27 March 2025, Thursday
KSFE Galaxy Chits Banner 2

അമേരിക്കയുടെ താരിഫ് അപാരത

വി പി രാധാകൃഷ്ണന്‍
March 26, 2025 4:45 am

ലോകമൊട്ടുക്കും ഒരു മൂന്നാം മഹായുദ്ധം വാണിജ്യരംഗത്ത് ആരംഭിച്ചിരിക്കുന്നു എന്നുവേണം കരുതാൻ. രാഷ്ട്രങ്ങളെല്ലാം ലോകക്രമത്തിൽ തങ്ങളുടെ വാണിജ്യ താല്പര്യങ്ങളെ മുൻനിർത്തിക്കൊണ്ട് സ്ഥായിയായി നിലനിന്നിരുന്ന നിലപാടുകളിൽ വലിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. അതിൽ ഏറെ പ്രാധാന്യത്തോടെ നോക്കിക്കാണേണ്ടത് ലോകരാഷ്ട്രങ്ങളോടുള്ള അമേരിക്കൻ നയവും സമീപനവുമാണ്. ഇവിടെ സൗഹൃദങ്ങൾക്ക് യാതൊരു പരിഗണനയുമില്ല, കച്ചവടം മാത്രം. പ്രത്യക്ഷത്തിൽ നോക്കിയാൽ നയതന്ത്രജ്ഞതയ്ക്ക് ഒരു പ്രാധാന്യവും നൽകാതെ വാണിജ്യലാഭവും സമ്പത്തും മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ള നയപരിപാടികൾക്കാണോ അമേരിക്ക ഇപ്പോൾ മുൻതൂക്കം നൽകുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു. 

അമേരിക്കയുടെ പണപ്പെരുപ്പം പൂജ്യത്തിൽ ആക്കുമെന്നും നികുതി വരുമാനം വിസ്മയകരമാംവണ്ണം വർധിപ്പിക്കുമെന്നും അത്തരത്തിൽ വർധിക്കുന്ന നികുതി വരുമാനം നികുതിയിൽ ഇളവ് നൽകിക്കൊണ്ട് രാജ്യത്തെ ലോകരാഷ്ട്രങ്ങളുടെ മുന്നിൽ ഒന്നാമതാക്കി നിലനിർത്തുമെന്നുമുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രസിഡന്റ് ട്രംപിനെ വല്ലാത്തൊരു വൈതരണിയിലാണ് ഇന്ന് കൊണ്ടെത്തിച്ചിരിക്കുന്നത്. അമേരിക്കയുമായി വാണിജ്യം നടത്തുന്ന എല്ലാരാജ്യങ്ങളെയും അലോസരപ്പെടുത്തുന്ന രീതിയിലുള്ള താരിഫ് അല്ലെങ്കിൽ ഇറക്കുമതിച്ചുങ്കം ചുമത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് തുടരെ ട്രംപിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. വീണ്ടുവിചാരമില്ലാത്ത ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് വ്യക്തമായി അമേരിക്കതന്നെ പ്രഖ്യാപിച്ചിട്ടുമില്ല. എങ്കിലും ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രസ്താവനകളിലൂടെ അനധികൃത കുടിയേറ്റവും മയക്കുമരുന്ന് വ്യാപനവുമാണ് അയൽ രാജ്യങ്ങളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും എതിരെ ഏർപ്പെടുത്തിയ താരിഫ് വർധനയുടെ മുഖ്യകാരണങ്ങൾ എന്ന് പരോക്ഷമായി പറഞ്ഞുവയ്ക്കുന്നു.

