർക്കിൽ നിന്നും ആറ് മണിക്കൂറിലധികം കാറിൽ സഞ്ചരിച്ചാൽ സെന്റ് ലോറൻസ് കൗണ്ടിയിലെ ഗവനുർ എന്ന കൊച്ചുഗ്രാമത്തിലെത്തും. ഈ ഗ്രാമത്തിൽ നിന്നാണ് ആൻഡ്രൂ ഷെൽട്ടനും ഭാര്യ ജോയ് ഷെൽട്ടനും കേരളത്തിലെ കാന്തല്ലൂരിലേക്ക് എത്തുന്നത്. കേരളത്തിലെ കാശ്മീർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പഴങ്ങളുടെ നാട്ടിലേക്ക് എഴുപത്തിയേഴ് വയസ്സുള്ള ആൻഡ്രുവും എഴുപത്തിനാലുകാരിയായ ജോയും ആദ്യം എത്തിയത് 1969ൽ ആണ് എന്നറിയുമ്പോഴാണ് വിസ്മയം വർദ്ധിക്കുന്നത്. പിന്നീട് കൊവിഡ് കാലത്തൊഴികെ കാന്തല്ലൂരിന്റെ മാസ്മരിക സൗന്ദര്യം നുകരാൻ ഈ ദമ്പതികൾ വർഷാവർഷം എത്തിക്കൊണ്ടിരുന്നു. ഇവർക്കിതൊരു ആത്മീയ പ്രകൃതി-പ്രണയ യാത്രയാണ്. വന്യവും ശുദ്ധവുമായ പ്രകൃതിയാണ് ഇവരെ ഇവിടേക്ക് ആകർഷിച്ചുക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ മറ്റൊരിടവും ഇത്രയേറെ സ്വാസ്ഥ്യവും തൃപ്തിയും നൽകിയിട്ടില്ലെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ഇടുക്കി ജില്ലയിലെ കാന്തല്ലൂരിന്റെ വശ്യപ്രകൃതിയുടെ മാസ്മരികത വീണ്ടും വീണ്ടും തിരിച്ചുവിളിച്ചുക്കൊണ്ടിരിക്കുകയാണിവരെ. 

അരനൂറ്റാണ്ടു മുൻപ് ഇവർ ആദ്യമെത്തുമ്പോൾ കാന്തല്ലൂരിലേക്കുള്ള അവസാന ബസ് വൈകിട്ട് അഞ്ചിനെത്തും. ഹോട്ടലോ ഹോംസ്റ്റേകളോ ഇല്ല. ജനങ്ങൾ സത്യസന്ധരും നന്മയുള്ളവരുമായിരുന്നു. കാന്തല്ലൂരിൽ ഇന്ന് ഹോംസ്റ്റേകൾ മാത്രം 200ൽ അധികമുണ്ട്. വലിയമാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞെങ്കിലും ആൻഡ്രൂവിന് തന്റെ രണ്ടാമത്തെ വീടായ കാന്തല്ലൂരിനെ ഉപേക്ഷിക്കാനാവില്ല. സുഖകരമായ തണുത്ത കാലാവസ്ഥയും ശാന്തമായ അന്തരീക്ഷവും വൃക്ഷങ്ങളും നിറഞ്ഞ പ്രദേശം. ലോകം മുഴുവൻ സഞ്ചരിച്ചിട്ടുള്ള ദമ്പതികൾക്ക് കാന്തല്ലൂരിനൊപ്പം മികച്ചൊരു സ്ഥലം മറ്റൊരിടത്തും കണ്ടെത്താനായിട്ടില്ല. ഇന്ത്യയിലെ തന്നെ കൊടക്, ഉഡുപ്പി പോലുള്ള സ്ഥലങ്ങളും ഇഷ്ടമാണ്. കാന്തല്ലൂരിന്റെ മാറ്റങ്ങൾക്ക് പ്രധാന കാരണമായി ഇവർ പറയുന്നത് ‘മൂന്നാർ ഇഫ്ക്ട്’ ആണ്. മൂന്നാർ എന്ന ചെറിയ വിനോദസഞ്ചാരകേന്ദ്രത്തിന് താങ്ങാവുന്നതിലും അധികമാളുകൾ എത്തിത്തുടങ്ങിയതോടെ, ഇത് കാന്തല്ലൂരിലേക്കും വ്യാപിച്ചു. ടൂറിസത്തിന് കൃഷി വഴിമാറിക്കൊണ്ടിരിക്കുന്നു. ഓറഞ്ചും ആപ്പിളും സ്ട്രോബറീസും പാഷൻഫ്രൂട്ടും, കാബേജും റാഡിഷും ഉരുളക്കിഴങ്ങും പീസും കാരറ്റുമെല്ലാം ധാരാളമായി ഇവിടെ വിളയുന്നു. ഫലഭൂയിഷ്ഠമായ മണ്ണും പ്രത്യേക കാലാവസ്ഥയും കേരളത്തിൽ സുലഭമല്ലാത്ത പഴവർഗങ്ങൾക്കും പച്ചക്കറികൾക്കും സമൃദ്ധമായ വിളവുനൽകുന്നു. ഈ സവിശേഷതകളാണ് മാസങ്ങളോളം ഇവരെ ഇവിടെ പാർപ്പിക്കുന്നത്. 

