
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്‍ക്ക് 25% നികുതി ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ കേന്ദ്ര തൊഴിലാളി സംഘടനകളും സംയുക്ത കിസാന്‍ മോര്‍ച്ചയും പ്രതിഷേധിച്ചു. യുഎസ് നടപടി നഗ്നമായ സാമ്പത്തിക ബലപ്രയോഗമാണെന്നും, തലതിരിഞ്ഞ നയത്തിനെതിരെ ഈമാസം 13ന് ദേശ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. 25% നികുതിക്ക് പുറമേ പിഴയും ചുമത്താനുള്ള തീരുമാനം അമേരിക്കന്‍ നയങ്ങളുടെ കാപട്യമാണ് തുറന്നുകാട്ടുന്നത്. റഷ്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കണമെന്ന ട്രംപിന്റെ ആജ്ഞ പരമാധികാര രാജ്യമായ ഇന്ത്യയോട് വിലപ്പോവില്ല. പരമാധികാര രാഷ്ട്രങ്ങളെ ഭീഷണിപ്പെടുത്താന്‍ ട്രംപ് താരിഫുകള്‍ ആയുധമാക്കുകയാണ്. ഭീഷണിക്ക് മുന്നില്‍ മോഡി സര്‍ക്കാര്‍ കീഴ്പ്പെടല്‍ നടത്തുന്നത് ആശങ്കാജനകമാണ്. താരിഫ് ഭീഷണി അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം.
റഷ്യ ഉള്‍പ്പെടയുള്ള ലോക രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം തുടരാന്‍ ഇന്ത്യക്ക് പരമാധികാരമുണ്ടെന്ന് ട്രംപിനെ ബോധ്യപ്പെടുത്തണം. ഇന്ത്യ — ബ്രിട്ടന്‍ സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ പുനഃപരിശോധിക്കണം. കോര്‍പറേറ്റ് ചൂഷണം വര്‍ധിപ്പിക്കുന്ന ഇന്ത്യ — യുഎസ് വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിസി, ടിയുസിസി, സേവ, എഐഡബ്ല്യുസി, എല്‍പിഎഫ്, യുടിയുസി, സംയുക്ത കിസാന്‍ മോര്‍ച്ച എന്നിവ സംയുക്തമായാണ് ദേശവ്യാപക പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.