കൂടാതെ അമേരിക്കയും മറ്റ് രാജ്യങ്ങളും തമ്മിൽ രൂപം കൊണ്ടിട്ടുള്ള വലിയ വ്യാപാര വിടവ് പരിഹരിക്കാനാണ് ഈ പ്രഖ്യാപിത താരിഫ് കൊണ്ടുദ്ദേശിക്കുന്നത് എന്ന വാദവും ഉയർത്തുന്നു. അങ്ങനെയെങ്കിൽ ഇത്തരം തീവ്രമായ നടപടികൾ സ്വീകരിക്കേണ്ടിവരുന്നത് രാഷ്ട്രീയപരമായ കാരണങ്ങൾ കൊണ്ടുതന്നെയാണല്ലോ. എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലെയുള്ള നടപടിയല്ലേ അമേരിക്ക സ്വീകരിക്കുന്നത് എന്ന് ചിന്തിച്ചാൽ കുറ്റം പറയാനാകില്ല. കാരണം ഏതൊരു രാജ്യവും അവരുടെ അടിസ്ഥാന സാമ്പത്തിക — വാണിജ്യ നയങ്ങളിൽ മാറ്റം ആഗ്രഹിക്കുന്നതും വരുത്തുന്നതും തങ്ങളുടെ സമ്പദ്ഘടനയുടെ നിലനില്പിനെ സംരക്ഷിച്ചുനിലനിർത്തുന്നതിനോ മുന്നോട്ട് നയിക്കുന്നതിനോ വേണ്ടിയാണല്ലോ. എന്നാൽ ഇപ്പോൾ അമേരിക്ക ലക്കും ലഗാനുമില്ലാതെ ഭീമമായി — 10 ശതമാനം മുതൽ 25 ശതമാനം വരെ — ഏർപ്പെടുത്തിയിരിക്കുന്ന ഇറക്കുമതി ചുങ്കം അവരെത്തന്നെ തിരിഞ്ഞുകൊത്തുമോ എന്ന് കരുതേണ്ടിയിരിക്കുന്നു.
ഭക്ഷ്യധാന്യങ്ങളും മറ്റ് ഭക്ഷ്യ പദാർത്ഥങ്ങളും ഒഴികെ ഒരുവിധം എല്ലാ വസ്തുക്കളും അമേരിക്ക തന്നെ മറ്റ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നസാഹചര്യമാണ്. അതുകൊണ്ടുതന്നെ അവരുടെ വ്യാപാര സന്തുലിതാവസ്ഥയെ കീഴ്മേൽ മറിക്കുന്ന ഒരു പ്രഖ്യാപനമായേ താരിഫ് വർധനയെ ഇപ്പോൾ വീക്ഷിക്കാൻ കഴിയൂ. പ്രകൃതിവാതകത്തിന് യുഎസ് ആശ്രയിക്കുന്നത് കാനഡയെയും മെക്സിക്കോയെയും ആണെന്നിരിക്കെ അവർക്കുമേലുള്ള ചുങ്കം ചുമത്തൽ, അവരുടെ കയറ്റുമതി ചൈന, ഇന്ത്യ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലേക്കും ചില യൂറോപ്യൻ രാജ്യങ്ങളിലേക്കും വഴിതിരിഞ്ഞുപോയില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂ.

അമേരിക്കയുടെ 40 ശതമാനം പ്രകൃതിവാതകവും ഇറക്കുമതി ചെയ്യപ്പെടുകയാണ്. അതുപോലെ തന്നെ വൈദ്യുതിയും. വടക്കൻ സംസ്ഥാനങ്ങളെയെല്ലാം വൈദ്യുതീകരിക്കുന്നതിൽ കാനഡയും തെക്കൻ സംസ്ഥാനങ്ങളെ വൈദ്യുതീകരിക്കുന്നതിൽ മെക്സിക്കോയും ജമെെക്കയുമാണ് സഹകരിക്കുന്നത്. ഇത് വെറും വാണിജ്യം മാത്രമല്ല, ദശാബ്ദങ്ങളായി നിലനിന്നുപോരുന്ന സഹകരണത്തിന്റെയും സഹവർത്തിത്വത്തിന്റെയും ചിഹ്നങ്ങളാണ്. കാനഡയും മെക്സിക്കോയും അവരുടെ വൈദ്യുതിവ്യാപാരം വഴിതിരിച്ചുവിട്ടാൽ ഇരുട്ടിലാവുക ന്യൂയോർക്ക് ഉൾപ്പെടെയുള്ള വൻ നഗരങ്ങളാണ്. കാനഡ പ്രകൃതിവാതക കയറ്റുമതിയിൽ മാറ്റം വരുത്തിയാൽ അമേരിക്കയിൽ ഉണ്ടാകാവുന്ന വാണിജ്യ സമ്മർദം ചെറുതൊന്നുമല്ല. 