കാന്തല്ലൂരിലെ നാട്ടുവഴികളിൽ ഖദറിന്റെ വെള്ളമുണ്ടും കോട്ടൻ ഷർട്ടും ചുരിദാറും അണിഞ്ഞ ഈ ദമ്പതികളെ കണ്ടേക്കാം. മറ്റു പല വൃദ്ധജനങ്ങളിൽ നിന്നും വ്യത്യസ്തരായി, യാത്രകളുടെ വൈവിധ്യവും അനുഭവവുമാണ് ജീവിതത്തിന്റെ ഈടുവെയ്പ്പുകൾ എന്ന തിരിച്ചറിവിലാണ് ഇവര്‍ സഞ്ചാരം തുടരുന്നത്. ലോക സഞ്ചാരത്തിലൂടെ പ്രാപ്തമാകുന്ന അറിവിനോളം മറ്റൊന്നുമില്ലെന്ന് ഇവർ ബോധ്യപ്പെടുത്തുന്നു. ഉപഭോക്തൃ സംസ്കാരത്തിന്റെ വലിയ പിടിയിലകപ്പെടാതെ ഒഴിഞ്ഞു നിൽക്കുന്ന ഇവർക്ക് യാത്ര ചെയ്യാനും ജീവിക്കാനും ചെറിയ സൗകര്യങ്ങൾ മാത്രം മതി. മറ്റു പല വിദേശികളെയും പോലെ എടുക്കാചുമടുമായല്ല ഇവരെത്തുന്നത്. വാച്ചു പോലുമില്ല, മൊബൈൽ ഉപയോഗിക്കാൻ തുടങ്ങിയിട്ടും കുറച്ചുവർഷങ്ങൾ മാത്രം. അതും പരിമിതമായി. യാത്രകളെല്ലാം അവർ അവരിലേക്ക് തന്നെ നടത്തുന്ന തീർത്ഥാടനങ്ങളാണ്. ഒന്നും മലിനമാക്കുന്നതിനോ അത്തരം ഇടങ്ങളിൽ അധികം തങ്ങാനോ അവരിഷ്ടപ്പെടുന്നില്ല. 

മൊബൈലിനെയും കൃഷിയെയും വാഹനപ്പെരുപ്പത്തെയും പറ്റി ആൻഡ്രൂ ഷെൽട്ടൻ സംസാരിച്ചു തുടങ്ങിയപ്പോൾ നമ്മുടെ നാട്ടിലെ സപ്തതി കഴിഞ്ഞ ഏതൊരാളുടെയും വാക്കുകളാണല്ലോ ഈ അമേരിക്കക്കാരന്റെയും എന്നു തോന്നും. ഭാര്യ ജോയ് അതെല്ലാം ശരിവയ്ക്കുന്നു. കാഴ്ചപ്പാടുകളും ആശയങ്ങളും സ്പഷ്ടമാണ്. അത് ഇന്ത്യക്കാരനെപ്പറ്റിയാണെങ്കിലും അമേരിക്കാൻ പ്രസിഡന്റ് ബൈഡനെപ്പറ്റിയാണെങ്കിലും. ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ ആളുകൾക്ക് കൃത്യനിഷ്ഠ ഒട്ടുമില്ലെന്നതാണ് ഇവരുടെ ഒരു പ്രധാന ആരോപണം. ഇത് വല്ലാതെ ബുദ്ധിമുട്ടിക്കാറുണ്ടെന്നും പറയുന്നു. ടാക്സി ഡ്രൈവർ മുതലുള്ളവർ ഒരിക്കലും കൃത്യമായ സമയത്ത് വരില്ല. അത് വലിയ പ്രശ്നമാണ്. ബസിൽ സഞ്ചരിക്കേണ്ടതിനുപകരം എല്ലാവരും കാറുകളുമെടുത്തു റോഡിൽ ഇറങ്ങും. പിന്നെ സർവ്വം ട്രാഫിക് ബ്ലോക്ക്. കാറുകളിൽ മനുഷ്യർ മണിക്കൂറുകൾ കാത്തിരിക്കുകയാണ്. ഇന്ത്യയിൽ എല്ലാവരും വികസനം വികസനം എന്ന് മുറവിളി കൂട്ടുന്നു. പക്ഷേ വികസനം നല്ലതും ചീത്തയുമുണ്ടെന്ന് ആൻഡ്രൂ ഓർമ്മിപ്പിക്കുന്നു. പലയിടത്തും അപകടകരമായ വികസനമുണ്ട്, അത് തിരിച്ചറിയാൻ കഴിയണം. മൊബൈൽ ഇന്ന് നിങ്ങളുടെ ശരീരത്തിന്റെ ഭാഗമായി കഴിഞ്ഞു. നിങ്ങളുടെ കുട്ടികൾ അമിതമായി അത് ഉപയോഗിക്കുന്നു. അതൊരു പരിധിയിൽ കൂടുതൽ ഉപയോഗിക്കാതിരിക്കാൻ ഭൂരിഭാഗത്തിനും സാധിക്കുന്നില്ല. നിങ്ങൾക്കും കുട്ടികൾക്കും അത് ഇത്രമാത്രം ആവശ്യമുള്ളതാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. കൈക്കൂലി ആവശ്യപ്പെടുന്ന പൊലീസുകാരൻ ചോദിക്കുന്നത് വിവാഹ സർട്ടിഫിക്കറ്റാണ്, എന്താണ് വിവാഹ സർട്ടിഫിക്കറ്റിന്റെ ആവശ്യമെന്ന് ജോയ് ചോദിക്കുന്നു. ഇവിടെ പല ക്യൂവിലും മുന്നിലെത്താൻ കൈക്കൂലി നൽകിയാൽ മതി. ഇത്തരത്തിൽ ചില കുഴപ്പങ്ങൾ ഇവിടെയുണ്ടെങ്കിലും പൊതുവേ ഇന്ത്യയെ ഈ ദമ്പതികൾക്ക് വളരെ ഇഷ്ടം തന്നെ. 

വൃദ്ധർക്ക് കൂടുതൽ പരിഗണന നൽകുന്ന സമൂഹമാണ് ലോകത്ത് ഉള്ളത്. അമേരിക്കയിൽ വൃദ്ധരെ റോഡരികിലെ പരസ്യ ബോർഡുകളിൽ കാണാൻ കഴിയില്ല. എന്നാൽ ഇന്ത്യയിൽ അത് കാണാം. മാത്രമല്ല അപ്പൂപ്പനും അമ്മൂമ്മയും ചേർന്നാണ് മക്കളുടെ കുട്ടികളെ സംരക്ഷിക്കുന്നത്. അവരെ മക്കളും സംരക്ഷിക്കുന്നു. കുടംബവ്യവസ്ഥ അമേരിക്കയിൽ നിന്നും വ്യത്യസ്തമാണ്. അമേരിക്കയിൽ കുട്ടികൾ ജനിച്ചാൽ അവർക്ക് അംഗവൈകല്യങ്ങളോ മറ്റു പ്രശ്നങ്ങളോ ഉണ്ടോ എന്നാണ് ആദ്യം പരിശോധിക്കുക. ഇന്ത്യയിൽ ആദ്യം ശ്രദ്ധിക്കുക ലിംഗവും നിറവുമാണെന്ന് ഇവർ പറയുന്നു. കറുപ്പോ വെളുപ്പോ? ഇത് വളരെ പ്രകടമാണ്. പാതയോരത്തെ വലിയ ബോർഡുകളിൽ തൊലിയുടെ നിറം വെളുത്തതാകാനുള്ള ഉല്പന്നങ്ങളുടെ പരസ്യങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്. ലോകത്തെല്ലായിടത്തും സ്വന്തം സ്വത്വത്തിലും തനിമയിലും നിലനിൽക്കാനായി ജനങ്ങൾ ആഗ്രഹിക്കുമ്പോഴാണ് ഇവിടെ ഇത്തരം പരസ്യങ്ങൾ നിറയുന്നതെന്ന് ജോയ് ഷെൽട്ടൻ പറയുന്നു.