ഇന്ത്യയുടെ കയറ്റുമതി ഏകദേശം 7,750 കോടി ഡോളറിന്റേതാണെന്നിരിക്കെ ഇറക്കുമതി 4,070 കോടി ഡോളറിൽ എത്തി നിൽക്കുന്നു. അപ്രകാരം രാജ്യത്തിന്റെ കയറ്റുമതി — ഇറക്കുമതിയിൽ 3,680 കോടി ഡോളറിന്റെ അധികവ്യാപാരമാണ് ഇന്ന് ഇന്ത്യക്കുള്ളത്. ഒരു സുരക്ഷിത സ്ഥാനം എന്നുതന്നെ നിർവചിക്കാം. എന്നാൽ ചുങ്കത്തിന്റെ തോത് കൂട്ടുന്നതോടുകൂടി നീക്കിയിരിപ്പ് കൂപ്പ്കുത്തും. ഇതൊരുതരം പിടിച്ചുപറി തന്ത്രം മാത്രം.

ഒരു രാജ്യം മറ്റൊരു രാജ്യത്തുനിന്നും ഇറക്കുമതി ചെയ്യുമ്പോൾ ഏർപ്പെടുത്തുന്ന നികുതിയെയാണ് ഇറക്കുമതി താരിഫ് അഥവാ ഇറക്കുമതി ചുങ്കം എന്നുപറയുന്നത്. ഏതുരാഷ്ട്രവും തങ്ങൾക്കാവശ്യമായ മൊട്ടുസൂചി മുതൽ സൂപ്പർ കമ്പ്യൂട്ടർ വരെയുള്ള സാധനങ്ങൾ ഉല്പാദിപ്പിക്കാൻ കഴിയാത്തിടത്തോളം കാലം ഇറക്കുമതി — കയറ്റുമതി വ്യാപാരത്തെ ആശ്രയിച്ചേ മതിയാകൂ. പല കാരണങ്ങൾ കൊണ്ടും ഒരു രാജ്യത്തിനും ഉല്പാദന കാര്യത്തിൽ സ്വയംപര്യാപ്തത സാധ്യമാകില്ല എന്നിരിക്കെ വിപണിയിലെ പരാശ്രയം അനിവാര്യത തന്നെയാണ്. അങ്ങനെയിരിക്കെ ഉഭയകക്ഷി കൂടിയാലോചനകൾ കൂടാതെ ഏകപക്ഷീയമായി അടിച്ചേല്പിക്കപ്പെടുന്ന ഇത്തരം താരിഫുകൾക്ക് പകരം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ ഏർപ്പെടുത്തുന്ന ചുങ്കത്തെയാണ് ‘പ്രതികാര താരിഫ്’ എന്ന് പറയുന്നത്. പല രാജ്യങ്ങളും ഇന്ന് അമേരിക്കയ്ക്കുമേൽ ഇത്തരം പ്രതികാര താരിഫ് ഏർപ്പെടുത്താൻ നിർബന്ധിതരായിരിക്കുന്നു. പൊടുന്നനെ സംജാതമാകുന്ന ഇത്തരം സന്ദർഭങ്ങളിലാണ് വാണിജ്യ യുദ്ധം രൂപം കൊള്ളുന്നത്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് യൂറോപ്പിൽ രൂപം കൊണ്ട “ചിക്കൻ വാർ” പോലെ ഒന്ന്. 