ന്യൂയോർക്ക് സ്റ്റേറ്റിലെ ഉൾനാടൻ ഗ്രാമമായ ഗവനുരിൽ പച്ചക്കറി — ക്ഷീരകർഷകരായിരുന്നു ഇവർ. അയ്യായിരത്തിൽ താഴെ ജനസംഖ്യയുള്ള ഈ പ്രദേശത്തെ പ്രധാന തൊഴിൽ കൃഷി തന്നെ. ഡയറിഫാമും നല്ല രീതിയിൽ നടത്തിയിരുന്നു. പാൽ തരുന്ന 70 ഓളം പശുക്കളും 160 ഓളം മറ്റു മൃഗങ്ങളും ഉണ്ടായിരുന്ന കൃഷിയിടത്തിൽ ഇപ്പോൾ ഒന്നുമില്ല. കൃഷി ഉപേക്ഷിക്കേണ്ടി വന്നു. ചെറു കർഷകർക്ക് അമേരിക്കയിൽ നിലനിൽപ്പില്ല. വൻകിട കോർപ്പറേറ്റുകൾക്ക് മാത്രമാണ് അവിടെ നിലനിൽക്കാനാകൂ. വ്യവസായങ്ങളോ മറ്റു സംരംഭങ്ങളോ ഇല്ല, തൊഴിൽതേടി എല്ലാവരും നഗരത്തിലേക്ക് യാത്ര തിരിക്കുന്നു. ലോകത്ത് എല്ലായിടത്തെയും പോലെ അമേരിക്കയിലും അസമത്വവും വർണ വെറിയും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ട്. മക്കൾക്ക് കൃഷിയിൽ ഒട്ടും താല്പര്യമില്ല. മകൾ റിയൽ എസ്റ്റേറ്റ് മേഖലയിലും മകൻ ഹിൽ ക്ലൈംബിംഗ് ഉല്പന്നങ്ങളുടെ വില്പനകാരനും ഹിൽ ക്ലൈംബിങ് പരിശീലകനുമാണ്. 

പാരമ്പര്യ സ്വത്തും അമേരിക്കയിൽ ലഭിക്കുന്ന സാമൂഹ്യ സുരക്ഷ പെൻഷനുമാണ് ജീവിത യാത്രയ്ക്കായി ഈ ദമ്പതികൾ വിനിയോഗിക്കുന്നത്. അമേരിക്കയിൽ പ്രണയ വിവാഹങ്ങളും വിവാഹമോചനങ്ങളും സർവ്വസാധാരണം. വിവാഹമോചനത്തിന്റെ കണക്ക് അമ്പത് ശതമാനം ആണ്. ഇവിടെ കൂടുതൽ അറേഞ്ച്ഡ് മാരേജുകളാണ്. വിവാഹമോചനത്തിന്റെ ശതമാനം കുറവാണ്. ഇന്ത്യയിൽ സ്ത്രീകൾക്ക് ലഭിക്കുന്ന പരിഗണന വളരെ കുറവാണെന്നുള്ള അഭിപ്രായക്കാരാണ് ഭാര്യയും ഭർത്താവും. ആൺകുട്ടികൾക്ക് വലിയ പരിഗണനയാണ് എപ്പോഴും നൽകുന്നത്. അവർ എന്ത് ചെയ്താലും നിങ്ങൾ അതെല്ലാം അംഗീകരിച്ചു നൽകുന്നു. പെൺകുട്ടികളുടെ കാര്യത്തിൽ മറിച്ചും. ഇതൊരു പൊതു ബോധത്തിന്റെ പ്രശ്നമാണെന്ന് വ്യക്തമാക്കുവാൻ, ഈ സംഭാഷണം തന്നെ അവർ ഉപയോഗിച്ചു. ഏറ്റവും അധികം ചോദ്യങ്ങൾ ഉന്നയിച്ചതും കൂടുതൽ സംസാരിച്ചതും നിങ്ങൾ ആൻഡ്രുവിനോടായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടിയത് യാഥാർത്ഥ്യം തന്നെയായിരുന്നു!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.