ഏഷ്യൻ — യൂറോപ്യൻ ആഫ്രിക്കൻ രാജ്യങ്ങൾ തമ്മിലുള്ള ഒരു ശീതവാണിജ്യ യുദ്ധം രൂപം പ്രാപിക്കുന്നത് പരോക്ഷമായി നിരീക്ഷിച്ചാൽ കാണാൻ കഴിയും. ഇതിന്റെ മുന്നോടിയായി അമേരിക്കൻ വിപണിയിൽ വൻ ഉലച്ചിലുകൾ തുടങ്ങിയിരിക്കുന്നു. ഇതുമൂലം മുൻകാല ക്രമത്തിൽ ഇറക്കുമതിയുടെ തോതും കൂടിയിരിക്കുന്നു. കച്ചവട മേഖല ലാഭം കൊയ്യാൻ ഇറക്കുമതികൂട്ടി പൂഴ്ത്തിവയ്പ് തുടങ്ങി എന്ന് സാരം. ഈ പ്രക്രിയ ഏതൊരു രാജ്യത്തിന്റെയും ഇറക്കുമതി — കയറ്റുമതിയുടെ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കും. ഇക്കാരണം കൊണ്ടുതന്നെ അമേരിക്കൻ ജിഡിപി ചുരുങ്ങാൻ തുടങ്ങിയിരിക്കുന്നു. ഉപഭോഗ ചെലവിന്റെ തോത് പൊടുന്നനെ കുറഞ്ഞിരിക്കുന്നു.
അമേരിക്കയുടെ എസ് ആന്റ് പി 500ൽ നാല് ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് ഇതിനോടകം ഉണ്ടായിരിക്കുന്നത്. യുഎസ് ഭരണത്തിൽ ഒരു പ്രത്യേക സർക്കാർ പ്രതിനിധിയുടെ ചുമതല വഹിക്കുന്ന വ്യവസായിയും ലോകത്തിലെ ഒന്നാം നമ്പർ സമ്പന്നനുമായ ഇലോൺ മസ്കിന്റെ ടെസ്‌ലയ്ക്ക് നേരിട്ടത് 15 ശതമാനത്തിന്റെ ഇടിവാണ്. മൊത്തത്തിൽ അമേരിക്കൻ പ്രസിഡന്റായി ട്രംപ് ചുമതലയേറ്റ ജനുവരിയിൽ നാല് ശതമാനം വളർച്ചയുടെ പാതയിൽ നിന്നിരുന്ന ജിഡിപി തോത് പൂജ്യത്തിനുതാഴെ ന്യൂനം ‑2.4 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. ഏതൊരു രാജ്യത്തിന്റെയും വളർച്ചാനിരക്ക് (ജിഡിപി) കണക്കാക്കുന്നത് സി + ഐ + ജി + (എക്സ് ‑എം) എന്ന ഫോർമുലയെ അടിസ്ഥാനമാക്കിയാണ്. അപ്പോൾ പൊടുന്നനെയുണ്ടായ ഈ ന്യൂനതകൾ വിപണിയുടെ വിശ്വാസ്യതയെയും സ്ഥിരതയെയും കാര്യമായി ബാധിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ. 

ഇന്ത്യൻ രൂപയുമായി ഡോളറിന്റെ മൂല്യം ചെറുതായി വർധിച്ചിട്ടുണ്ടെങ്കിലും മറ്റ് നാണ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂല്യം പലേടത്തും കുറഞ്ഞുതുടങ്ങിയിരിക്കുന്നു. ലോക രാഷ്ട്രങ്ങൾക്കിടയിൽ നിലനിൽക്കുന്ന സുസ്ഥിരമായ ഒരു സമ്പദ്ഘടനയെ തന്നെ താറുമാറാക്കാൻ കഴിയുന്ന, ശാസ്ത്രീയത തൊട്ടുതീണ്ടിയിട്ടില്ലാത്ത സാമ്പത്തിക പരിഷ്കാരമായി പരിണമിക്കുമോ ഇന്നത്തെ അമേരിക്കൻ താരിഫ് നയം എന്നും ഭയപ്പെടേണ്ടിയിരിക്കുന്നു. അനിവാര്യമായ തിരുത്തലുകൾക്ക് തയ്യാറാകാതെ തീക്കൊള്ളികൊണ്ട് തല ചൊറിയുന്ന വികടനയം തുടരുകയാണെങ്കിൽ ഒരുപക്ഷെ അമേരിക്കൻ സമ്പദ്ഘടനയെ മറ്റൊരു മാന്ദ്യത്തിലേക്ക് അറിഞ്ഞുകൊണ്ട് തള്ളിവിടുകയാണോ എന്നും കരുതേണ്ടിവരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.